ഇന്ത്യന്‍ നിര്‍മിത ഇക്കോസ്‌പോര്‍ട്ട് അമേരിക്കയിലേക്ക്

ഇന്ത്യന്‍ നിര്‍മിത ഇക്കോസ്‌പോര്‍ട്ട് അമേരിക്കയിലേക്ക്

ന്യൂഡെല്‍ഹി: അമേരിക്കക്കാര്‍ ഇനി ഇന്ത്യന്‍ കാര്‍ ഓടിക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന കോംപാക്ട് എസ്‌യുവികളില്‍ ഒന്നായ ഇക്കോസ്‌പോര്‍ട്ട് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഫോര്‍ഡ് ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളില്‍ ഒന്നായ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായാണ് ഫോര്‍ഡ് കാറുകള്‍ അമേരിക്കന്‍ വിപണിയിലേക്ക് കയറ്റുമതിക്കൊരുങ്ങുന്നത്. കമ്പനിയുടെ ചെന്നൈ പ്ലാന്റില്‍ നിര്‍മിച്ച കാറുകളാണ് കയറ്റുമതി ചെയ്യുക.
ആഗോള വിപണികളില്‍ ഏറ്റവും മികച്ച സബ്‌കോംപാക്ട് എസ്‌യുവികളില്‍ ഒന്നാണ് ഇക്കോസ്‌പോര്‍ട്ട്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന മോട്ടോര്‍ഷോയില്‍ ഇക്കോസ്‌പോര്‍ട്ടിന്റെ ഏറ്റവും പുതിയ വെര്‍ഷന്‍ കമ്പനി അവതരിപ്പിച്ചിരുന്നു.
2018ല്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ മോഡല്‍ ഇക്കോസ്‌പോര്‍ട്ടിന്റെ നിര്‍മാണം ചെന്നൈ പ്ലാന്റില്‍ നടത്തുമെന്ന് കമ്പനി അറിയിച്ചു. ലോകത്തിലെ ആറ് കേന്ദ്രങ്ങളിലായാണ് കമ്പനി ഇക്കോസ്‌പോര്‍ട്ട് നിര്‍മിക്കുക. 100 വിപണികളിലേക്ക് ഈ പ്ലാന്റുകളില്‍ നിര്‍മിച്ചാണ് വില്‍പ്പന നടത്തുക. ഏഷ്യ പസഫിക് മേഖലയില്‍ നിര്‍മിച്ച് ഇക്കോസ്‌പോര്‍ട്ട് കയറ്റുമതി ചെയ്യാനാണ് ഫോര്‍ഡ് ഒരുങ്ങുന്നത്. കമ്പനിയുടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന വിപണന വിഭാഗം മാനേജിംഗ് ഡയറക്റ്റര്‍ മൈക്കള്‍ ഒബ്രിയാന്‍ വ്യക്തമാക്കി.
അമേരിക്കയില്‍ നിന്നും ചെറുകാറുകളുടെ നിര്‍മാണം മെക്‌സിക്കോയിലേക്ക് മാറ്റുന്നതിനെതിരേ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോര്‍ഡിനെതിരേ രംഗത്തു വന്ന സാഹചര്യത്തിലാണ് കമ്പനി ഇന്ത്യന്‍ നിര്‍മിത കാറുകള്‍ അമേരിക്കന്‍ വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
ഇന്ത്യയില്‍ 2013 മുതലാണ് കമ്പനി ഇക്കോസ്‌പോര്‍ട്ട് നിര്‍മിക്കാന്‍ തുടങ്ങിയത്. റഷ്യ, തായ്‌ലാന്‍ഡ്, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും ഫോര്‍ഡ് ഈ എസ്‌യുവി നിര്‍മിക്കുന്നുണ്ട്.

Comments

comments

Categories: Auto