പരാജയങ്ങളെ വിജയമാക്കി പുതുസംരംഭകര്‍ക്ക് മാതൃകയായി ഗ്രോഫേഴ്‌സ്

പരാജയങ്ങളെ വിജയമാക്കി പുതുസംരംഭകര്‍ക്ക് മാതൃകയായി ഗ്രോഫേഴ്‌സ്

എന്തു ചെയ്യുന്നു എന്നതിനെക്കാള്‍ എങ്ങനെ ചെയ്യുന്നു എന്നത് സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തെ നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന ഘടകമാണ്. തുടക്കത്തിലെ പരിചയക്കുറവ് പലപ്പോഴും പരാജയത്തിന് കാരണമാകാം എന്നാല്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് കൃത്യമായി മനസ്സിലാക്കി പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞാല്‍ വന്‍ വിജയം കൊയ്യാന്‍ സാധിക്കും. വലിയ അബദ്ധങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വന്‍ വിജയത്തില്‍ എത്തിയ യുവാക്കളുടെ കൂട്ടായ്മയില്‍ രൂപപ്പെട്ട പുതു സംരംഭമാണ് ഗ്രാഫോഴ്‌സ്.

പലവ്യഞ്ജന സാധനങ്ങള്‍ ആപ്പിലൂടെ ആവശ്യപ്പെടുന്നതിന് അനുസരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ് ഗ്രോഫേഴ്‌സ്. ആപ്പിലൂടെ മാത്രമായിരുന്നു ഗ്രാഫേഴ്‌സ് തുടക്കത്തില്‍ ഓഡറുകള്‍ സ്വീകരിച്ചിരുന്നത്. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ ചിലവില്‍ വീട്ടുപടിക്കല്‍ എത്തുമെന്നത് കൂടുതല്‍ ഉപഭോക്താക്കളെ ഗ്രോഫേഴ്‌സിലേക്ക് ആകര്‍ഷിച്ചു. കമ്പനിക്ക് ഒരുദിവസം 60000 ഓര്‍ഡറുകള്‍ക്ക് മുകളില്‍ ലഭിക്കാന്‍ തുടങ്ങി. ഇത് തങ്ങള്‍ പ്രതീക്ഷിച്ചതിലും വളരെ കൂടുതല്‍ ആയിരുന്നു. ആവശ്യക്കാരുടെ തള്ളിക്കയറ്റം മൂലം ആപ്പ് തകരാറിലാകാന്‍ തുടങ്ങി. കമ്പനിയുടെ പ്രവര്‍ത്തനം ആകെ താറുമാറായെന്ന് ഗ്രോഫേഴ്‌സ് സഹസ്ഥാപകനും സിഇഒ യുമായ അല്‍ബിന്ദര്‍ ദിന്‍ദ്‌സ പറയുന്നു. ആവശ്യക്കാര്‍ക്ക് കൃത്യസമയത്ത് സാധനം പായ്ക്ക് ചെയ്ത് എത്തിക്കാന്‍ കമ്പനിക്ക് കഴിയാതെ വന്നു. ഗ്രോഫേഴ്‌സ് എന്ന തുടക്കക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു ഓര്‍ഡറുകള്‍. പാക്കേജിംങ്ങിന് എടുക്കുന്ന അധിക സമയം ഉപഭോക്താക്കളുടെ പ്രതിഷേധത്തിനും കാരണമായി.

