അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം

അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം

 

ബ്യൂനസ് ഐറിസ്: ലാറ്റിനമേരിക്കന്‍ മേഖലാ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും തകര്‍പ്പന്‍ ജയം. അര്‍ജന്റീന കൊളംബിയയെ തോല്‍പ്പിച്ചപ്പോള്‍ പെറുവിനെതിരെയായിരുന്നു ബ്രസീല്‍ വിജയം സ്വന്തമാക്കിയത്.

സ്വന്തം തട്ടകത്തില്‍ വെച്ച് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു കൊളംബിയയ്‌ക്കെതിരായ അര്‍ജന്റീനയുടെ ജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ലൂക്കാസ് പ്രാറ്റോ, എയ്ഞ്ചല്‍ ഡി മരിയ എന്നിവരായിരുന്നു അര്‍ജന്റീനയ്ക്ക് വേണ്ടി വല കുലുക്കിയത്.

മത്സരത്തിന്റെ ഒന്‍പതാം മിനുറ്റില്‍ ഇടങ്കാലന്‍ ഫ്രീ കിക്കിലൂടെയായിരുന്നു മെസ്സിയുടെ മനോഹര ഗോള്‍. 22-ാം മിനുറ്റില്‍ മെസ്സിയുടെ പാസില്‍ നിന്നും പന്ത് സ്വീകരിച്ച ലൂക്കാസ് പ്രോറ്റോ അര്‍ജന്റീനയുടെ ലീഡുയര്‍ത്തി.

കളിയുടെ എണ്‍പത്തി മൂന്നാം മിനുറ്റിലായിരുന്നു അര്‍ജന്റീനയുടെ മൂന്നാം ഗോള്‍. ലയണല്‍ മെസ്സി എതിര്‍ പോസ്റ്റിനടുത്ത് നിന്നും മറിച്ച് നല്‍കിയ പന്ത് എയ്ഞ്ചല്‍ ഡി മരിയ കൃത്യമായി വലയിലാക്കുകയായിരുന്നു.

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തുടര്‍ച്ചയായ വിജയം കണ്ടെത്താനാവാതെ വിഷമിച്ച അര്‍ജന്റീന കൊളംബിയയക്കെതിരെ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. മത്സരത്തില്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസ്സി താളം കണ്ടെത്തിയതും വിജയത്തില്‍ നിര്‍ണായകമായി.

ഒരു തവണ ലക്ഷ്യം കണ്ടു എന്നതിന് പുറമെ മറ്റ് രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയതും മെസ്സിയായിരുന്നു. കൊളംബിയന്‍ പ്രതിരോധത്തെ നിസഹായരാക്കുന്ന തരത്തിലുള്ളതായിരുന്നു മെസ്സിയുടെ കണിശമാര്‍ന്ന പാസുകള്‍.

മുന്‍ കളികളില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്റീനയുടെ മുന്നേറ്റ നിരയും പ്രതിരോധവും കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരുന്നു. അതേസമയം, ഇതിനെ മറികടക്കാന്‍ കൊളംബിയന്‍ താരങ്ങള്‍ക്ക് സാധിച്ചതുമില്ല.

അര്‍ജന്റീന പോസ്റ്റിന് മുന്നില്‍ മികച്ച ഗോളവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കൊളംബിയന്‍ സൂപ്പര്‍ താരങ്ങളായ ഹാമിഷ് റോഡ്രിഗസും ഫല്‍ക്കാവോയും സമ്മര്‍ദ്ദത്തിലായിരുന്നു.

ഫല്‍ക്കാവോയ്ക്ക് കളി നിയന്ത്രിക്കാന്‍ പാകത്തിലുള്ള സാഹചര്യം കളിയില്‍ ഉണ്ടായതുമില്ല. മത്സരത്തിന്റെ അവസാന മിനുറ്റില്‍ റോഡ്രിഗസ് തൊടുത്ത ഫ്രീ കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തു.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയുടെ അഞ്ചാം ജയമായിരുന്നു ഇത്. ജയത്തോടെ പത്തൊന്‍പത് പോയിന്റായ അര്‍ജന്റീന പോയിന്റ് പട്ടികയില്‍ കൊളംബിയയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി.

പെറുവിനെ അവരുടെ നാട്ടില്‍ വെച്ച് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. ഗബ്രിയേല്‍ ജീസസ്, റെനറ്റോ അഗസ്‌റ്റോ എന്നിവരാണ് ബ്രസീലിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. സൂപ്പര്‍ താരം നെയ്മര്‍ ഫോം കണ്ടെത്താതിരുന്നതിനാലാണ് ആദ്യ പകുതിയില്‍ ബ്രസീലിന് തിരിച്ചടി നേരിട്ടത്. പെറുവിന്റെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല.

രണ്ടാം പകുതിയുടെ 57-ാം മിനുറ്റിലായിരുന്നു ഗബ്രിയേല്‍ ജീസസിന്റെ ഗോള്‍. ഇതോടെ ഊര്‍ജ്ജസ്വലരാ യ ബ്രസീനായി 78-ാം മിനുറ്റില്‍ റെനറ്റോ അഗസ്‌റ്റോയും ഗോള്‍ കണ്ടെത്തി. അതേസമയം, ഗോള്‍ വഴങ്ങിയ പെറു പൂര്‍ണമായും പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു.

പന്ത്രണ്ട് മത്സരങ്ങളില്‍ നിന്നും 27 പോയിന്റുള്ള ബ്രസീലാണ് ലാറ്റിനമേരിക്കന്‍ ഗ്രൂപ്പിലെ പോയിന്റ് പട്ടികയില്‍ മുന്നില്‍. യഥാക്രമം 23, 20 പോയിന്റ് വീതമുള്ള ഉറുഗ്വായ്, ഇക്വഡോര്‍ ടീമുകളാണ് അടുത്ത സ്ഥാനങ്ങളില്‍.

Comments

comments

Categories: Sports