എച്ച്പിസിഎല്ലിന് 701 കോടി രൂപ ലാഭം

എച്ച്പിസിഎല്ലിന് 701 കോടി രൂപ ലാഭം

 

ന്യൂഡെല്‍ഹി : പൊതുമേഖലാ എണ്ണ കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് രണ്ടാം പാദത്തില്‍ 701 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം രണ്ടാം പാദത്തില്‍ നഷ്ടം നേരിട്ട സ്ഥാനത്താണിത്. ആഭ്യന്തര വിപണിയിലെ വില്‍പ്പന വര്‍ധിച്ചതും ഇന്‍വെന്ററി നഷ്ടം കുറഞ്ഞതുമാണ് ഇത്തവണ എച്ച്പിസിഎല്ലിന് നേട്ടമായത്.

കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 317 കോടി രൂപയായിരുന്നു എച്ച്പിസിഎല്ലിന്റെ നഷ്ടം. ഈ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍വെന്ററി നഷ്ടം 359 കോടി രൂപയായി കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,406 കോടി രൂപയായിരുന്നുവെന്ന് ചെയര്‍മാന്‍ എംകെ സുരാന പറഞ്ഞു.

മണ്ണെണ്ണ വില്‍പ്പനയുടെ സബ്‌സിഡി തുകയായി കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിച്ച 691.86 കോടി രൂപയുടെ ബജറ്റ് വിഹിതവും രണ്ടാം പാദത്തിന്റെ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എച്ച്പിസിഎല്‍ അറിയിച്ചു. രണ്ടാം പാദത്തില്‍ എച്ച്പിസിഎല്ലിന്റെ വില്‍പ്പന മൂന്ന് ശതമാനം വര്‍ധിച്ച് 47,822.49 കോടി രൂപയായി. 2015 ലെ ഇതേ കാലയളവില്‍ വില്‍പ്പന 46,368.15 കോടി രൂപയായിരുന്നു വില്‍പ്പന.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര വില്‍പ്പന 3.1 ശതമാനം വര്‍ധിച്ച് 7.78 മില്യണ്‍ ടണ്ണില്‍നിന്ന് 8.02 മില്യണ്‍ ടണ്ണായി മാറി. എച്ച്പിസിഎല്ലിന്റെ ഓഹരി 7.25 പോയന്റ് (1.62 ശതമാനം) ഇടിഞ്ഞ് 441.25 രൂപയിലെത്തിയ സമയത്താണ് രണ്ടാം പാദ ഫലം പുറത്തുവരുന്നത്.

Comments

comments

Categories: Branding
Tags: HPCL, profit, Q2