ഡ്യുട്ടര്‍ട്ട് പയറ്റുന്നത് ‘മാക്‌വെല്യന്‍’ തന്ത്രം

ഡ്യുട്ടര്‍ട്ട് പയറ്റുന്നത് ‘മാക്‌വെല്യന്‍’ തന്ത്രം

തെക്ക് കിഴക്കനേഷ്യയിലെ ദ്വീപ് രാഷ്ട്രമായ ഫിലിപ്പൈന്‍സിലെ ജനത ഭീതിദമായ നാളുകളിലൂടെയാണു കടന്നുപോകുന്നത്. മയക്കുമരുന്ന് ലോബിക്കെതിരേ zero tolerence നയം പിന്തുടരുന്ന പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടര്‍ട്ടിന്റെ നടപടികളാണു ഫിലിപ്പൈന്‍സ് ജനതയെ ആശങ്കപ്പെടുത്തിയിരിക്കുന്നത്. മയക്കുമരുന്ന് വേട്ടയുടെ പേരില്‍ മനുഷ്യാവകാശം ഹനിക്കുകയാണെന്ന പരാതി വ്യാപകമായിരിക്കുന്നു. ഫിലിപ്പൈന്‍സിന്റെ പ്രസിഡന്റായി ഈ വര്‍ഷം ജൂണിലാണ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ട് ചുമതലയേറ്റത്.
അധികാരമേറ്റതിനു ശേഷം മയക്കമരുന്ന് ലോബിക്കെതിരേ ശക്തമായ നടപടിയുമായി മുന്നേറാനാണു ഡ്യൂട്ടര്‍ട്ട് രാജ്യത്തെ നിയമപാലകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഫലമെന്നു വേണമെങ്കില്‍ പറയാം 4,726 പേര്‍ മയക്കുമരുന്ന് വേട്ടയുടെ പേരില്‍ കൊല്ലപ്പെട്ടു. ഫിലിപ്പൈന്‍ നാഷണല്‍ പൊലീസിന്റെ ജുലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകളിലാണ് പേടിപ്പെടുത്തുന്ന ഈ വിവരമുള്ളത്.
സാമൂഹ്യ വിപത്തെന്ന നിലയില്‍ മയക്കുമരുന്നിനെതിരേ ഡ്യൂട്ടര്‍ട്ട് സ്വീകരിച്ചിരിക്കുന്ന യാഥാസ്ഥിതകമല്ലാത്ത നിലപാട് ഇപ്പോള്‍ ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മനുഷ്യാവകാശം സംഘടനകളാണ് ഡ്യൂട്ടര്‍ട്ടിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. മയക്ക്മരുന്ന് കുറ്റവാളികളെ വെടിവച്ച് കൊലപ്പെടുത്താനുള്ള (shoot to kill) ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള ഡ്യൂട്ടര്‍ട്ടിന്റെ നടപടിയെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് അവര്‍ വാദിക്കുന്നു.
സമീപകാലത്ത് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും, യുഎസും ഡ്യൂട്ടര്‍ട്ടിനെതിരേ രംഗത്തുവരികയുണ്ടായി. മനുഷ്യാവകാശം സംരക്ഷിച്ചു കൊണ്ടാവണം മയക്ക്മരുന്ന് കുറ്റവാളികളോട് ഇടപെടേണ്ടതെന്ന് യുഎസ് നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ ഇത്തരം നിര്‍ദേശങ്ങളൊന്നും ഡ്യൂട്ടര്‍ട്ട് ചെവിക്കൊള്ളാന്‍ തയാറായിട്ടില്ല.
