ഏഷ്യന്‍ മേഖലാ ലോകകപ്പ് യോഗ്യത: ജപ്പാന്‍, ദക്ഷിണ കൊറിയ ടീമുകള്‍ വിജയിച്ചു

ഏഷ്യന്‍ മേഖലാ ലോകകപ്പ് യോഗ്യത:  ജപ്പാന്‍, ദക്ഷിണ കൊറിയ ടീമുകള്‍ വിജയിച്ചു

 

ടോക്കിയോ: ഏഷ്യന്‍ മേഖലാ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ ജപ്പാന്‍, ദക്ഷിണ കൊറിയ, യുഎഇ ടീമുകള്‍ക്ക് ജയം. ജപ്പാന്‍ സൗദി അറേബ്യയെയും ദക്ഷിണ കൊറിയ ഉസ്ബക്കിസ്ഥാനെയും യുഎഇ ഇറാക്കിനെയുമാണ് പരാജയപ്പെടുത്തിയത്.

ഗ്രൂപ്പ് ബിയിലെ സൈതാമയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജപ്പാന്റെ സൗദി അറേബ്യക്കെതിരായ ജയം. ജപ്പാന് വേണ്ടി പെനാല്‍റ്റിയിലൂടെ കിയോതാക്കെ, 80-ാം മിനുറ്റില്‍ ഹാരാഗുച്ചി എന്നിവര്‍ ഗോള്‍ നേടി.

തൊണ്ണൂറാം മിനുറ്റില്‍ ഒമര്‍ ഒത്മാനാണ് സൗദി അറേബ്യയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. പരാജയപ്പെട്ടെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്നും പത്ത് പോയിന്റുള്ള സൗദി അറേബ്യ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.

പത്ത് പോയിന്റുള്ള ജപ്പാനാണ് ഗ്രൂപ്പ് ബിയില്‍ രണ്ടാമത്. മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയയെ രണ്ട് ഗോളുകളുടെ സമനിലയില്‍ തളച്ച തായ്‌ലാന്‍ഡാണ് ഒന്‍പത് പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത്.

ഇറാക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുഎഇ പരാജയപ്പെടുത്തിയത്. അഹമ്മദ് ഖാദില്‍, ഇസ്മായില്‍ മാതര്‍ എന്നിവരാണ് യുഎഇയുടെ ഗോള്‍ സ്‌കോറര്‍. ഗ്രൂപ്പ് ബിയില്‍ യഥാക്രമം ഒന്‍പത്, മൂന്ന് പോയിന്റ് വീതമുള്ള യുഎഇ, ഇറാഖ് ടീമുകളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.

ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഉസ്ബക്കിസ്ഥാനെ ദക്ഷിണ കൊറിയ തോല്‍പ്പിച്ചത്. നാം, കൂ ജാചിയോള്‍ എന്നിവരാണ് ദക്ഷിണ കൊറിയയുടെ ഗോളുകള്‍ നേടിയത്. ഉസ്ബക്കിസ്ഥാന് വേണ്ടി ബിക്മായേവ് ആണ് ഒരു ഗോള്‍ മടക്കിയത്.

അഞ്ച് മത്സരങ്ങളില്‍ നിന്നും പത്ത് പോയിന്റുള്ള ദക്ഷിണ കൊറിയയാണ് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ്. അഞ്ച് കളികളില്‍ നിന്നും പതിനൊന്ന് പോയിന്റുമായി ഇറാനാണ് ഒന്നാമത്. ഗൂപ്പ് എയില്‍ ഉസ്ബക്കിസ്ഥാന്‍ മൂന്നാമതും അഞ്ച് പോയിന്റുള്ള സിറിയ നാലാം സ്ഥാനത്തുമാണ്.

അഞ്ചാം സ്ഥാനത്തുള്ള ഖത്തറും ആറാമതുള്ള ചൈനയും തമ്മില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഖത്തര്‍, ചൈന ടീമുകള്‍ക്ക് യഥാക്രമം നാല്, രണ്ട് പോയിന്റ് വീതമാണുള്ളത്.

Comments

comments

Categories: Sports