ആയിരത്തിന്റെ നോട്ട് ഉടനില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ആയിരത്തിന്റെ നോട്ട് ഉടനില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

 

ന്യൂഡെല്‍ഹി : ആയിരം രൂപയുടെ പുതിയ നോട്ട് ഉടന്‍ പുറത്തിറക്കില്ലെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍ അറിയിച്ചു. 22,500 എടിഎമ്മുകള്‍ കൂടി പുനഃക്രമീകരിച്ചെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ അസാധുവായ നോട്ട് സ്വീകരിക്കാന്‍ അനുവദിക്കില്ല. അസാധു നോട്ടുകള്‍ മാറുന്നതിന്റെ പരിധി ചിലര്‍ മറികടക്കുന്നത് തടയാനാണ് പ്രതിദിനം മാറ്റി വാങ്ങാവുന്ന നോട്ടുകളുടെ തുക 4,500 രൂപയില്‍നിന്ന് 2,000 രൂപയായി കുറച്ചത്. അതേസമയം വിവാഹ ആവശ്യങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ പിന്‍വലിക്കാന്‍ അനുവദിച്ചത് സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചു. വിഷയം വിശദമായി ചര്‍ച്ച ചെയ്യണമെന്ന് ലോക്‌സഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ മൂന്ന് തവണ നിര്‍ത്തിവെക്കേണ്ടിവന്നു. നോട്ട് പിന്‍വലിക്കല്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ ഹാജരാകണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു.

രാജ്യസഭയില്‍ കോണ്‍ഗ്രസ്, ഡിഎംകെ അംഗങ്ങള്‍ ചെയര്‍മാന്റെ ഇരിപ്പിടത്തിന് സമീപത്തേക്ക് പ്രതിഷേധവുമായെത്തി മുദ്രാവാക്യം വിളിച്ചു. 500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നതിലൂടെ കള്ളപ്പണം എങ്ങിനെയാണ് ഇല്ലാതാക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി അംഗം സുധീന്ദ്ര ബഹദോറിയ ചോദിച്ചു. ലോക്‌സഭ ചേര്‍ന്ന മുതല്‍ പ്രതിപക്ഷം ബഹളം തുടങ്ങി.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*