ടൂ വീലര്‍ വില്‍പ്പനയില്‍ കിതപ്പുണ്ടാകും

ടൂ വീലര്‍ വില്‍പ്പനയില്‍ കിതപ്പുണ്ടാകും

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഗ്രാമീണ മേഖലയിലെ ഇരു ചക്രവാഹന വില്‍പ്പനയെ ഹ്രസ്വകാലത്തേക്ക് ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക മേഖലയില്‍ ഉണ്ടായ അസ്ഥിരതയും വിപണിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നതില്‍ ഇടിവു നേരിട്ടതുമാണ് ഇതിനു കാരണമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ റിപ്പോര്‍ട്ട് ചെയ്തു. മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയുടെ 60 മുതല്‍ 65 ശതമാനം വരെ കവരുന്നത് ഗ്രാമീണ മേഖലയാണ്.

ആകെയുള്ള ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയുടെ 18 ശതമാനത്തോളെ വരുമിതെന്ന് ഐസിആര്‍എയുടെ കണക്കുകളില്‍ പറയുന്നു. പണം കൊടുത്ത് സാധനങ്ങള്‍ വാങ്ങുന്ന പ്രവണത ഗ്രാമീണ മേഖലയില്‍ കൂടുതലായതിനാല്‍, മോട്ടോര്‍സൈക്കിളിന്റെ പ്രവേശനത്തെ ഇത് ബാധിക്കും-റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്‌റ്റോബര്‍ വരെയുള്ള കാലയളവില്‍ ഇരുചക്ര വാഹന വില്‍പ്പന 16 ശതമാനം വര്‍ധിച്ചിരുന്നു.

നവംബര്‍ എട്ടിന് ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചതിനു പിന്നാലെ രാജ്യത്ത് ചെറിയ മൂല്യമുള്ള നോട്ടുകളുടെ വലിയ ക്ഷാമം അനുഭവപ്പെടുകയും അത് വിപണയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന വ്യവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് മോട്ടോര്‍ സൈക്കിളുകളുടെ പ്രവേശനത്തെ ഹ്രസ്വകാലത്തേക്ക് സാരമായി ബാധിക്കും. പ്രത്യേകിച്ച്, ഇവയ്ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ഗ്രാമീണ മേഖലയിലായതിനാല്‍. പണത്തിന്റെ ലഭ്യതക്കുറവും കര്‍ഷകര്‍ക്ക് വിളയിറക്കാനുള്ള ഉപകരണങ്ങള്‍ മേടിക്കാന്‍ കഴിയാത്തതും ഇരുചക്ര വാഹനങ്ങളുടെ ആവശ്യം കുറച്ചു കാലത്തേക്ക് നീട്ടി വെക്കാന്‍ നിര്‍ബന്ധിക്കും-ഐസിആര്‍എ സീനിയര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സുബ്രതാ റോയി വ്യക്തമാക്കി.

രണ്ട് വിളവെടുപ്പ് കാലങ്ങളിലൂടെയാണ് നിലവില്‍ ഇന്ത്യ കടന്നു പോകുന്നത്. ഖാരിഫ് വിളകളുടെ വില്‍പ്പന കര്‍ഷകര്‍ ആരംഭിക്കുകയും റാബി സീസണിനായി തയാറായിക്കൊണ്ടിരിക്കുകയുമാണ്. ഇവ രണ്ടിനെയും സര്‍ക്കാരിന്റെ പുതിയ നടപടി ബാധിക്കുമെന്ന് ഐസിആര്‍എ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Comments

comments

Categories: Business & Economy

Write a Comment

Your e-mail address will not be published.
Required fields are marked*