നോട്ട് അസാധുവാക്കല്‍: രാജ്യത്ത് സ്വര്‍ണ ഇറക്കുമതി ക്രമാതീതമായി ഉയര്‍ന്നു

നോട്ട് അസാധുവാക്കല്‍:  രാജ്യത്ത് സ്വര്‍ണ ഇറക്കുമതി ക്രമാതീതമായി ഉയര്‍ന്നു

 

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ 500, 1000 കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് രാജ്യത്ത് സ്വര്‍ണ ഇറക്കുമതി ക്രമാതീതമായി വര്‍ധിച്ചു. കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന് സാമ്പത്തിക പരിഷ്‌കരണ നടപടി പ്രഖ്യാപിച്ച നവംബര്‍ 8 ന് ശേഷം ഇതുവരെ രാജ്യത്ത് 100 കോടി ഡോളര്‍ മൂല്യമുള്ള സ്വര്‍ണം ഇറക്കുമതി ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സ്വര്‍ണ ഇറക്കുമതി ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനുപിറകേ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചവര്‍ അനധികൃത പണം സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ശ്രമം നടത്തിയെന്നാണ് സ്വര്‍ണ ഇറക്കുമതി കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് ആഭരണശാല ഉടമകള്‍ക്ക് വലിയ തുക മുന്‍കൂര്‍ നല്‍കാന്‍ വരെ ഇക്കൂട്ടര്‍ തയാറായെന്നും സൂചനയുണ്ട്. ഇതോടെ പല ജ്വല്ലറി ഉടമകളും പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ തയാറാവുകയായിരുന്നു. പോസ്റ്റ് ഡേറ്റഡ് ബില്ലുകളിന്‍മേലാണ് നിരവധിഇടപാടുകള്‍ നടന്നിരിക്കുന്നത്.

ഇത്തരത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചവരെയും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട് . ഈ വക ഇടപാടുകള്‍ തടയുകയും ചെയ്യും. ഈമാസം ഇതുവരെ 150 കോടി ഡോളറിന്റെ മൂല്യമുള്ള സ്വര്‍ണമാണ് ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ മൂന്നില്‍ രണ്ടു ഭാഗവും നവംബര്‍ എട്ടിനു ശേഷമാണ്. ഇടപാടുകള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ ആദായനികുതി വകുപ്പ് തയാറെടുക്കുകയാണ്.

Comments

comments

Categories: Slider, Top Stories