വന്‍കിടക്കാരുടെ വായ്പ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയാണ് ചെയ്തത്: ജയ്റ്റ്‌ലി

വന്‍കിടക്കാരുടെ വായ്പ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയാണ് ചെയ്തത്: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: 500 രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ രാജ്യത്തുണ്ടായ പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരേ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനം. എസ്ബിഐ വിജയ് മല്യ ഉള്‍പ്പടെയുള്ള വ്യവസായികളില്‍ നിന്നു ലഭിക്കേണ്ട 7000കോടിയോളം രൂപ എഴുതിത്തള്ളിയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി എന്ന വാര്‍ത്തകളുടെ സഭയെ പ്രക്ഷുബ്ധമാക്കി. എസ്ബിഐ വന്‍കിടക്കാരുടെ വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും ഇത് എഴുതിത്തള്ളിയതല്ലെന്നുമാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിശദീകരിച്ചു. രേഖകള്‍ സൂക്ഷിക്കുന്നതിനുള്ള എളുപ്പത്തിനു വേണ്ടിയുള്ള നടപടിയാണ് ഇതെന്നും കുടിശിക തിരികെ ലഭിക്കാന്‍ ബാങ്കിന് ഇപ്പോഴും അവകാശമുണ്ടെന്നും ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

വായ്പ തിരിച്ചടവില്‍ മനഃപൂര്‍വ്വം വീഴ്ച്ച വരുത്തിയ വിജയ്മല്യ ഉള്‍പ്പടെ 100 പേരുടെ 7016 കോടി രൂപയുടെ കുടിശ്ശിക എഴുതിത്തള്ളിയതായാണ് റിപ്പോര്‍ട്ട് വന്നത്. മല്യയുള്‍പ്പെടെ 63 പേരുടെ കടം പൂര്‍ണമായും ലഭ്യമല്ലെന്നു കരുതുന്ന വിഭാഗത്തിലേക്ക് മാറ്റിയപ്പോള്‍ 31 പേരുടെ കടം ഭാഗികമായി എഴുതിത്തള്ളുകയാണ് ചെയ്തതെന്നും ആറ് പേരുടേത് നിഷ്‌ക്രിയ ആസ്തിയായി പരിഗണിച്ചുവെന്നും വാര്‍ത്തകള്‍ വ്യക്തമാക്കി. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് (1201 കോടി രൂപ), കെഎസ് ഓയില്‍ (596 കോടി), സൂര്യ ഫാര്‍മസ്യൂ’ിക്കല്‍ (526 കോടി), ഗെറ്റ് എഞ്ചിനീയറിംഗ് കസ്ട്രക്ഷന്‍(400കോടി), സായ് ഇന്‍ഫോ സിസ്റ്റം (376കോടി) എന്നിവരുടെ വായ്പാ കുടിശികയുടെ കാര്യത്തിലായിരുന്നു എസ്ബിഐ യുടെ നടപടി

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന് ജെഡിയു അംഗം ശരത് യാദവ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. തനിക്ക് ശേഷം പ്രളയം എന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ നേടുന്നതിന് സാധിച്ചിട്ടില്ലെന്നും സാധാരണ ജനങ്ങളുടെ ക്രയവിക്രയമാണ് പ്രശ്‌നത്തിലായതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. വമ്പന്‍ മുതലകള്‍ രക്ഷപെടുകയാണെന്നും മുംബൈ ആക്രമണമുള്‍പ്പടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെയാണ് പണമെത്തിയത് എന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തിനെതിരായ നടപടികളെ പിന്തുണയ്ക്കുന്നുവെന്നും പക്ഷേ ഇത്തരത്തിലല്ല പ്രശ്‌നത്തെ നേരിടേണ്ടതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതാക്കളുടെയും അടുപ്പക്കാരുടെയും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള തയാറെടുപ്പാണ് നോട്ട് അസാധുവാക്കുന്നതിനു മുമ്പ് പത്തുമാസം നടത്തിയതെന്ന് ബിഎസ്പി നേതാവ് മായാവതി ആരോപിച്ചു. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കാര്യങ്ങള്‍ ഇനിയും എത്തിയിട്ടില്ലെന്നും മായാവതി ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories