കൂടുതല്‍ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുവാദം ലഭിച്ചേക്കും

കൂടുതല്‍ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുവാദം ലഭിച്ചേക്കും

 

ന്യൂഡെല്‍ഹി: ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മറ്റ് കമ്പനികളിലെ ഓഹരി പങ്കാളിത്തം 15 ശതമാനത്തില്‍ അധികമാക്കുന്നതിന് ചില മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി & ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അംഗീകാരം നല്‍കിയേക്കും. ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഒരു കമ്പനിയില്‍ ഉടമസ്ഥപ്പെടുത്താവുന്ന ഓഹരികളുടെ പരിധി നിലവില്‍ 15 ശതമാനം മാത്രമാണ്. ചില സാഹചര്യങ്ങളില്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏതെങ്കിലും പ്രത്യേക കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറുണ്ടെന്നും ഇത്തരം കമ്പനികള്‍ അതോറിറ്റിയുടെ പ്രത്യേക അനുവാദം തേടണമെന്നും ഐആര്‍ഡിഎഐ ചെയര്‍മാന്‍ ടി എസ് വിജയന്‍ പറഞ്ഞു.

ന്യായമായതും റിസ്‌ക് മാനേജ്‌മെന്റ് തത്വങ്ങളനുസരിച്ചുള്ളതുമായ നിബന്ധനകളാണ് നല്‍കുകയെന്ന് വിജയന്‍ വ്യക്തമാക്കി. ഈ നീക്കത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ഓഹരി വില്‍പ്പനയില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചേക്കാം. ഈ മാസം ആദ്യം എല്‍&ടിയുടെ 1.63 ശതമാനം ഓഹരികള്‍ 2,100 കോടി രൂപയ്ക്ക് സര്‍ക്കാര്‍ വില്‍പ്പന നടത്തിയിരുന്നു. ഈ വില്‍പ്പനയില്‍ എല്‍ഐസി പങ്കെടുത്തിരുന്നില്ല. നിലവില്‍ എല്‍&ടിയുടെ 16.04 ശതമാനം ഓഹരികളാണ് എല്‍ഐസിയുടെ ഉടമസ്ഥതയിലുള്ളത്. ഐടിസിയുടെ 14.34 ശതമാനം ഓഹരികളും, ആക്‌സിസ് ബാങ്കിന്റെ 14.47 ശതമാനം ഓഹരികളും എല്‍ഐസിയുടെ കൈവശമുണ്ട്.

ഐആര്‍ഡിഎഐയുടെ അനുവാദം ലഭിച്ചാല്‍ എല്‍ഐസിക്ക് ഈ കമ്പനികളിലെ ഓഹരി പങ്കാളിത്തം 20 ശതമാനമായി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് ഔദ്യോഗിക വിവരം. ഇതുമായി ബന്ധപ്പെട്ട് എല്‍ഐസി ഐആര്‍ഡിഎഐയുമായി ചര്‍ച്ച ആരംഭിച്ചതായും, ഇതുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളിലും അതോറിറ്റി സുക്ഷ്മപരിശോധന നടത്തുമെന്നും വിജയന്‍ പറഞ്ഞു. രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ ആഗോള കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, ഇത് അടുത്ത വര്‍ഷം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന ഏകീകൃത ചരക്ക് സേവന നികുതി നയത്തിന്റെ ഫലമാണെന്നും അദ്ദേഹം പറയുന്നു.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*