ജിയോയുടെ വരവ്: നേട്ടം കൊയ്യാനൊരുങ്ങി എറിക്‌സണ്‍, ട്രൂകോളര്‍, ലാവ മൊബീല്‍സ്

ജിയോയുടെ വരവ്:  നേട്ടം കൊയ്യാനൊരുങ്ങി എറിക്‌സണ്‍, ട്രൂകോളര്‍, ലാവ മൊബീല്‍സ്

 

ന്യൂ ഡെല്‍ഹി : കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഡാറ്റയും സൗജന്യ കോളുകളുമായി റിലയന്‍സ് ജിയോയുടെ കടന്നുവരവ് സ്മാര്‍ട്ട് ഫോണ്‍ വിപണിയുമായി ബന്ധപ്പെട്ട വിവിധ കമ്പനികള്‍ക്ക് ഗുണം ചെയ്യും. ടെലികോം ഉല്‍പ്പന്നങ്ങളും നെറ്റ്‌വര്‍ക്ക് സേവനങ്ങളും പുറത്തിറക്കുന്ന സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ് ഇന്ത്യയില്‍ എത്രയും വേഗം 4ജി സേവനം പുറത്തിറക്കുന്നതിന് ജിയോയുടെ വരവ് പ്രേരണയാകുകയാണ്.

ജിയോയുടെ വിപണിപ്രവേശം ഹൈ ബിറ്റ്-റേറ്റ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് വികസിപ്പിക്കുന്നതിന് തീര്‍ച്ചയായും ആക്കം കൂട്ടുമെന്ന് എറിക്‌സണ്‍ ഇന്ത്യ മേധാവി പവ്‌ലോ കൊലേല പറഞ്ഞു. ജിയോ ഇല്ലായിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഇത്ര വേഗം 4ജി സേവനം നല്‍കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം സമ്മതിച്ചു. മിക്ക പാശ്ചാത്യ രാജ്യങ്ങളിലും 4ജി തരംഗം അലയടിക്കുന്നത് തങ്ങള്‍ക്കറിയാം. ചൈന, കൊറിയ, ജപ്പാന്‍ എന്നിവ ഈ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വലിയ തോതില്‍ പണം മുടക്കിയിട്ടുണ്ട്. 4ജി രംഗത്ത് മറ്റെല്ലാ പ്രധാന സമ്പദ് വ്യവസ്ഥകള്‍ക്കൊപ്പം ഇന്ത്യയെ അണിനിരത്തുന്നതിന് ജിയോയ്ക്ക് സാധിച്ചു എന്നതാണ് അവരുടെ സംഭാവനയെന്നും കൊലേല അഭിപ്രായപ്പെട്ടു.

വയര്‍ലൈന്‍ മേഖലയിലെ പരിമിതമായ അടിസ്ഥാനസൗകര്യ വികസനം കാരണം രാജ്യത്തെ ബ്രോഡ്ബാന്‍ഡ് ഉപയോഗ പരിമിതമാണ്. രാജ്യം 4ജിയിലേക്ക് നീങ്ങിയതോടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020ഓടെ ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞത് 800 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിക്കാനാണ് എറിക്‌സണ്‍ ഉദ്ദേശിക്കുന്നതെന്നും കൊലേല വ്യക്തമാക്കി.

ജിയോയുടെ വരവ് പ്രയോജനപ്പെടുന്ന മറ്റൊരു കൂട്ടര്‍ ട്രൂകോളര്‍ മൊബീല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന ട്രൂ സോഫ്റ്റ്‌വെയര്‍ സ്‌കാന്‍ഡിനേവിയ എന്ന സ്വീഡിഷ് കമ്പനിയാണ്. ജിയോ നെറ്റ്‌വര്‍ക്കില്‍ ട്രൂകോളര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം മറ്റേതൊരു സേവനദാതാവിനേക്കാളും മൂന്നിരട്ടിയാണെന്ന് സഹസ്ഥാപകന്‍ അലന്‍ മാമേദി പറഞ്ഞു. പുതിയ യൂസര്‍മാര്‍ ഒരോ ദിവസവും കൂടിവരികയാണ്. സൗജന്യ ഓഫര്‍ കാലാവധി കഴിഞ്ഞാലും റിലയന്‍സ് ജിയോ തന്നെയായിരിക്കും ഇന്ത്യന്‍ വിപണിയെ അടക്കിഭരിക്കുകയെന്നും നിലവില്‍ ജിയോയുടെ താരിഫ് എതിരാളിയേക്കാള്‍ പത്ത് മടങ്ങ് കുറവാണെന്നും അലന്‍ മാമേദി കൂട്ടിച്ചേര്‍ത്തു.

2009ല്‍ ഇന്ത്യയിലെത്തിയ ട്രൂകോളര്‍ ഇന്ത്യയിലെ ഡാറ്റ വിപണി വികാസം പ്രാപിക്കാത്തതിനാല്‍ തുടക്കകാലത്ത് വളരെയധികം പ്രയാസം നേരിട്ടിരുന്നു. 3ജി, 4ജി സേവനം വ്യാപകമായതോടെയാണ് ട്രൂകോളര്‍ നിലയുറപ്പിച്ചത്. കൂടുതല്‍ ആളുകള്‍ 4ജി ഉപയോഗിക്കുന്നതോടെ രാജ്യത്ത് കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മൊബീല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ലാവ മൊബീല്‍സ് ആണ് ജിയോയിലൂടെ നേട്ടം കൈവരിക്കുന്ന മറ്റൊരു കമ്പനി. 4ജി സേവനം കൂടുതലായി ഉപയോഗിക്കപ്പെടുന്നത് പ്രയോജനപ്പെടുത്തി തങ്ങളുടെ വിപണി വിഹിതം 2020ഓടെ 20 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ലാവ മൊബീല്‍സ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ ഹരി ഓം റായ് പറഞ്ഞു. ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2021ഓടെ പ്രതിമാസം 18 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി ലാവ മൊബീല്‍സ് 2,600 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 4ജി ഫോണുകള്‍ക്ക് വന്‍ ഡിമാന്‍ഡ് പ്രകടമായിരുന്നു. 5,000 രൂപയ്ക്ക് താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വളര്‍ച്ച അതിവേഗത്തിലാണെന്നും ഫീച്ചര്‍ഫോണില്‍നിന്ന് സ്മാര്‍ട്ട്‌ഫോണിലേക്കുള്ള മാറ്റം വര്‍ധിച്ചുവരുന്നതായും റായ് പറഞ്ഞു.

Comments

comments

Categories: Branding, Slider