ഈ പ്രതിസന്ധിഘട്ടത്തില്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനികളായ ടൈഗര്‍ ഗ്ലോബല്‍, സെക്കോയ കാപിറ്റല്‍ എന്നിവര്‍ ഗ്രോഫേഴ്‌സിനെ ഓണ്‍ലൈന്‍ വഴിയും ആപ് വഴിയും പ്രവര്‍ത്തിക്കുന്ന ഒരു വിതരണ സംരംഭം തുടങ്ങാന്‍ സഹായിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌ക്കറ്റ് എന്ന കമ്പനിയായിരുന്നു വിപണിയില്‍ ഗ്രോഫേഴ്‌സിന്റെ ശക്തമായ എതിരാളികള്‍. മത്സരം ശക്തമായതോടെ കമ്പനിയില്‍ കാതലായ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഗ്രോഫേഴ്‌സ് തീരുമാനിച്ചു. കൂടുതല്‍ ഇടങ്ങളില്‍ നിന്നായി ഒരുപാട് ഓര്‍ഡറുകള്‍ സ്വീകരിച്ച് മുമ്പ് പറ്റിയ അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ കമ്പനി പ്രത്യേകം ശ്രദ്ധിച്ചു. ചാനലില്‍ പരസ്യം തുടങ്ങുകയും ഇന്ത്യ മുഴുവന്‍ വ്യത്യസ്ത സിപ് കോഡുകള്‍ വിതരണത്തിനായി നല്‍കുകയും ചെയ്തു. ഇന്ത്യ മുഴുവനുമുള്ള ആളുകള്‍ ടി വി പരസ്യം കാണുകയും എന്നാല്‍ വിതരണം തങ്ങളുടെ സമീപത്ത് നിലവില്‍ ഇല്ല എന്ന് മനസ്സിലാക്കുകയും ചെയ്തു. എല്ലാ നഗരങ്ങളിലും വിതരണം എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിതരണശൃഖലയെ കുറിച്ച് ഇന്ത്യ മുഴുവന്‍ അറിയാന്‍ ഇത് സഹായകമായി. ഈ കാലയളവില്‍ തന്നെ ഗ്രോഫോഴ്‌സ് രാജ്യത്തെ 27 നഗരങ്ങളിലേക്ക് വിതരണം വ്യാപിപ്പിച്ചു.

വലിയ നഗരങ്ങളില്‍ വിതരണം ആദ്യം ക്രമീകരിച്ച ശേഷം തങ്ങള്‍ മറ്റ് ചെറിയ ടൗണുകളിലേക്കു കൂടി സേവനം എത്തിച്ചു. അല്‍ബിന്ദര്‍ പറഞ്ഞു. ഓര്‍ഡര്‍ ലഭിക്കുന്നതിന്റെ തൊട്ടടുത്ത സ്റ്റോറില്‍ നിന്ന് സാധനം എത്രയും പെട്ടെന്ന് ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ ഓണ്‍ലൈന്‍ ബോയിസിനെ നിയമിച്ചു. മാസങ്ങള്‍ക്കുള്ളില്‍ ഒരു ടണ്ണിനു മുകളില്‍ വിനിമയങ്ങള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഗ്രോഫോഴ്‌സ് ആര്‍ജിച്ചെടുത്തു. കഴിഞ്ഞ ജൂണില്‍ ദിവസം 36000യു.എസ് ഡോളറിന്റെ വിതരണം നടക്കുന്ന കമ്പനിയായി മാറി ഗ്രോഫേഴ്‌സ്. 120 മില്ല്യണ്‍ഡോളര്‍ അധിക നിക്ഷേപം ലഭിച്ചപ്പോള്‍ തങ്ങള്‍ ആദ്യം ചെയ്തത് ആറു നഗരങ്ങളിലെ വിതരണം നിര്‍ത്തിയന്നെതായിരുന്നുവെന്നും അല്‍ബിന്ദര്‍ പറയുന്നു. പരസ്യത്തിനായി ചിലവഴിക്കുന്ന തുക കുറച്ചതും കമ്പനിക്ക് വലിയ നേട്ടമായി.

കഴിഞ്ഞ മൂന്നുമാസമായി 800 ഓളം ചാനല്‍ പാര്‍ട്‌ണേഴ്‌സ് ഗ്രോഫേഴ്‌സിനുണ്ട്. വിതരണ സംവിധാനങ്ങള്‍ വേഗത്തിലാക്കാന്‍ നിരവധി സ്റ്റോറുകള്‍ കമ്പനിയെ സഹായിക്കുന്നു. പ്രതിസന്ധികളില്‍ തകരാതെ ഉറച്ച തീരുമാനങ്ങളിലൂടുള്ള മുന്നേറ്റമാണ് ഗ്രോഫേഴ്‌സിനെ വിജയത്തിലെത്തിച്ചത്. തുടക്കത്തില്‍ തങ്ങള്‍ക്ക് താങ്ങാവുന്ന അത്രയും വ്യാപാരത്തില്‍ തുടങ്ങി പിന്നീട് കമ്പനിയുടെ സേവനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുക എന്ന തന്ത്രം പുതിയ സ്റ്റാര്‍ട്ടപ്പുകളെ മാര്‍ക്കറ്റില്‍ പിടിച്ചു നില്‍ക്കാന്‍ സഹായിക്കുമെന്ന് ഗ്രോഫേഴ്‌സിന്റെ വളര്‍ച്ച പഠിപ്പിക്കുന്നു.

Comments

comments

Categories: Entrepreneurship

Related Articles