‘സുജലം സുഫലം’ പദ്ധതിക്ക് അംഗീകാരം

‘സുജലം സുഫലം’ പദ്ധതിക്ക് അംഗീകാരം

 

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രവികസനത്തിനു വേണ്ടിയുള്ള ഹരിതകേരളം മിഷനിലെ കൃഷിവികസനത്തിനായുള്ള ‘സുജലം സുഫലം’ പദ്ധതിക്ക് അംഗീകാരം നല്‍കി ഉത്തരവായി. ഉല്‍പ്പാദനം ഉയര്‍ത്തി കൂടുതല്‍ വരുമാനം നേടുക, ഓരോ വിളയ്ക്കും അനുയോജ്യമായ പ്രദേശങ്ങള്‍ കണ്ടെത്തി, അവിടെ പ്രത്യേക കാര്‍ഷികമേഖലകള്‍ക്ക് രൂപം നല്‍കി കര്‍ഷക കൂട്ടായ്മയിലൂടെ ശാസ്ത്രീയമായ കൃഷിരീതി നടപ്പാക്കി പരമാവധി ഉല്‍പ്പാദനം കൈവരിക്കുക, ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് ലഭിക്കത്തക്ക രീതിയില്‍ വിപണി സംവിധാനം പരിഷ്‌കരിക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക, രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുക, ലാഭകരമായ കൃഷിയിലൂടെയും മൂല്യവര്‍ധിത സംരംഭങ്ങളിലൂടെയും കാര്‍ഷിക മേഖലയില്‍ പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഉല്‍പ്പാദകരെയും വിപണിയെയും ബന്ധപ്പെടുത്തുന്ന രീതിയില്‍ വിപണന പോര്‍ട്ടലിന് രൂപം നല്‍കുക, ഗാര്‍ഹിക മാലിന്യങ്ങളെ സംസ്‌കരിച്ച് വളമാക്കി കൃഷിക്ക് ഉപയോഗിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

പദ്ധതി വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നെല്ല്, പച്ചക്കറി, തെങ്ങ്, പൂ കൃഷികളുടെ സമഗ്ര വികസനം, യന്ത്രവത്കരണം, സംയോജിത കൃഷി മാതൃകകള്‍ നടപ്പിലാക്കല്‍, പട്ടികവര്‍ഗ ഊരുകളിലെ കൃഷി പ്രോത്സാഹനം, വിള ആരോഗ്യ പരിപാലനം, വിപണനം ശക്തിപ്പെടുത്തല്‍, അഗ്രോ പാര്‍ക്കുകളും അഗ്രി ബിസിനസ് കമ്പനികളും രൂപീകരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

Comments

comments

Categories: Branding