അനിശ്ചിതത്വം വിപണികളില്‍

അനിശ്ചിതത്വം  വിപണികളില്‍

എന്തായിരിക്കും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍. ഈ ചോദ്യം ആഗോള വിപണികളെ വല്ലാതെ അലട്ടുന്നുണ്ട്. സാമ്പത്തിക വിപണികളില്‍ വലിയ തോതിലുള്ള ചാഞ്ചാട്ടം തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം പ്രകടമായിരുന്നു. ജനുവരിയിലാണ് യുഎസ് പ്രസിഡന്റായി ഒബാമയുടെ പിന്‍ഗാമിയായി ട്രംപ് സ്ഥാനമേല്‍ക്കുക. ഉദാര സാമ്പത്തിക നയങ്ങളോട് അത്ര താല്‍പര്യമില്ലാത്തതാകും തന്റെ നയങ്ങള്‍ എന്നാണ് ട്രംപിന്റെ ഇതുവരെയുള്ള നിലപാടുകളില്‍ നിന്ന് വിലയിരുത്തപ്പെടുന്നത്. ഉയര്‍ന്ന പലിശനിരക്കുകളായിരിക്കും ട്രംപ് നടപ്പാക്കുകയെന്നാണ് സൂചന.

അതേസമയം, ധനനയത്തില്‍ കണിശത തുടരുകയും സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ അത്ര കണിശത സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന നിലപാടായിരിക്കും ട്രംപ് കൈക്കൊള്ളുകയെന്നാണ് ചില സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ആണ് ധനനയ രൂപീകരണം നടത്തുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നയിക്കാനുതകുന്ന തരത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നതാണ് സാമ്പത്തിക നയങ്ങള്‍.
അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന തരത്തിലുള്ള ഇടുങ്ങിയ നയങ്ങളായിരിക്കും ട്രംപ് സ്വീകരിക്കുക. അമേരിക്കയുടെ അടയാളങ്ങളിലൊന്നായ സ്വതന്ത്ര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതായേക്കില്ല അത്. എന്തായാലും ചിത്രം വ്യക്തമാകാന്‍ ജനുവരി വരെ കാത്തിരിക്കേണ്ടിവരും. വിപണിയെ സ്വതന്ത്രമാക്കുന്ന നയങ്ങളായിരിക്കില്ല ട്രംപിന്റേതെന്ന വിമര്‍ശനങ്ങള്‍ അദ്ദേഹം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Editorial