ഇന്ത്യയില്‍ 1,320 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി ഒപ്റ്റിമസ് ഇന്‍ഫ്രാകോം

ഇന്ത്യയില്‍ 1,320 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി ഒപ്റ്റിമസ് ഇന്‍ഫ്രാകോം

 

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 1,320 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ന്യൂഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികമ്യുണിക്കേഷന്‍ ഉല്‍പ്പന്നങ്ങളുടെ വിതരണ കമ്പനിയായ ഒപ്റ്റിമസ് ഇന്‍ഫ്രാകോം ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ കമ്പനിയുമായി സംയുക്ത സംരംഭ കരാറില്‍ ഒപ്പുവച്ച വിസ്‌ട്രോമുമായി ചേര്‍ന്നാണ് രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ ഒപ്റ്റിമസ് ഇന്‍ഫ്രാകോം തയാറെടുക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലെറ്റ്, സ്മാര്‍ട്ട് ഡിവൈസസ് തുടങ്ങിയ ടെലികോം ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലായിരിക്കും കമ്പനി നിക്ഷേപങ്ങള്‍ നടത്തുക.

മാനുഫാക്ച്ചറിംഗ് രംഗം സശ്രദ്ധം വീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ കാലയളവുള്ള നിക്ഷേപ പദ്ധതികളുടെ വ്യക്തമായ അവലോകനം കമ്പനിക്കുണ്ടെന്നും ഈ കാലയളവിനുള്ളില്‍ 200 മില്യണ്‍ ഡോളറിന്റെ ആകെ നിക്ഷേപം സംയുക്ത പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നടത്തുമെന്നും ഒപ്റ്റിമസ് ഇന്‍ഫ്രാകോം ചെയര്‍മാന്‍ അശോക് കുമാര്‍ ഗുപ്ത പറഞ്ഞു. വിസ്ര്‌ടോമിനെ സംബന്ധിച്ചിടത്തോളം കമ്പനി ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതികളിലൊന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയിലെയും തായ്‌വാനിലെയും പ്രമുഖ മൊബീല്‍ ബ്രാന്‍ഡുകള്‍ ഇന്ത്യ പോലുള്ള ഉയര്‍ന്ന ആഭ്യന്തര ഉപഭോഗമുള്ള രാജ്യങ്ങളിലേക്ക് നീങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ വളര്‍ന്നുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെന്ന നിലയില്‍ ഇന്ത്യയിലെ സാധ്യതകളെ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടെലികോം ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് നിക്ഷേപം നടത്തുന്നതെന്നും അശോക് കുമാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ ശേഷി വര്‍ധിപ്പിച്ച് വളരെ ആഴത്തിലുള്ള വിപുലീകരണമാണ് ഇന്‍ഫ്രാകോം ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് മാനുഫാക്ച്ചറിംഗിലൂടെ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ‘സ്‌കില്‍ ഇന്ത്യ’ പദ്ധിതിയുടെ ഭാഗമായി കൂടുതല്‍ തൊഴിലവസരങ്ങളൊരുക്കുന്നതില്‍ കമ്പനി മുഖ്യ പങ്ക് വഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ബിസിനസ് ചെയ്യുന്നതിനുള്ള തടസങ്ങള്‍ നീക്കം ചെയ്യുന്നതിനും ഊന്നല്‍ നല്‍കുന്ന ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി തങ്ങള്‍ക്ക് മികച്ച പ്രോത്സാഹനമാണെന്നും അശോക് കുമാര്‍ ഗുപ്ത പറഞ്ഞു. മൊബീല്‍ ഹാന്‍ഡ്‌സെറ്റ് വിപണിയുടെ ശക്തമായ ഉന്നമനത്തിനും മേക്ക് ഇന്‍ പദ്ധതി സഹായിക്കുമെന്നാണ് അശോക് കുമാര്‍ പറയുന്നത്. ഈ മാസം തുടക്കത്തില്‍ ബ്ലാക്ക്‌ബെറി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണുകളായ ഡിടിഇകെ50, ഡിടിഇകെ60 എന്നിവ ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിന് ഒപ്റ്റിമസ് ഇന്‍ഫ്രാകോമുമായി വിതരണ കരാറില്‍ ഒപ്പുവച്ചിരുന്നു. കനേഡിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനിയുടെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. ഇത്തരത്തില്‍ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുത്ത് ഇന്ത്യന്‍ നിര്‍മാണ രംഗത്ത് വിപ്ലകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ആവശ്യമായ ശേഷിയും വൈദഗ്ധ്യവുമുണ്ടെന്ന കാര്യത്തില്‍ കമ്പനിക്ക് ആത്മവിശ്വാസമുണ്ടെന്നും അശോക് കുമാര്‍ ഗുപ്ത പറയുന്നു.

Comments

comments

Categories: Branding