ഫിലിപ്പൈന്‍സിലെ മനുഷ്യാവകാശ ധ്വംസനം അന്വേഷിക്കുമെന്നു യുഎസ് പ്രസിഡന്റ് ഒബാമ പറഞ്ഞപ്പോഴാണ് അദ്ദേഹത്തിനെതിരേ ഡ്യൂട്ടര്‍ട്ട് അസഭ്യപ്രയോഗം നടത്തിയത്. അമേരിക്കയുടെ കളിപ്പാവയല്ല ഫിലിപ്പൈന്‍സെന്നും പരമാധികാര രാഷ്ട്രമാണെന്നും ഡ്യൂട്ടര്‍ട്ട് പറഞ്ഞു. മാത്രമല്ല, ഒബാമ വേശ്യയുടെ മകനാണെന്നും ഡ്യൂട്ടര്‍ട്ട് പറഞ്ഞു. ഇത് വന്‍ വിവാദമായ സംഭവമായിരുന്നു.
പ്രസിഡന്റാവുന്നതിനു മുന്‍പു ഫിലിപ്പൈന്‍സിലെ ദാവോ നഗരത്തിന്റെ ഡെപ്യൂട്ടി മേയറും, മേയറുമായിരുന്നു ഡ്യൂട്ടര്‍ട്ട്. അന്ന് മയക്കുമരുന്ന് കുറ്റക്കാര്‍ക്കെതിരേ ഡ്യൂട്ടര്‍ട്ട് സ്വീകരിച്ച നടപടിയും വന്‍ കോളിളക്കം സൃഷ്ടിച്ചവ തന്നെയായിരുന്നു. davao death squad രൂപീകരിച്ചു കൊണ്ടാണ് ഡ്യൂട്ടര്‍ട്ട് കുറ്റവാളികളെ നേരിട്ടത്. മയക്കുമരുന്നിനെതിരേ മാത്രമായിരുന്നില്ല, പകരം കള്ളന്മാരെയും, ബലാല്‍സംഗത്തിന് പിടിക്കപ്പെടുന്നവര്‍ക്കെതിരേയും ഡ്യൂട്ടര്‍ട്ട് ശക്തമായ നടപടി സ്വീകരിച്ചു. 1988 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തിനിടയില്‍ ഇത്തരത്തില്‍ 1,000 പേരെയെങ്കിലും ശിക്ഷയുടെ ഭാഗമായി കൊലപ്പെടുത്തിയിട്ടുണ്ടെന്നു ഡാവോ ഡെത്ത് സ്വകാഡ് അംഗം എഡ്ഗര്‍ മാതോബാതോ പറയുന്നു.
മയക്കുമരുന്നിനെതിരേ ഇപ്പോള്‍ ഡ്യൂട്ടര്‍ട്ട് സ്വീകരിച്ചിരിക്കുന്ന zero tolerence നടപടിയെ സ്വന്തം മന്ത്രിസഭയിലുള്ളവര്‍ പോലും പിന്തുണയ്ക്കുന്നില്ലെന്നതാണ് വാസ്തവം. മയക്കുമരുന്ന് വേട്ടയുടെ പേരില്‍ മനുഷ്യത്വരഹിതമായ നടപടികള്‍ക്ക് ഉത്തരവിടാനുള്ള അധികാരം ഡ്യൂട്ടര്‍ട്ടിനില്ലെന്ന് കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദാവോ നഗരത്തിന്റെ മേയറായിരുന്നപ്പോള്‍ നിയമപാലകരെ ഉപയോഗിച്ച് ഡ്യൂട്ടര്‍ട്ട് ഇത്തരത്തില്‍ കൊന്നൊടുക്കിയ സംഭവം വിവാദമാവുകയും ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ തെളിവില്ലെന്ന കാരണത്താല്‍ ഡ്യൂട്ടര്‍ട്ടിനെ വിചാരണ നടപടിയില്‍നിന്നും ഒഴിവാക്കുകയായിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടര്‍ട്ടിന് ലഭിച്ച മൃഗീയ ഭൂരിപക്ഷമാണ് അദ്ദേഹത്തെ ശക്തമായ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ച ഘടകം. എന്നാല്‍ ഇതിലൂടെ ഡ്യൂട്ടര്‍ട്ട്, മനുഷ്യാവകാശം ധ്വംസിക്കുന്ന വിധമുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത് ഫിലിപ്പൈന്‍സിനെ അസ്വസ്ഥമാക്കുന്നുണ്ട്.

Comments

comments

Categories: World