നോട്ട് അസാധുവാക്കല്‍: ബിനാമി പ്രോപ്പര്‍ട്ടികള്‍ക്കും തിരിച്ചടിയാകും

നോട്ട് അസാധുവാക്കല്‍: ബിനാമി പ്രോപ്പര്‍ട്ടികള്‍ക്കും തിരിച്ചടിയാകും

മുംബൈ: അനധികൃതമായി സ്വത്ത് സമ്പാദിച്ച് സ്വന്തക്കാരുടെയും ബന്ധുക്കളുടെയും പേരില്‍ പ്രോപ്പര്‍ട്ടി വാങ്ങിയവര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത നോട്ട് അസാധുവാക്കല്‍ തീരുമാനം കനത്ത തിരിച്ചടിയാകും. അനധികൃത സമ്പാദ്യം സ്വാഭാവികമായും 500, 1,000 രൂപയുടെ കറന്‍സിയായിട്ടായിരിക്കും ഇവര്‍ പ്രോപ്പര്‍ട്ടികളില്‍ നിക്ഷേപിച്ചിട്ടുണ്ടാവുക. ബിനാമി ഇടപാടുകള്‍ തടയുന്നതിനുള്ള നിയമവും ഈ മാസം പ്രാബല്യത്തില്‍ വന്നത് ഇവരെ കുടുക്കും.

ഒരാളുടെ പേരില്‍ പ്രോപ്പര്‍ട്ടിയും ഇതിന് വേണ്ട പണവും മറ്റും നല്‍കുന്നത് മറ്റൊരാളുമാണെങ്കില്‍ അത് ബിനാമി എന്ന പേരിലാണ് അറിയപ്പെടുക. ബിനാമി പ്രോപ്പര്‍ട്ടികള്‍ കണ്ടുകെട്ടാന്‍ പുതിയ നിയമത്തിലൂടെ സര്‍ക്കാരിന് സാധിക്കും.
കളളപ്പണം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നോട്ട് അസാധുവാക്കല്‍ നടപടിയ്ക്ക് പുറമേ ബിനാമി ഇടപാടുകള്‍ തടയുന്നതിനുളള നിയമവും കൂടി വന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖല കൂടുതല്‍ സുതാര്യമാകുമെന്നാണ് വിലയിരുത്തലുകള്‍. ബിനാമി ഇടപാടുകള്‍ തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ശന നിയമത്തോടെ അനധിക്യത സ്വത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുന്നത് ബുദ്ധിമുട്ടേറും.
ഈ മാസം ഒന്ന് മുതല്‍ രാജ്യത്ത് നിയമം പ്രാബല്യത്തിലായി. നിയമം ലംഘിക്കുന്നവര്‍ക്ക് ഏഴുവര്‍ഷം കഠിന തടവും, കടുത്ത പിഴയുമാണ് നിയമം അനുശാസിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തോടെ ഉപഭോക്താക്കള്‍ക്ക് ഈ വിപണിയിലുള്ള ആത്മവിശ്വാസം വര്‍ധിക്കുകയും കൂടുതല്‍ ഇടപാടുകള്‍ക്ക് ഒരുങ്ങുകയും ചെയ്യുന്നതോടെ തിരിച്ചടി നേരിടുന്ന റിയല്‍റ്റി വിപണി കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പാര്‍ലമെന്റ് ഇതിനുള്ള ബില്ല് പാസാക്കിയത്.
ബിനാമി ഇടപാടുകളില്‍ 1988ലെ നിയമമാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍, കള്ളപ്പണം കൊണ്ടുള്ള ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള ബിനാമി ഇടാപാടുകളെ തടയാന്‍ ഈ നിയമത്തിന് കഴിയാത്തതാണ് പുതിയ നിയമം കൊണ്ടുവരാന്‍ കാരണം. പഴയ നിയമത്തില്‍ 18 വകുപ്പുകളുടെ സ്ഥാനത്ത് പുതിയ നിയമത്തില്‍ 71 വകുപ്പുകളാണുള്ളത്. ബിനാമി കേസുകളില്‍ തീരുമാനമെടുക്കാന്‍ ഉന്നതാധികാര ട്രൈബ്യൂണല്‍ രൂപീകരിക്കും.
പുതിയ ബിനാമി നിമയം പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ ലക്ഷ്വറി പ്രോപ്പര്‍ട്ടികളിലുള്ള നിക്ഷേപവും ഭൂമി ഇടപാടുകളും കുറയുമെന്നാണ് പ്രമുഖ റിയല്‍റ്റി കണ്‍സള്‍ട്ടന്‍സിയായ ലിയാസെസ് ഫോറാസ് അഭിപ്രായപ്പെടുന്നത്. 2006-2007 കാലഘട്ടത്തില്‍ വിപണിയുടെ ഏറ്റവും മികച്ച സമയത്ത് ഭൂമി ഇടപാടുകളായിരുന്ന റിയല്‍റ്റി വിപണി നയിച്ചിരുന്നത്. ഇതില്‍ 30 ശതമാനത്തോളം ബിനാമി പ്രോപ്പര്‍ട്ടികളായിരുന്നെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

Comments

comments

Categories: Slider, Top Stories