വരൂ..അക്വാട്ടിക്കില്‍ രാപ്പാര്‍ക്കാം

വരൂ..അക്വാട്ടിക്കില്‍ രാപ്പാര്‍ക്കാം

img-20161006-wa0005ഇവിടെ എല്ലാം ഇങ്ങനെയാണ്. നഗരത്തിലെ തിരക്കിന്റെ ആരവങ്ങളും കൃത്രിമത്വങ്ങളുമില്ല. കായലില്‍ വരമ്പിട്ടത് പോലെ മണ്‍പാതകള്‍. അക്വാട്ടിക് ഫ്‌ളോട്ടിംഗ് റിസോര്‍ട്ടിലേക്ക് അടുക്കുംതോറും പ്രകൃതിയിലേക്ക് കൂടുതല്‍ അടുക്കുന്നതായി തോന്നും. തമിഴ്‌നാട്ടില്‍ വ്യാപിച്ചുകിടക്കുന്ന ഹോട്ടല്‍ റിസോര്‍ട്ട് ശൃംഖലകളുള്ള പോപ്പീസ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എസ് കെ ഹരി അറുമുഖന്‍ ഇങ്ങ് കൊച്ചു കേരളത്തിലെ കുമ്പളങ്ങിയെന്ന കൊച്ചുഗ്രാമത്തില്‍ ഫ്‌ളോട്ടിംഗ് റിസോര്‍ട്ട് നിര്‍മിക്കാന്‍ ആലോചിച്ചപ്പോഴും പ്രകൃതി ഭംഗിക്കുതന്നെയായിരുന്നു മുന്തിയ പരിഗണന നല്‍കിയത്. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തുന്നതൊന്നും ഇവിടെയില്ല. പ്രകൃതിയിലുള്ളവ ഒന്നുംതന്നെ മാറ്റി മറിക്കേണ്ടതില്ല. മണ്‍പാതയും കായലോരവും ചെമ്മീന്‍ കെട്ടുമെല്ലാം ചേര്‍ന്ന കുമ്പളങ്ങിയുടെ വശ്യമനോഹാരിത അതുപോലെ തന്നെ അദ്ദേഹവും സംഘവും അക്വാട്ടിക്ക് ഫ്‌ളോട്ടിംഗ് റിസോര്‍ട്ടിലേക്ക് ആവാഹിച്ചെടുത്തിരിക്കുന്നു.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന കുമ്പളങ്ങിയെന്ന കൊച്ചുദ്വീപിന് നിരവധി സവിശേഷതകളുണ്ട്. കണ്ടല്‍ക്കാടുകളും ചീനവലകളും കായലോരങ്ങളും ദേശാടനക്കിളികളുടെ സാന്നിധ്യവും സമൃദ്ധമായ മത്സ്യസമ്പത്തും ഈ ഗ്രാമത്തെ കൂടുതല്‍ സുന്ദരിയാക്കുന്നു. വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതില്‍ കുമ്പളങ്ങിയുടെ മാത്രം പ്രത്യേകതയായ വിവിധയിനം കായല്‍ മത്സ്യ വിഭവങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്. കായലുകളില്‍ പരമ്പരാഗത മത്സ്യബന്ധനത്തിനുപയോഗിക്കുന്ന നൂറോളം ചീനവലകള്‍ ഈ ഭൂപ്രദേശത്തിന്റെ മാത്രം പ്രത്യേകതയാണ്. കൊച്ചിയില്‍ തന്നെ ഏറ്റവുമധികം ചീനവലകളുള്ള പ്രദേശംകൂടിയാണിത്. എന്നാല്‍ ഏഷ്യയിലെ തന്നെ ആദ്യത്തെ ഫ്‌ളോട്ടിംഗ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന പ്രദേശമെന്ന പേരിലാണ് കുമ്പളങ്ങി ഇപ്പോള്‍ അറിയപ്പെടുന്നത്. നഗരത്തിലെത്തി കുമ്പളങ്ങിയിലേക്കുള്ള വഴി ചോദിക്കുമ്പോള്‍ മറുപടിയായി ഉയരുന്ന ആദ്യ ചോദ്യം അക്വാട്ടിക് ഫ്‌ളോട്ടിംഗ് റിസോര്‍ട്ടിലേക്കാണോയെന്നാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ കുമ്പളങ്ങിയുടെ ഐഡന്റിറ്റിയായി അക്വാട്ടിക് ഫ്‌ളോട്ടിംഗ് റിസോര്‍ട്ട് മാറിക്കഴിഞ്ഞിരിക്കുന്നു.
