പൊതു മേഖലാ ബാങ്കുകളെ തോല്‍പ്പിച്ച് സ്വകാര്യ ബാങ്കുകള്‍

പൊതു മേഖലാ ബാങ്കുകളെ  തോല്‍പ്പിച്ച് സ്വകാര്യ ബാങ്കുകള്‍

പൊതു മേഖലാ ബാങ്കുകള്‍ ലാഭക്കണക്കുകളില്‍ തളര്‍ച്ച തുടരുകയാണ്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 16 സ്വകാര്യ ബാങ്കുകളുടെ മൊത്തം ലാഭം 10,478.41 കോടി രൂപയാണ്. ഇതേ കാലയളവില്‍ 23 പൊതു മേഖലാ ബാങ്കുകള്‍ ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത ലാഭമാകട്ടെ 2,218.42 കോടി രൂപയും. അതായത് പൊതു മേഖലാ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 367.5 ശതമാനം അല്ലെങ്കില്‍ നാല് മടങ്ങ് അധികമാണ് സ്വകാര്യ ബാങ്കുകളുടെ ലാഭം. എങ്കിലുംകഴിഞ്ഞ പാദത്തെക്കാളും മികച്ച പ്രകടനമാണ് പൊതു മേഖലാ ബാങ്കുകള്‍ നടത്തിയിരിക്കുന്നത്. ജൂണില്‍ അവസാനിച്ച പാദത്തില്‍ 1,251.36 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു പൊതു മേഖലാ ബാങ്കുകള്‍ രേഖപ്പെടുത്തിയത്. അതേ കാലയളവില്‍ സ്വകാര്യ ബാങ്കുകളുടെ ലാഭം 10,291.28 കോടി രൂപ ആയിരുന്നു.

പെരുകുന്ന കിട്ടാക്കടമാണ് പൊതു മേഖലാ ബാങ്കുകളുടെ ലാഭത്തെ ബാധിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ മൊത്തത്തിലുള്ള അറ്റ നിഷ്‌ക്രിയ ആസ്തി 9.5 ശതമാനമാണ് വര്‍ധിച്ചത്. 500, 1000 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയത് നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. പൊതു മേഖലാ ബാങ്കുകളുടെ ലയനമാണ് ലാഭം മെച്ചപ്പെടുത്താനുള്ള വഴിയായി വിലയിരുത്തപ്പെടുന്നത്. പൊതു മേഖലാ ബാങ്കുകളുടെ എണ്ണം 23ല്‍ നിന്ന് ആറായി ചുരുക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നാണ് സൂചന. അങ്ങനെ വരുമ്പോള്‍ ലാഭത്തില്‍ കൂടുതല്‍ മെച്ചം നേടാനും പ്രവര്‍ത്തനക്ഷമത കൂട്ടാനും കഴിഞ്ഞേക്കും.

Comments

comments

Categories: Editorial