പണപ്രതിസന്ധി; ഒരാഴ്ചയില്‍ രാജ്യത്ത് മരണം മുപ്പത് കടന്നു

പണപ്രതിസന്ധി;  ഒരാഴ്ചയില്‍ രാജ്യത്ത് മരണം മുപ്പത് കടന്നു

 

ന്യൂഡെല്‍ഹി: 500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം മുപ്പതിലധികമായി. ഇക്കഴിഞ്ഞ തിങ്കളും ചൊവ്വയും മാത്രമായി മരണപ്പെട്ടത് ആറ് പേരാണ്. ഈ രണ്ടു ദിവസത്തിനുള്ളില്‍ അസാധുവാക്കിയ നോട്ട് മാറ്റി വാങ്ങാന്‍ ബാങ്കിലെ ക്യൂവില്‍ നിന്ന് കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേരാണ്. മൂന്ന് പേര്‍ ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സാധരണ ജനങ്ങളെ പരിഭ്രാന്തരാക്കി എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഈ റിപ്പോര്‍ട്ടുകള്‍ പങ്കുവെക്കുന്നത്.

ഗാസിയാബാദിലെ ഒരു ബാങ്കില്‍ നോട്ട് മാറ്റി വാങ്ങാന്‍ എത്തിയ ഒരാള്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗാസിയാബാദില്‍ റാം മെഹര്‍ സിംഗ് യാദവ് എന്ന കര്‍ഷകനാണ് മുരാദ്‌നഗറിലെ സഹ്കാരി ബാങ്ക് ബ്രാന്‍ഞ്ചില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. കൈയില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് റാം മെഹര്‍ സിംഗ് വൈദ്യസഹായം തേടാനാവാത്തതാണ് ഇതിനു പ്രേരിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആത്മഹത്യാ ശ്രമത്തില്‍ നിന്നും പിന്തിരിപ്പിച്ച് അദ്ദേഹത്തിന്റെ കൈയിലുള്ള അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ നല്‍കിയാണ് റാം മെഹര്‍ സിംഗിനെ ബാങ്ക് അധികൃതര്‍ വീട്ടിലേക്ക് തിരിച്ചയച്ചത്.
കേരളത്തിലും സ്ഥിതി മറിച്ചല്ല. മൂന്ന് മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. തലശ്ശേരി സ്റ്റേറ്റ് ബാങ്കിനു മുകളില്‍ നിന്നും ഗൃഹനാഥന്‍ വീണുമരിച്ചത് ആത്മഹത്യയാണെന്നും കരുതപ്പെടുന്നു. തലേ ദിവസം വായ്പയെടുത്ത അഞ്ച് ലക്ഷം രൂപ മാറ്റി വാങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് പെരളശ്ശേരി ചോരക്കളത്ത് കെ കെ ഉണ്ണി ആത്മഹത്യ ചെയ്തത്.

പണം നഷ്ടപ്പെടുമോ എന്ന ആശങ്ക ജനങ്ങളില്‍ ഭീതിയും ആശങ്കയും ജനിപ്പിക്കുന്നതിനൊപ്പം അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പോലും പണം കൈവശമില്ലാത്ത അവസ്ഥയാണ് പലരെയും വൈകാരിക തീരുമാനങ്ങളിലേക്കും രോഗാവസ്ഥകളിലേക്കും നയിക്കുന്നത്. പണ പ്രതിസന്ധി മറികടക്കുന്നതിന് കേന്ദ്രം സ്വീകരിച്ച നടപടികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ മരണ സംഖ്യ ഇനിയും ഉയരുമെന്ന സുചനകളാണ് ദേശീയ മാധ്യമങ്ങള്‍ പങ്കുവെക്കുന്നത്.

Comments

comments

Categories: Slider, Top Stories