വാട്ടര്‍വേള്‍ഡെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ കുമ്പളങ്ങിയുടെ മുഖമുദ്രയായി അക്വാട്ടിക് ഫ്‌ളോട്ടിംഗ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നു. കണ്ണുതുറന്നാല്‍ കാണുന്നതും കാതോര്‍ത്താല്‍ കേള്‍ക്കുന്നതും വെള്ളത്തിന്റെ ഇരമ്പല്‍. ആഗോളതാപനവും അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞ വിഷയങ്ങളാണ്. വെള്ളത്തിനടിയിലായിപ്പോകാവുന്ന പ്രദേശങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഇന്നും സജീവമായി നിലനില്‍ക്കുന്നുമുണ്ട്. ഇതിനൊക്കെയുള്ള ഒരു പ്രതിവിധിയെന്നുപോലും വേണമെങ്കില്‍ ഇത്തരം ഫ്‌ളോട്ടിംഗ് സ്‌പേസുകളെ വിശേഷിപ്പിക്കാനാവും.

aquaaഅക്വാട്ടിക് അഥവാ പോപ്പീസിന്റെ ജല സാമ്രാജ്യം
ഗാര്‍മെന്റ് ബിസിനസിന് പേരുകേട്ട പോപ്പീസ് ഗ്രൂപ്പിന്റെ കുടുംബത്തില്‍ ജനിച്ച ഹരിക്ക് കുട്ടിക്കാലം മുതല്‍ക്കുതന്നെ ഹോസ്പിറ്റാലിറ്റി മേഖലയോടായിരുന്നു താല്‍പര്യം. അതുകൊണ്ടു തന്നെയാണ് സ്‌കൂള്‍ പഠനത്തിന് ശേഷം ഈ മേഖലയില്‍ തുടര്‍പഠനം നടത്താന്‍ അദ്ദേഹം തീരുമാനമെടുത്തത്. ഇന്ന് പോപ്പീസ് ഗ്രൂപ്പിന് തമിഴ്‌നാട്ടില്‍ ഒന്‍പതു ഹോട്ടലുകളും കേരളത്തില്‍ ഒരു റിസോര്‍ട്ടുമുണ്ട്. ”ടൂറിസത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരു സ്ഥലമെന്ന നിലയിലാണ് ഞങ്ങളുടെ ശൃംഖല കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഇത്രയും മനോഹരമായ ഭൂപ്രകൃതിയുള്ള പ്രദേശം ലോകത്തിന്റെ മറ്റേതു ഭാഗത്ത് കാണാനാവും?. ഇവിടെ കായലുകള്‍ക്കും കടല്‍ത്തീരങ്ങള്‍ക്കും ഹില്‍ സ്‌റ്റേഷനുകള്‍ക്കുമെല്ലാം തന്നെ പ്രകൃതി കനിഞ്ഞു നല്‍കിയ സ്വാഭാവിക സൗന്ദര്യമുണ്ട്. അതുകൊണ്ടുതന്നെയാണ് കേരളത്തിലും സാന്നിധ്യമറിയിക്കാന്‍ ഞങ്ങള്‍ ഏറെ താല്‍പര്യം കാട്ടിയതും. അക്വാട്ടിക്ക് ഫ്‌ളോട്ടംഗ് റിസോര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍ തന്നെയാണ്. കൃത്രിമമായി ഒന്നുമില്ലാത്ത നൂറുശതമാനം പ്രകൃതിദത്തമായ ഒരു പ്രദേശത്താണ് അക്വാട്ടിക് സ്ഥിതി ചെയ്യുന്നത്. ഞാന്‍ ധാരാളം യാത്ര ചെയ്യുന്ന വ്യക്തിയാണ്. ലോകത്തിന്റെ സുന്ദരമായ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുമുണ്ട്. എന്നാല്‍ ഇത്രയും പരിശുദ്ധമായ ഒരു സ്ഥലം ഞാന്‍ മറ്റെവിടെയും കണ്ടിട്ടില്ല, ” പോപ്പീസ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എസ് കെ ഹരി അറുമുഖന്‍ കേരളത്തില്‍ അക്വാട്ടിക് ഫ്‌ളോട്ടിംഗ് റിസോര്‍ട്ട് പോലുള്ള ഒരു സ്ഥാപനം തുടങ്ങിയതിനെക്കുറിച്ച് വ്യക്തമാക്കുന്നു.
