ഓസ്‌ട്രേലിയക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

ഓസ്‌ട്രേലിയക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

 

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. ഇന്നിംഗ്‌സിനും 80 റണ്‍സിനുമാണ് ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോട് അടിയറവ് പറഞ്ഞത്.

രണ്ടാം ഇന്നിംഗ്‌സിന്റെ നാലാം ദിനത്തില്‍ 121ന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 161 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 85ന് പുറത്തായ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോട് മുമ്പ് 241 റണ്‍സ് ലീഡ് വഴങ്ങുകയും ചെയ്തിരുന്നു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആദ്യ രണ്ട് മത്സരങ്ങളില്‍ നേടിയ ജയത്തോടെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയും ചെയ്തു. ആദ്യ ഇന്നിംഗ്‌സില്‍ 326 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആറ്, നാല് വിക്കറ്റുകള്‍ യഥാക്രമം വീഴ്ത്തിയ കെയ്ല്‍ അബോട്ട്, റബാഡ എന്നിവരാണ് ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 23.1 ഓവറില്‍ 77 റണ്‍സ് വഴങ്ങിയാണ് കെയ്ല്‍ അബോട്ട് ആറ് വിക്കറ്റ് വീഴ്ത്തിയത്.

പതിനേഴ് ഓവറില്‍ 34 റണ്‍സ് വഴങ്ങിയായിരുന്നു റബാഡയുടെ നാല് വിക്കറ്റ് നേട്ടം. നാലാം ദിവസത്തിലെ അവസാന എട്ട് വിക്കറ്റുകള്‍ വെറും 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയിലാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.

ഓസ്‌ട്രേലിയക്ക് വേണ്ടി ഉസ്മാന്‍ ഖവാജ, വാര്‍ണര്‍, സ്മിത്ത് എന്നിവര്‍ യഥാക്രമം 64, 45, 31 റണ്‍സ് വീതം നേടി. അതേസമയം, വോഗ്‌സ് (2), ബോണ്‍സ് (0), ഫെര്‍ഗ്യൂസണ്‍ (1), നെവില്‍ (6), മെന്നി (0), സ്റ്റാര്‍ക്ക് (0), ലിയോണ്‍ (4) എന്നീ താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല.

ഓസ്‌ട്രേലിയന്‍ നിരയില്‍ ഹസില്‍വുഡ് ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 326 റണ്‍സ് നേടിയത്. പതിനേഴ് ഫോറുകളുടെ ബലത്തില്‍ ഡി കോക്ക് 104 റണ്‍സ് അടിച്ചെടുത്തു. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ 177 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയതിലൂടെ അപൂര്‍വ റെക്കോര്‍ഡും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ടെസ്റ്റ് അംഗത്വമുളള എല്ലാ രാജ്യങ്ങള്‍ക്കെതിരെയും അവരുടെ നാട്ടില്‍ ഇന്നിംഗ്‌സ് ജയം സ്വന്തമാക്കിയ ഏക ടീമെന്ന റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്ക കരസ്ഥമാക്കിയത്.

ഇതിന് പുറമെ, ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തുടര്‍ച്ചയായ മൂന്ന് പരമ്പരയില്‍ പരാജയപ്പെടുത്തിയ ടീമെന്ന ബഹുമതിയും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇംഗ്ലണ്ട് (1985, 1988), വെസ്റ്റ് ഇന്‍ഡീസ് (1985, 1989) ടീമുകളാണ് ഇതിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടീമിനെതിരെ ഹാട്രിക് പരമ്പര സ്വന്തമാക്കിയത്.

Comments

comments

Categories: Sports