ജൂലിയന്‍ അസാന്‍ജിനെ ചോദ്യം ചെയ്തു

ജൂലിയന്‍ അസാന്‍ജിനെ ചോദ്യം ചെയ്തു

 

ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ സ്വീഡന്റെ ചീഫ് പ്രോസിക്യൂട്ടര്‍ ഇന്‍ഗ്രിഡ് ഇസ്‌ഗ്രെന്‍ തിങ്കളാഴ്ച ലണ്ടനിലുള്ള ഇക്വഡോര്‍ എംബസിയില്‍ വച്ച് ചോദ്യം ചെയ്തു. ഇക്വഡോറിയന്‍ പ്രോസിക്യൂട്ടറും ചോദ്യം ചെയ്യല്‍ സമയത്ത് സന്നിഹിതനായിരുന്നു.
സ്വീഡനില്‍ 2010ല്‍ അസാന്‍ജിനെതിരേ ബലാല്‍സംഗം കുറ്റം ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണു ചോദ്യം ചെയ്യല്‍ നടത്തിയത്. താന്‍ പരസ്പര സമ്മതത്തോടെയാണ് യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അസാന്‍ജ് ചോദ്യം ചെയ്യലില്‍ പറഞ്ഞതായി സൂചനയുണ്ട്. നടപടിക്രമം പൂര്‍ത്തിയാക്കിയതിനു ശേഷം മടങ്ങിയ സ്വീഡിഷ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടിയൊന്നും നല്‍കിയതുമില്ല.
നാല് വര്‍ഷമായി അസാന്‍ജ് ലണ്ടനിലുള്ള ഇക്വഡോര്‍ എംബസിയിലാണു കഴിയുന്നത്.
കേസില്‍ ചോദ്യം ചെയ്യുന്നതിന് സ്വീഡനിലെത്തണമെന്ന് അസാന്‍ജിനോട് ആവശ്യപ്പെട്ടെങ്കിലും അസാന്‍ജ് ആവശ്യം തള്ളുകയായിരുന്നു. സ്വീഡനില്‍നിന്നും യുഎസ് തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്കയുള്ളതിനാലാണ് അസാന്‍ജ് സ്വീഡന്‍ യാത്ര ഒഴിവാക്കിയത്.
യുഎസ് ആഗോളതലത്തില്‍ നടത്തിയ നിരീക്ഷണത്തിന്റെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ വിക്കിലീക്‌സിലൂടെ 2010ല്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് അസാന്‍ജ് യുഎസിന്റെ നോട്ടപുള്ളിയായിരുന്നു. അസാന്‍ജ് പുറത്തുവിട്ട രേഖകളില്‍ യുഎസ് സൈനിക, നയതന്ത്ര വിവരങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം ലണ്ടനിലുള്ള ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയത്.

Comments

comments

Categories: Slider, World