”ധാരാളം ഫ്‌ളോട്ടിംഗ് റിസോര്‍ട്ടുകള്‍ ഇന്ന് ഇന്ത്യയിലുണ്ട്. എന്നാല്‍ അവയൊന്നും പൂര്‍ണമായും ഫളോട്ടിംഗ് ആണെന്ന് പറയാനാവില്ല. ഇവയുടെ ചില ഭാഗങ്ങള്‍ മാത്രമായിരിക്കും ഇത്തരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. എന്നാല്‍ അക്വാട്ടികില്‍ ഫ്‌ളോട്ടിംഗ് റിസോര്‍ട്ട് മുഴുവനായും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്,” അക്വാട്ടിക്ക് ഫ്‌ളോട്ടംഗ് റിസോര്‍ട്ടിന്റെ പ്രത്യേക അദ്ദേഹം വിശദീകരിക്കുന്നു.
ശരാശരി 10-15 അടി ആഴമുള്ള 30 ഏക്കര്‍ ചെമ്മീന്‍കെട്ടിലാണ് റിസോര്‍ട്ട് പൊങ്ങിക്കിടക്കുന്നത്. നീന്തല്‍ ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ക്കായി മുന്‍ഭാഗത്തെ ജലാശയം പൂര്‍ണമായി പ്രയോജനപ്പെടുത്താനുള്ള സജ്ജീകരണങ്ങളുണ്ട്. വാട്ടര്‍ സൈക്കിള്‍, ചെറുബോട്ടുകള്‍ എന്നിവയില്‍ സവാരി നടത്താം. ചൂണ്ടയിട്ട് മീന്‍ പിടിക്കാനും മത്സ്യങ്ങള്‍ക്കു തീറ്റ കൊടുക്കാനും അവസരമുണ്ട്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നീന്തല്‍ക്കുളം ഇന്ത്യയില്‍ ആദ്യമാണെന്നും ഹരി പറയുന്നു. ചുറ്റും വെള്ളമായതുകൊണ്ടുതന്നെ പൂളില്‍ ഇറങ്ങിക്കിടക്കുമ്പോള്‍ വിശാലമായൊരു ജലാശയത്തില്‍ കിടക്കുന്നതുപോലെ തോന്നും. ഇത് വ്യത്യസ്തമായ അനുഭവമാണെന്ന് സന്ദര്‍ശകരും തുറന്നുസമ്മതിക്കുന്നു. മാലിന്യനിര്‍മാര്‍ജനം, ജലശുദ്ധീകരണം തുടങ്ങിയവയ്‌ക്കെല്ലാം സംവിധാനങ്ങളുള്ളതാണ് അക്വാട്ടിക്. അഴുക്കുവെള്ളം ശുദ്ധീകരിച്ചാണ് തോട്ടം നനയ്ക്കുന്നത്.
