സാധാരണക്കാരനും സമ്പന്നര്‍ക്കും രണ്ട് നിയമം വേണ്ട

സാധാരണക്കാരനും സമ്പന്നര്‍ക്കും രണ്ട് നിയമം വേണ്ട

മുംബൈയിലെ ഡിഎന്‍എ പത്രത്തില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് വളരെയധികം ആശങ്ക ഉണര്‍ത്തുന്നതാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏകദേശം 7,000 കോടി രൂപയുടെ വായ്പ എഴുതി തള്ളിയതായാണ് ഡിഎന്‍എ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വായ്പയെടുത്ത് തിരിച്ചടവില്‍ മനപ്പൂര്‍വം വീഴ്ച്ച വരുത്തിയവര്‍ക്കാണ് എസ്ബിഐ ഇങ്ങനെയൊരു ആനുകൂല്യം നല്‍കിയതായി പത്രി റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഇത് എഴുതിതള്ളിയതല്ലെന്നും ബാലന്‍സ് ഷീറ്റ് ക്ലിയര്‍ ചെയ്യുന്നതിന്റെ ഭാഗമായി മറ്റൊരു എക്കൗണ്ടിലേക്ക് മാറ്റുന്ന സാങ്കേതിക പ്രക്രിയ ആണെന്നുമാണ് ഒരു വിഭാഗം ബാങ്കിംഗ് വിദഗ്ധരുടെ പക്ഷം.

കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് ജനജീവിതം അസഹ്യമായിരിക്കുമ്പോഴാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവരുന്നത്. വേണ്ടത്ര പണം എടിഎമ്മുകളില്‍ ഇല്ലാത്തതിനാല്‍ 2000 രൂപ പിന്‍വലിക്കാന്‍ ഒരു ദിവസം മുഴുവനും പല എടിഎമ്മുകള്‍ കയറിഇറങ്ങേണ്ട അവസ്ഥയിലാണ ്‌സാധാരണക്കാര്‍.

വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യത്തു നിന്ന് മുങ്ങിയ വിജയ് മല്യ ഉള്‍പ്പെടെയുള്ളവരാണ് ഡിഎന്‍എ പുറത്തുവിട്ട പട്ടികയിലുള്ളത്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ മനപ്പൂര്‍വം വീഴ്ച്ച വരുത്തിയ ആദ്യ 100 എക്കൗണ്ടുകളില്‍ 60 എണ്ണവും പൂര്‍ണമായി എഴുതി തള്ളിയിരിക്കുകയാണ്. വാര്‍ത്ത ശരിയാണെങ്കില്‍ ഇതിനു പുറകിലുള്ള യുക്തി തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇവരില്‍ നിന്നും വായ്പ തിരിച്ചുപിടിക്കാനുള്ള സാഹചര്യമിരിക്കെ, വിദേശ രാജ്യങ്ങളില്‍ ഇന്ത്യയിലെ അതിസമ്പന്നരുടെ ബാങ്ക് എക്കൗണ്ടുകളില്‍ കള്ളപ്പണം കുമിഞ്ഞു കൂടിയിരിക്കെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന നടപടികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത് എന്തിനെന്ന ചോദ്യമാണ് ഉയരേണ്ടത്. നോട്ടുകള്‍ അസാധുവാക്കി ഇത്രയും മോശം സാഹചര്യം രാജ്യത്ത് സൃഷ്ടിച്ച് ജനങ്ങള്‍ അതില്‍ പൊറുതി മുട്ടി നില്‍ക്കുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ വല്ലാത്ത അരക്ഷിതാവസ്ഥയാണ് സര്‍ക്കാരില്‍ ഉണ്ടാക്കുക.

Comments

comments

Categories: Editorial