നോട്ട് നിരോധനം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കില്ല; ഉല്‍സവ സീസണിലെ ക്ഷേമ പെന്‍ഷനെ ബാധിക്കും

നോട്ട് നിരോധനം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കില്ല; ഉല്‍സവ സീസണിലെ ക്ഷേമ പെന്‍ഷനെ ബാധിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി നോട്ട് നിരോധനം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തെ ബാധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ട്രഷറിയില്‍ കോര്‍ ബാങ്കിങ് ഏര്‍പ്പെടുത്തിയതിനാല്‍ ബില്ലുകള്‍ പാസാക്കി ജീവനക്കാരുടെ ട്രഷറി എക്കൗണ്ടുകളിലേക്കോ ബാങ്ക് എക്കൗണ്ടിലേക്കോ തുക മാറ്റാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പക്ഷേ, ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ മറ്റു നിയന്ത്രണം മുള്ളതിനാല്‍ തുക പിന്‍വലിക്കുന്നതില്‍ ജീവനക്കാര്‍ക്ക് പ്രയാസം നേരിടും. 24,000 രൂപ മാത്രമെ ജീവനക്കാര്‍ക്കു പിന്‍വലിക്കാന്‍ കഴിയൂ.

കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം കാരണം സംസ്ഥാന വരുമാനം പകുതിയായി കുറയുമെന്നും സംസ്ഥാനത്തിന്റെ പൊതുവരുമാനത്തില്‍ കാല്‍ഭാഗമെങ്കിലും നഷ്ടമാകുമെന്നും തോമസ് ഐസക് പറഞ്ഞു. ഈ മാസം കാര്യമായ പ്രതിസന്ധി സംസ്ഥാനത്തിന്റെ സാമ്പത്തിക ക്രമീകരണങ്ങളില്‍ ഉണ്ടാകില്ലെങ്കിലും അടുത്ത മാസം അവസാനത്തോടെ ട്രഷറിയില്‍ ധനം കുറയുമെന്നും ഇത് ഉത്സവസീസണില്‍ കാലേകൂട്ടി നല്‍കാന്‍ ഉദ്ദേശിച്ചിരിക്കുന്ന ക്ഷേമ പെന്‍ഷനുകളെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യാപാര മേഖലയിലുണ്ടായ വലിയ ഇടിവ് അടുത്ത മാസം സംസ്ഥാനത്തിന്റെ വില്‍പ്പന നികുതിയില്‍ നിന്നും ലഭിക്കേണ്ട വരുമാനത്തില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. പെട്രോളിയം കമ്പനികളും ബിവ്‌റേജസ് കോര്‍പ്പറേഷനും മറ്റും അടയ്ക്കുന്ന നികുതിയുടെ കാര്യവും ഇപ്പോള്‍ പറയാനാവില്ലെന്നും അവയില്‍ കാര്യമായ കുറവുണ്ടാവില്ല എന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. കറന്‍സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനു ശേഷം ഒരാഴ്ച്ച ലോട്ടറി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് 300 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിനുണ്ടായിട്ടുളളത്.

ചെറുകിട ഉല്‍പ്പാദനമേഖല പൂര്‍ണമായി സ്തംഭിച്ച അവസ്ഥായാണ്. ഇത് തോട്ടം മേഖലയെയും ബാധിക്കും. തോട്ടം തൊഴിലാളികള്‍ക്ക് ശമ്പളം വൈകിപ്പിക്കുന്നത് ഇപ്പോള്‍ത്തന്നെ പ്രതിസന്ധിക്ക് വഴിയൊരുക്കിയിട്ടുണ്ട്. കെട്ടിട നിര്‍മാണരംഗത്തും പണ പ്രതിസന്ധി ചലനങ്ങളുണ്ടാക്കാനാണ് സാധ്യത. രജിസ്‌ട്രേഷന്‍ നിരക്കുകളുള്‍പ്പെടെ വിവിധ ഫീസുകളിലും, കെഎസ്എഫ്ഇ ചിട്ടി അടവ് തുടങ്ങിയ ഇനങ്ങളിലും നല്ല കുറവുണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ മൊത്തവരുമാനം 25 ശതമാനമെങ്കിലും ഇടിയുമെന്നാണ് കണക്കുകൂട്ടല്‍.

Comments

comments

Categories: Slider, Top Stories