പൊങ്ങിക്കിടക്കുന്ന മുറികള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങളുടെയെല്ലാം മേല്‍ക്കൂര കയര്‍വിരിപ്പുകൊണ്ട് പൊതിഞ്ഞിരിക്കുന്നു. ചൂടിനെ ചെറുക്കാനും കാഴ്ചയ്ക്ക് ഭംഗി പകരാനും ഇവ ഉപകരിക്കുന്നു. കിടപ്പുമുറികളോടു ചേര്‍ന്നുള്ള സ്വീകരണമുറി ജലനിരപ്പിനു മുകളിലാണ്. അതിനും മുകളില്‍ ബാല്‍ക്കണിയുണ്ട്. ഇവിടെ വെയില്‍കാഞ്ഞ് കിടക്കുന്നതാണ് വിദേശത്തുനിന്നുള്ള അതിഥികള്‍ക്ക് ഏറെ ഇഷ്ടം. യോഗയും ആയുര്‍വേദ ചികിത്സയുമെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. മൂന്നടി വെള്ളത്തിന് താഴെയാണ് ബെഡ്‌റൂം സ്ഥിതി ചെയ്യുന്നത്.
കേരളത്തിന്റെ വ്യവസായിക തലസ്ഥാനമെന്ന നിലയില്‍ കൊച്ചിയില്‍ ഇത്തരമൊരു സ്ഥാപനം തുടങ്ങിയത് തീര്‍ച്ചയായും നേട്ടമാണെന്നും ഹരി പറയുന്നു. കൊച്ചി നഗരത്തില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്ന ലൊക്കേഷനാണിത്. അതുകൊണ്ടുതന്നെ സഞ്ചാരികള്‍ക്കും ഏറെ സൗകര്യപ്രദമാണ്. കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുകൂടി തങ്ങളുടെ റിസോര്‍ട്ട് ശൃംഖലകള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പോ
പ്പീസ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ്.

aquaവയര്‍ നിറയ്ക്കാം.. മനസും
സമൃദ്ധമായ മത്സ്യസമ്പത്ത് തന്നെയാണ് കുമ്പളങ്ങിയുടെ മുഖ്യ ആകര്‍ഷണം. അക്വാട്ടികിന്റെ ഭംഗി ആസ്വദിക്കാന്‍ അവിടെ താമസിക്കണമെന്നുപോലുമില്ല. ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണശാല അതിഥികളെ സ്വാഗതം ചെയ്യുന്നു. കുമ്പളങ്ങി ശൈലിയിലുള്ള നാടന്‍ ഊണ് സഞ്ചാരികളുടെ മനസും വയറും ഒരു പോലെ നിറയ്ക്കും. ഉച്ച സമയങ്ങളില്‍ ഒരുക്കിയിട്ടുള്ളത് വ്യത്യസ്തമായ ഊണാണെങ്കില്‍ വൈകിട്ട് നിങ്ങളെ കാത്തിരിക്കുന്നത് സീഫുഡ് വിഭവങ്ങളായിരിക്കും. അക്വാട്ടിക്കില്‍ ഇറച്ചി വിഭവങ്ങള്‍ക്കുള്ളതിനേക്കാള്‍ പ്രാധാന്യം മത്സ്യ വിഭവങ്ങള്‍ക്കാണ്. ചിക്കനും, ബീഫും, മട്ടണും ഒക്കെ വേണമെങ്കില്‍ നേരത്തേ അറിയിക്കണം. എങ്കില്‍ മാത്രമേ അവ വിഭവങ്ങളായി തീന്‍മേശയിലെത്തൂ. മീനും ഞണ്ടും കൂന്തലും കരിമീനുമെല്ലാം പല രുചികളില്‍ മുന്നിലെത്തും. കുറച്ചുനേരം കാത്തിരുന്നാല്‍ മാത്രം മതി. ചൂണ്ടയിട്ട് മീന്‍ പിടിക്കാനുള്ള അവസരവും ഇവിടെയുണ്ട്.
