സൗഹൃദ ഫുട്‌ബോള്‍: വമ്പന്മാര്‍ സമനിലയില്‍ പിരിഞ്ഞു

സൗഹൃദ ഫുട്‌ബോള്‍:  വമ്പന്മാര്‍ സമനിലയില്‍ പിരിഞ്ഞു

 

വെംബ്ലി: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ കരുത്തന്മാരായ ടീമുകള്‍ തമ്മില്‍ സമനിലയില്‍ പിരിഞ്ഞു. ജര്‍മനി-ഇറ്റലി മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ ഇംഗ്ലണ്ടും സ്‌പെയിനും തമ്മില്‍ രണ്ട് ഗോളുകളുടെ സമനില പാലിച്ചു.

രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്നതിന് ശേഷമായിരുന്നു സ്‌പെയിന്‍ ഇംഗ്ലണ്ടിനൊപ്പമെത്തിയത്. ഒന്‍പതാം മിനുറ്റില്‍ ആദം ലല്ലാന നേടിയ പെനാല്‍റ്റി ഗോളിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജെയ്മി വാര്‍ഡി ഇംഗ്ലീഷ് പടയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

എന്നാല്‍ മത്സരത്തിന്റെ 89-ാം മിനുറ്റില്‍ ലാഗോ അസ്പാസിലൂടെ സ്പാനിഷ് ടീം ഇംഗ്ലണ്ടിനെതിരെ ആദ്യ ഗോള്‍ മടക്കി. അധിക സമയത്ത് അലര്‍കോണ്‍ ഇസ്‌കോ നേടിയ ഗോളിലൂടെ സ്‌പെയിന്‍ സമനില സ്വന്തമാക്കുകയും ചെയ്തു.

മറ്റ് സഹൃദ മത്സരങ്ങളില്‍ ഐവറി കോസ്റ്റ് ഫ്രാന്‍സിനെ ഗോള്‍ രഹിത സമനിലയില്‍ കുടുക്കിയപ്പോള്‍ ക്രൊയേഷ്യ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വടക്കന്‍ അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി.

അതേസമയം, ചെക് റിപ്പബ്ലിക്-ഡെന്മാര്‍ക്ക് മത്സരം ഓരോ ഗോളുകളുടെ സമനിലയില്‍ പിരിഞ്ഞു. റഷ്യ, ഐസ്‌ലാന്‍ഡ്, സ്വീഡന്‍, യുക്രെയ്ന്‍ ടീമുകളും വിജയം സ്വന്തമാക്കി.

Comments

comments

Categories: Sports