സഹകരണ ബാങ്കുകള്‍ക്കെതിരേ രാഷ്ട്രീയ ഗൂഢാലോചന : മുഖ്യമന്ത്രി

സഹകരണ ബാങ്കുകള്‍ക്കെതിരേ രാഷ്ട്രീയ ഗൂഢാലോചന : മുഖ്യമന്ത്രി

 

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ബിജെപി നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് ഇതിന്റെ ലക്ഷ്യം വ്യക്തമാണെന്നും നിയമപരമായ പരിശോധനകള്‍ക്ക് ആരും തടസമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 21ന് സര്‍വകക്ഷി യോഗം ചേരുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

കള്ളപ്പണക്കാരുടെ കേന്ദ്രമാണ് സഹകരണ ബാങ്കുകളെന്നാണ് പ്രചരിപ്പിക്കുന്നത്. ജനക്ഷേമകരമായ നിലപാടുകളുടെ പേരിലാണ് അവിടേക്ക് നിക്ഷേപകര്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നത്. സമ്പൂര്‍ണ ബാങ്കിംഗ് എന്ന സ്ഥിതിയിലേക്ക് കേരളത്തെ എത്തിക്കുന്നതില്‍ സഹകരണ ബാങ്കുകള്‍ വഹിച്ച പങ്ക് വലുതാണ്. ഇക്കാര്യങ്ങള്‍ കേന്ദ്ര ധനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ബോധ്യപ്പെടുത്തിയപ്പോള്‍ അനുകൂല പ്രതികരണമാണ് ഉണ്ടായത്. എന്നാല്‍ അതേ ദിവസം തന്നെ ഉച്ചയായപ്പോഴേക്കും നേര്‍ വിപരീതമായ ഉത്തരവ് വന്നതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നാണ് സംശയം. തന്നോട് സഹകരണ ബാങ്കുകളെ കുറിച്ച് ഒരു ബിജെപി ജനപ്രതിനിധി സംശയം ഉന്നയിച്ചെന്നും എങ്കില്‍ ബാങ്കുകളിലെ എല്ലാ രേഖകളും പരിശോധിക്കാമെന്ന് മറുപടി പറയുകയും ചെയ്‌തെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സഹകരണ ബാങ്കുകള്‍ക്കും ട്രഷറു സേവിംഗ്‌സ് ബാങ്കിനും നിര്‍വഹിക്കാവുന്ന പങ്കിനെ കുറിച്ച് റിസര്‍വ് ബാങ്കിനെ ധരിപ്പിക്കണമെന്ന് ബാങ്ക് പ്രതിനിധികളുടെ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തോട്ടം തൊഴിലാളികളുടെ ശമ്പളം തോട്ടമുടമകള്‍ ജില്ലാ കളക്റ്റര്‍ക്കു കൈമാറി കളക്റ്റര്‍ തൊഴിലാളികള്‍ക്കു നല്‍കുന്ന തരത്തില്‍ സംവിധാനമുണ്ടാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളും ശബരിമല തീര്‍ത്ഥാടകരും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ എടിഎമ്മുകളില്‍ എപ്പോഴും പണം നിറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ട്രഷറികളിലും കറന്‍സി എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*