പതഞ്ജലിയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ജെഎച്ച്എസ് പദ്ധതി

പതഞ്ജലിയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ജെഎച്ച്എസ് പദ്ധതി

 

മുംബൈ: ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മുഴുവന്‍ ശേഷിയും ഉപയോഗപ്പെടുത്തി കൂടുതല്‍ ഉല്‍പ്പാദനം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജെഎച്ച്എസ് സ്‌വെന്‍ഡ്ഗാര്‍ഡ്. പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ്, പാമൊലീവ്, ഡാബര്‍ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ ലിമിറ്റഡ് തുടങ്ങിയ ടൂത്ത്‌പേസ്റ്റ് നിര്‍മാണ കമ്പനികളുടെ കരാര്‍ മാനുഫാക്ച്ചറിംഗ് കമ്പനിയാണ് ജെഎച്ച്എസ്. മൂന്ന് വര്‍ഷത്തെ കുറഞ്ഞ ഉല്‍പ്പാദനത്തിനു ശേഷം ഉല്‍പ്പാദനശേഷി വികസിപ്പിക്കുന്ന ഘട്ടത്തിലാണ് കമ്പനി. ഉപഭോക്തൃ ഉല്‍പ്പന്ന ശ്രേണിയില്‍ ത്വരിതഗതിയില്‍ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ ഉല്‍പ്പാദന കരാറാണ് ജെഎച്ച്എസിനെ ഏറെ സഹായിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഉല്‍പ്പാദനശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്താനാകുമെന്നാണ് ജെഎച്ച്എസ് സ്‌വെന്‍ഗാര്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ നിഖില്‍ നന്ദ പ്രതികരിച്ചത്. ടൂത്ത് പേസ്റ്റ് നിര്‍മാണ മേഖലയില്‍ മൊത്തത്തിലുണ്ടായ ഇടിവ് ചില ക്ലൈന്റുകളുടെ വിപുലീകരണ പദ്ധതികളെ ബാധിച്ചിട്ടുണ്ടെന്നും ഇത് കമ്പനിയുടെ ഉല്‍പ്പാദന ശേഷി ഉപയോഗപ്പെടുത്തുന്നതില്‍ കാലതാമസം വരുത്തുമെന്നും നന്ദ വിശദീകരിച്ചു. 2017-2018 സാമ്പത്തിക വര്‍ഷത്തിലേക്കായി 30 കോടി രൂപയുടെ മൂലധന ചെലവാണ് കമ്പനി കണക്കാക്കിയിട്ടുള്ളത്. ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദ് പോലുള്ള കമ്പനികളെ കേന്ദ്രീകരിച്ച് ആയര്‍വേദിക് ഹെര്‍ബല്‍ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തികൊണ്ടുള്ള പദ്ധതികളാണ് ഇതില്‍ ഭൂരിഭാഗവും.

ടൂത്ത് പേസ്റ്റ് വിപണി സെപറ്റംബറില്‍ അവസാനിച്ച പാദത്തില്‍ 1.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. 2015ല്‍ 57.2 ശതമാനമായിരുന്ന കോള്‍ഗേറ്റിന്റെ വിപണി വിഹിതം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 55.7 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഹെര്‍ബല്‍ കമ്പനികള്‍ ശക്തമായ വളര്‍ച്ചയാണ് ഈ പാദത്തില്‍ കാഴ്ചെവച്ചതെന്നാണ് ഈഡെല്‍വെയ്‌സ് സെക്യൂരിറ്റി ലിമിറ്റഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.. കോള്‍ഗേറ്റിന്റെയും ഡാബറിന്റെയും വളര്‍ച്ചാ നിരക്ക് കഴിഞ്ഞ പാദത്തില്‍ നാല് ശതമാനം കുറഞ്ഞിട്ടുണ്ട്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പതഞ്ജലി ദന്ത് കാന്തി ടൂത്ത്‌പേസ്റ്റില്‍ നിന്നുള്ള വരുമാനം 450 കോടി കടന്നതായാണ് റിപ്പോര്‍ട്ട്. 2015ല്‍ പതഞ്ജലി ആയര്‍വേദിന്റെ റീട്ടെയ്ല്‍ വില്‍പ്പന വിഹിതം 4.4 ശതമാനത്തില്‍ നിന്നും 5.4 ശതമാനമായി വര്‍ധിച്ചിരുന്നു.

Comments

comments

Categories: Branding