തൊഴില്‍ മേഖലയില്‍ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിച്ചാല്‍ ഇന്ത്യക്ക് ദേശീയ വരുമാനത്തില്‍ വളര്‍ച്ച: ഐഎംഎഫ്

തൊഴില്‍ മേഖലയില്‍  സ്ത്രീപങ്കാളിത്തം വര്‍ധിപ്പിച്ചാല്‍ ഇന്ത്യക്ക് ദേശീയ വരുമാനത്തില്‍ വളര്‍ച്ച: ഐഎംഎഫ്

 

വാഷിങ്ടണ്‍: പുരുഷന്മാരുടെ എണ്ണത്തിന് ആനുപാതികമായി സ്ത്രീകളും തൊഴില്‍ മേഖലയിലേക്ക് കടന്നുവന്നാല്‍ ഇന്ത്യയുടെ ദേശീയ വരുമാനത്തില്‍ 27 ശതമാനം വര്‍ധന ഉണ്ടാകുമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്റ്റര്‍ ക്രിസ്റ്റീനെ ലഗാര്‍ഡെ. ലോസ്എഞ്ചല്‍സില്‍ ‘സ്ത്രീ ശാക്തീകരണവും സാമ്പത്തിക ഗതിമാറ്റവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തുല്യ വേതനവും സാമ്പത്തിക അവസരങ്ങളും സ്ത്രീകള്‍ക്ക് ഉറപ്പാക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. എല്ലാ രാജ്യങ്ങളെയും സംബന്ധിച്ച് സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കുന്നതു വഴി സാമ്പത്തിക മുന്നേറ്റത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കും. പുരുഷന്‍മാരുടെ എണ്ണത്തിന് തുല്യമായി സ്ത്രീകളും തൊഴില്‍ മേഖലയിലേക്ക് കടന്നു വരുകയാണെങ്കില്‍ യുഎസിന് 5 ശതമാനവും ജപ്പാന് 9 ശതമാനവും ഇന്ത്യക്ക് 27 ശതമാനവും ദേശീയ വരുമാനത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് ക്രിസ്റ്റിനെയുടെ അഭിപ്രായം. സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നത് ലോകം മുഴുവനുള്ള സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിന് സഹായകമാകും.

രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ പകുതിപേരെ തൊഴില്‍ മേഖലയില്‍ നിന്നും വിലക്കുന്നത് വിമാനം പകുതി ഉയര്‍ന്നുകഴിയുമ്പോള്‍ എഞ്ചിന്‍ ഓഫാക്കുന്നതുപോലെയാണ്. ഉയരങ്ങളിലേക്ക് പറക്കാനുള്ള സാധ്യത അവിടെ അവസാനിക്കുന്നുവെന്നും ലഗാര്‍ഡേ പറഞ്ഞു.
തൊഴില്‍മേഖലയില്‍ പലപ്പോഴും തുല്യ ജോലിക്ക് തുല്യവേതനം ലഭിക്കുന്നില്ല എന്ന അവസ്ഥയും ലോകം മുഴുവന്‍ നിലവിലുണ്ട് ഈ അവസ്ഥയ്ക്കും കാര്യമായ മാറ്റം ഉണ്ടാകേണ്ടത് ആവശ്യമാണ്. തൊഴില്‍ ഇടങ്ങളില്‍ സ്ത്രീ, പുരുഷ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

ജോലിചെയ്യാന്‍ പ്രാപ്തരായ സ്ത്രീകളില്‍ ചെറിയൊരംശം മാത്രമാണ് തൊഴില്‍ മേഖലയിലേക്ക് കടന്നുവരുന്നത്. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകണം. കൂടുതല്‍ ശിശുപരിപാലന കേന്ദ്രങ്ങളും, പേരന്റല്‍ ലീവിനുമുള്ള സംവിധാനങ്ങളും വേണം സാമ്പത്തിക മേഖലയിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നതിന് കാരണമാകുന്ന നിയമ തടസ്സങ്ങള്‍ ചിലരാജ്യങ്ങള്‍ ഇനിയും ഒഴിവാക്കേണ്ടതുണ്ട്. ഈ കാര്യങ്ങള്‍ ഓരോ രാജ്യങ്ങളും വേണ്ടവിധം ശ്രദ്ധിക്കുകയാണെങ്കില്‍ ആഗോളതലത്തില്‍ അതിന് ഫലം ലഭിക്കും. എല്ലാ രാജ്യങ്ങളും ലിംഗ സമത്വത്തിന്റെ ശക്തി തിരിച്ചറിയണമെന്നും അവര്‍ കൂട്ടിചേര്‍ത്തു. യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തൊഴില്‍മേഖലകളില്‍ നിന്നുള്ള സ്ത്രീകളുടെ അകല്‍ച്ച 2025 ഓടെ 25 ശതമാനം കുറയ്ക്കുമെന്ന് പ്രതിജ്ഞ എടുത്തിട്ടുണ്ടെന്നും ലഗാര്‍ഡെ വ്യക്തമാക്കി.

Comments

comments

Categories: Women