ബ്രെക്‌സിറ്റ് ചര്‍ച്ച നടത്താന്‍ ബ്രിട്ടന് താത്പര്യമില്ല; തെളിവുകള്‍ പുറത്ത്

ബ്രെക്‌സിറ്റ് ചര്‍ച്ച നടത്താന്‍ ബ്രിട്ടന് താത്പര്യമില്ല; തെളിവുകള്‍ പുറത്ത്

 

ലണ്ടന്‍: ഏറെ കൊട്ടിഘോഷിച്ച ബ്രെക്‌സിറ്റ് വിജയം ഫലപ്രാപ്തിയിലെത്തില്ലെന്നു സൂചിപ്പിക്കുന്ന രേഖകള്‍ പുറത്ത്. ഈ വര്‍ഷം ജൂണ്‍ 23നാണു യുകെയില്‍ ജനഹിതം നടന്നത്. ഫലം പുറത്തുവന്നപ്പോള്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ വിജയം നേടി. തുടര്‍ന്ന് യുകെ, യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കണമെങ്കില്‍ 30,000-ത്തോളം അധിക ജീവനക്കാരെ വേണ്ടിവരുമെന്നു വിശദീകരിച്ചു കൊണ്ട് ഒരു സ്വകാര്യ കണ്‍സല്‍ട്ടന്റ് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം ദി ടൈംസ് എന്ന പത്രം പുറത്തുവിട്ടു.
കണ്‍സല്‍ട്ടന്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുറിച്ചിരിക്കുന്ന തീയതി നവംബര്‍ ഏഴാണ്. തലക്കെട്ട് ബ്രെക്‌സിറ്റ് അപ്‌ഡേറ്റ്‌സ് എന്നും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്തിട്ടും യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുന്നതില്‍ പൊതുവായ തന്ത്രം രൂപപ്പെടുത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
അതേസമയം ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് തെരേസ മേയുടെ ഔദ്യോഗിക വക്താവ് രംഗത്തെത്തിയിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയല്ല. അതു കൊണ്ടു തന്നെ ഈ വാദങ്ങളെ മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. ബ്രെക്‌സിറ്റിനെക്കുറിച്ച് ജനഹിത തീരുമാനം എന്തായിരുന്നോ അത് നടപ്പിലാക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വക്താവ് പറഞ്ഞു.
യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുകടക്കാനുള്ള ആദ്യ രീതി ലിസ്ബണ്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 പ്രയോഗിക്കലാണ്. ഇത് അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രയോഗിക്കുമെന്ന് തെരേസ മേ നേരത്തെ പറഞ്ഞിരുന്നതാണ്.

Comments

comments

Categories: World