”തദ്ദേശീയരായ ആളുകളാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നത്. ആ കൈപ്പുണ്യമാണ് ഞങ്ങളുടെ ഭക്ഷണത്തിന്റെ പ്രത്യേകത. സാധാരണ വീട്ടമ്മാര്‍ക്കെല്ലാം നന്നായി ഭക്ഷണം പാകം ചെയ്യാനുള്ള കഴിവുണ്ട്. ഇതിന് പുറമേ റിസോര്‍ട്ടിന്റെ നേതൃത്വത്തില്‍ ഇവര്‍ക്കായി പ്രത്യേക പരിശീലനം നല്‍കിയിരുന്നു. അവരുടെ സ്വാഭാവിക കഴിവിനെ പരിപോഷിപ്പിക്കുകയായിരുന്നു ഇതിനു പിന്നിലുള്ള ലക്ഷ്യം. ഇന്ന് ഇവിടെയെത്തുന്ന അതിഥികള്‍ക്കായി അവര്‍ നല്ല ഭക്ഷണം ഒരുക്കി നല്‍കുന്നു,” ഹരി അറുമുഖന്‍ പറയുന്നു. പ്രാദേശിക ജനതയുടെ വലിയ പിന്‍ബലവും ഞങ്ങള്‍ക്കുണ്ട്. അവര്‍ക്കും ഇതുകൊണ്ട് കാര്യമായ പ്രയോജനങ്ങളുണ്ട്. ഇവിടെയുള്ളതെന്തോ അതിനെ പരിപോഷിപ്പിക്കുകയല്ലാതെ അതിനെ ഇല്ലാതാക്കുന്ന ഒരു നടപടിയും ഇതുവരെ ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല. ആകാശത്തിനു കീഴെ വെള്ളപ്പരപ്പിനുമീതെ മെഴുകുതിരി വെളിച്ചത്തിലാണ് ഇവിടെ അത്താഴമൊരുക്കുന്നത്. വ്യത്യസ്തമായ രുചി അനുഭവമായിരിക്കും ഇതു സഞ്ചാരികള്‍ക്ക് പ്രദാനം ചെയ്യുന്നത്.

flotനിര്‍മാണത്തിലും വൈവിധ്യം
പ്രകൃതിയുടെ തനതു സമ്പത്തായ കുന്നുകളും കായലുകളുമെല്ലാം ഇല്ലാതാക്കി കോണ്‍ക്രീറ്റ് കാടുകള്‍ കെട്ടിപ്പൊക്കുന്നവര്‍ക്കുള്ള മറുപടിയാണ് അക്വാട്ടിക് ഫ്‌ളോട്ടിംഗ് റിസോര്‍ട്ട്. പ്രകൃതിയെ നോവിക്കാതെ അതിന്റെ സൗന്ദര്യം സ്വാഭാവിക രീതിയില്‍ ആസ്വദിക്കാനുള്ള അവസരമാണ് തങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്ന് ഹരി പറയുന്നു. പ്രത്യേകിച്ച് കുമ്പളങ്ങി പോലെ വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു പ്രദേശത്ത് കായല്‍ നികത്തി സൗധങ്ങള്‍ പണിയുന്നതിനേക്കാള്‍ അനുയോജ്യം ഇത്തരം നിര്‍മിതിയാണെന്നും അദ്ദേഹം പറയുന്നു. കരഭൂമിയുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടാണ് നിര്‍മാണം. കായല്‍പ്പരപ്പ് തന്നെ ഭൂരിഭാഗവും പ്രയോജനപ്പെടുത്തിയാണ് റിസോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. മത്സ്യബന്ധനത്തിന് തടസം നേരിടാതിരിക്കാനും പാരിസ്ഥിതിക ആഘാതം പരമാവധി കുറയ്ക്കാനും മുന്‍കരുതലുകളെടുത്തായിരുന്നു തങ്ങളുടെ നിര്‍മാണമെന്നും ഹരി വ്യക്തമാക്കി.
