സ്‌കൂളിലും ബാങ്കിലും ക്യു നില്‍ക്കേണ്ട; സ്‌കൂള്‍ ഫീസ് ഓണ്‍ലൈനായി അടയ്ക്കാന്‍ എന്‍ഫീ

സ്‌കൂളിലും ബാങ്കിലും ക്യു നില്‍ക്കേണ്ട; സ്‌കൂള്‍ ഫീസ് ഓണ്‍ലൈനായി അടയ്ക്കാന്‍ എന്‍ഫീ

കൊച്ചി: സ്‌കൂള്‍കോളേജ് ഫീസുകള്‍ അടയ്ക്കുന്നത് ലളിതവും സൗകര്യപ്രദവുമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച നൂതന ഡിജിറ്റല്‍ പോര്‍ട്ടല്‍ എന്‍ഫീക്ക് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രചാരമേറുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ആളുകള്‍ ബുദ്ധിമുട്ടുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്‌കൂള്‍ ഫീസ് ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനമാണ് പേയ്‌മെന്റ് ഗേറ്റ്‌വേ സഹിതമുള്ള പ്ലാനറ്റ് ഫീ എന്ന കമ്പനി വികസിപ്പിച്ച എന്‍ഫീ. ഫീസടയ്ക്കാന്‍ സ്‌കൂളിലോ ബാങ്കിലോ പോകുകയോ ക്യു നില്‍ക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം.

ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ മൊബീല്‍ ഫോണിലോ ലാപ്‌ടോപ്പിലോ ലോഗിന്‍ ചെയ്ത് കുട്ടികളുടെ ഫീസ് അടയ്ക്കാവുന്നതാണ്. ലോഗിന്‍ ചെയ്യുമ്പോള്‍ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളുടെ ഫീസിന്റെ വിശദാംശങ്ങള്‍ ലഭിക്കും. ഫീസ് അടയ്‌ക്കേണ്ട നിശ്ചിത തീയതിക്ക് മുമ്പായി തന്നെ രക്ഷിതാക്കള്‍ക്ക് പ്രത്യേക ലിങ്ക് എസ്എംഎസ് ആയി ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്കില്‍ ചെയ്ത് ഫീസ് അടയ്ക്കാവുന്നതാണ്.

കൊച്ചിയിലെ പ്രമുഖ സ്‌കൂളുകളായ ഭവന്‍സ്, ടോക് എച്ച്, അല്‍ അമീന്‍ ഉള്‍പ്പെടെ 45 സ്‌കൂളുകള്‍ നിലവില്‍ ഫീസ് സ്വീകരിക്കാന്‍ 35,000 വിദ്യാര്‍ഥികളുടെ ഫീസ് കൈകാര്യം ചെയ്യുന്ന ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇവിടങ്ങളിലെ 30-40% കുട്ടികളുടെ രക്ഷിതാക്കള്‍ ഫീസടയ്ക്കാന്‍ ഈ മാര്‍ഗമാണ് ഉപയോഗിക്കുന്നതെന്ന് പ്ലാനറ്റ് ഫീ സിഇഒ വിവേക് പ്രസന്നന്‍ പറയുന്നു. സ്‌കൂളുകളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും നല്ല പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. ബാങ്കുകള്‍ക്കും ഈ സംവിധാനം ഏറെ ലാഭകരമാണെന്നും അദ്ദേഹം പറഞ്ഞു.

അക്കൗണ്ടിങ്ങും പേയ്‌മെന്റും നടത്താമെന്നതാണ് എന്‍ഫീയുടെ സവിശേഷതകളിലൊന്ന്. എന്‍ഫീയില്‍ സൈന്‍അപ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി പേയ്‌മെന്റുകള്‍ സ്വീകരിക്കാവുന്നതാണ്. ഈ സംവിധാനം സ്‌കൂളുകള്‍ക്ക് സൗജന്യമായാണ് ലഭ്യമാക്കുന്നത്. അതേസമയം, രക്ഷിതാക്കളില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡ് നിരക്കുകള്‍ക്ക് പുറമേ ഓരോ ഇടപാടിനും 32 രൂപ ഈടാക്കും.

പണം അടയ്ക്കാനും സ്വീകരിക്കാനും രാജ്യത്തെ പ്രമുഖ രണ്ട് പേയ്‌മെന്റ് ഗേറ്റ്‌വേ കമ്പനികളുടെയും കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കിന്റെയും സേവനമാണ് ഉപയോഗിക്കുന്നത്.

ജോലിത്തിരക്ക് മൂലം കഴിഞ്ഞ വര്‍ഷം തന്റെ മകന്റെ ഫീസടയ്ക്കുന്നതില്‍ നേരിട്ട ബുദ്ധിമുട്ടാണ് വിവേക് പ്രസന്നനെ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വിവേക് പറയുന്നു.

തൃക്കാക്കര മോഡല്‍ എഞ്ചിനീയറിങ് കോളേജില്‍ നിന്നും എഞ്ചിനീയറിങ് ബിരുദമെടുത്ത വിവേക് പ്രസന്നനെ കൂടാതെ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ നിന്നും ബിരുദമെടുത്ത ജെയ് കുളങ്ങര, കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജില്‍ നിന്നുമുള്ള ചെറിയാന്‍ കുഞ്ഞ്, ഐസക്ക് ആന്റണി എന്നിവരും ചേര്‍ന്നാണ് പ്ലാനറ്റ് ഫീ എന്ന സ്റ്റാര്‍ട്ടപ്പ് രൂപീകരിച്ചത്. ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് കമ്പനിയായ കാറ്റലിറ്റി ഡിജിറ്റല്‍ എന്ന കമ്പനിയും ഇവരുടേതായിട്ടുണ്ട്.

Comments

comments

Categories: Branding