അക്ഷരാര്‍ത്ഥത്തില്‍ ഒരു ജലലോകമെന്നുപോലും വിശേഷിപ്പിക്കാനാവുന്ന തരത്തിലാണ് അക്വാട്ടിക്ക് ഫ്‌ളോട്ടംഗ് റിസോര്‍ട്ടിന്റെ നിര്‍മിതി. കോട്ടേജുകളും, സ്വിമ്മിംഗ് പൂളും ഭക്ഷണശാലയും സ്പായുമെല്ലാം നിര്‍മിച്ചിരിക്കുന്നത് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലാണ്. കോട്ടേജുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് മരപ്പാതകളുമുണ്ട്. നെല്‍ക്കതിരിനെ മാതൃകയാക്കിയാണ് റിസോര്‍ട്ടിന്റെ ഡിസൈന്‍. തണ്ടിനിരുവശവും നെല്‍മണികള്‍ കിടക്കുന്നതു പോലെയാണ് നടപ്പാതയ്ക്ക് ചുറ്റും കോട്ടേജുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
”പബ്ലിക്, സെമി പബ്ലിക്, പ്രൈവറ്റ്, സര്‍വീസ് സോണ്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഞങ്ങള്‍ കെട്ടിടങ്ങളുടെ സ്ഥാനം നിശ്ചയിച്ചത്. മുള, ഫെറോ സിമന്റ് എന്നിവയാണ് പ്രധാനമായും നിര്‍മാണത്തിനുപയോഗിച്ചത്. ഭാരം പരമാവധി കുറച്ചായിരുന്നു നിര്‍മാണം,” ഹരി അറുമുഖന്‍ പറയുന്നു. സ്റ്റീല്‍, ഗ്ലാസ് തുടങ്ങിയവയ്‌ക്കൊപ്പം തടിയും മുളയും അടക്കമുള്ള നാടന്‍ വസ്തുക്കളും ഉപയോഗിച്ചിട്ടുണ്ട്. കണ്ടമ്പററി രീതിയിലാണ് നിര്‍മാണം. ഡിറ്റാച്ചബിള്‍ യൂണിറ്റുകളാണ് അക്വാട്ടികിന്റെ മിക്ക കെട്ടിടങ്ങളും. ഭാവിയിലെ പുനര്‍വിന്യാസം കൂടി പരിഗണിച്ചാണ് ഇത്തരമൊരു രീതി അവലംബിച്ചിട്ടുള്ളതെന്നും ഹരി വ്യക്തമാക്കി. റിസോര്‍ട്ടിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് പുതിയ കെട്ടിടങ്ങള്‍ സ്ഥാപിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കേരളത്തില്‍ തങ്ങളുടെ ആദ്യത്തെ സ്ഥാപനം തന്നെ വിജയം കൈവരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് പോപ്പീസ് ഗ്രൂപ്പ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ബിസിനസ് അന്തരീക്ഷത്തെക്കുറിച്ചും അദ്ദേഹം വാചാലനാവുന്നു. സര്‍ക്കാരില്‍ നിന്നും പ്രാദേശിക സമൂഹത്തില്‍ നിന്നും മികച്ച സഹകരണമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഒരുക്കിയാല്‍ കേരളത്തില്‍ ടൂറിസം മേഖലയെ അടിസ്ഥാനമാക്കിയുള്ള ബിസിനസുകള്‍ തഴച്ചുവളരും. ഇവിടെ ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കെടിഎം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് മേഖലയ്ക്ക് ഊര്‍ജം പകരും. ഉല്‍പ്പന്നങ്ങള്‍ വിദേശത്തു നിന്ന് ഉള്‍പ്പടെയുള്ള ക്ലൈന്റുകളുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഇത്തരം നീക്കങ്ങളെ തീര്‍ച്ചയായും സ്വാഗതം ചെയ്യും-അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Comments

comments

Categories: FK Special