നാനോ: ടാറ്റ മോട്ടോഴ്‌സ് കടുത്ത ആശയക്കുഴപ്പത്തില്‍

നാനോ: ടാറ്റ മോട്ടോഴ്‌സ് കടുത്ത ആശയക്കുഴപ്പത്തില്‍

ഏഴ് വര്‍ഷം മുമ്പ് വിപണിയിലെത്തിച്ച ചെറുകാറായ നാനോ ടാറ്റ മോട്ടോഴ്‌സിനെ കടുത്ത ആശയക്കുഴപ്പത്തിലാക്കുന്നു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന ഖ്യാതിയുമായി വിപണിയിലെത്തിയ നാനോ പക്ഷെ ടാറ്റ മോട്ടോഴ്‌സിന്റെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. ജനങ്ങളുടെ കാര്‍ എന്നായിരുന്നു വിപണിയിലവതരിപ്പിക്കുന്ന സമയത്ത് ടാറ്റ മോട്ടോഴ്‌സ് നാനോയെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്. അടിസ്ഥാന മോഡലിന് ഒരു ലക്ഷം രൂപയായിരുന്നു അന്ന് വില. നാലംഗ കുടുംബത്തിന് ഉപയോഗിക്കാവുന്ന ബജറ്റ് കാര്‍ എന്ന നാനോയുടെ വിശേഷണം ലോകത്ത് മറ്റു കമ്പനികള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്തതാണ്. എന്നാല്‍, പ്രതീക്ഷിച്ച വില്‍പ്പന നേടാന്‍ സാധിക്കാതിരിക്കുന്ന നാനോ നിര്‍ത്തലാക്കണോ അതോ തുടരണോ എന്ന ആശങ്കയിലാണ് ടാറ്റ മോട്ടോഴ്‌സ്.
ടാറ്റ മോട്ടോഴ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ട്രിയെ പുറത്താക്കിയത് തൊട്ട് ആരംഭിച്ചതാണ് നാനോയുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക. ടാറ്റ ഗ്രൂപ്പില്‍ 60 ശതമാനത്തോളം ഓഹരികളുള്ള ടാറ്റ സണ്‍സും മിസ്ട്രിയും തമ്മിലുള്ള അസ്വാരസങ്ങളുടെ അവസാന ഫലമായിരുന്നു മിസ്ട്രിയെ പുറത്താക്കല്‍. കഴിഞ്ഞ മാസം 25ന് നടന്ന ടാറ്റ ഗ്രൂപ്പിന്റെ യോഗത്തില്‍ നാനോ നിര്‍മിക്കുന്നതിന് തന്നെ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവുണ്ടെന്ന് ചെയര്‍മാനായിരുന്ന മിസ്ട്രി വ്യക്തമാക്കിയിരുന്നു. ടാറ്റ മോട്ടോഴ്‌സ് ലാഭത്തിലാകണമെങ്കില്‍ നാനോ നിര്‍മാണം കമ്പനി ഉപേക്ഷിക്കണമെന്നായിരുന്നു മിസ്ട്രി അന്ന് യോഗത്തില്‍ അഭിപ്രായപ്പെട്ടത്.
ടാറ്റ മോട്ടോഴ്‌സിന് നാനോയുമായി ബന്ധപ്പെട്ട വൈകാരിക ബന്ധമാണ് നിര്‍മാണം നിര്‍ത്തിവെക്കാത്തതിന്റെ പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രത്തന്‍ ടാറ്റയാണ് ടാറ്റ നാനോ പദ്ധതി ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചിരുന്നത്. എന്നാല്‍ ഈ ആരോപണത്തെ ടാറ്റ മോട്ടോഴ്‌സ് തന്നെ എതിര്‍ത്തു. ഈ മാസം നാലിന് കമ്പനി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നല്‍കിയ വിശദീകരണത്തില്‍ നാനോ ആഗോള ശ്രദ്ധയാര്‍കര്‍ഷിച്ച കമ്പനിയുടെ ചെലവുകുറഞ്ഞ കാര്‍ ആശയമാണെന്നും നിര്‍മാണ സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കാറിന് തിരിച്ചടി നല്‍കിയതെന്നുമായിരുന്നു കമ്പനി വ്യക്തമാക്കിയത്. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി പ്രതിപക്ഷസ്ഥാനത്തിരിക്കുമ്പോഴാണ് ടാറ്റ നാനോ നിര്‍മാണ പ്ലാന്റുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാവുന്നത്. പിന്നീട് പ്ലാന്റ് ഗുജറാത്തിലേക്ക് മാറ്റുകയായിരുന്നു കമ്പനി.
പ്രൈസ് സെന്‍സിറ്റീവ് വിപണിയായ ഇന്ത്യയില്‍ നാനോ നഷ്ടമുണ്ടാക്കുന്ന ഉല്‍പ്പന്നമാണെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ടെങ്കിലും പദ്ധതി മുടങ്ങലും നിര്‍മാണ കേന്ദ്രം മാറ്റലുമാണ് ഇതിന്റെ കാരണമെന്നാണ് ടാറ്റ ഗ്രൂപ്പ് നിലപാട്.
ratnnoതണുത്ത ഭാവി
നാനോയുടെ ഭാവിയെ കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നാനോ നിര്‍മാണത്തിനായി കമ്പനി നടത്തിയ നിക്ഷേപം കൂടുല്‍ ആകര്‍ഷണീയമായതും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുന്നതുമായി പാസഞ്ചര്‍ വിഭാഗത്തിലുള്ള മറ്റു വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിലും നാനോയുടെ ഭാവിയെ കുറിച്ച് ഒന്നും വ്യക്തമാക്കാത്താത് വിപണിയെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. യാത്രാ വാഹന വിപണിയില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന കമ്പനിക്ക് പുതിയ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടത്തേണ്ടതായുണ്ട്. കമ്പനിയുടെ 2020 പ്രൊഡക്ട് പ്ലാന്‍ അനുസരിച്ച് വര്‍ഷം രണ്ട് മോഡല്‍ വാഹനങ്ങള്‍ പുറത്തിറക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ ഡയറക്റ്റര്‍ ബോര്‍ഡിനും ഉന്നത മാനേജ്‌മെന്റിനും കടുത്ത പ്രതിബന്ധങ്ങളാകും നേരിടേണ്ടി വരുന്നത്.
ഹെക്‌സ എസ്‌യുവി, കൈറ്റ് 5 സെഡാന്‍, നെക്‌സോണ്‍ എസ്‌യുവി എന്ന പ്രൊഡക്ട് ലിസ്റ്റില്‍ നാനോയ്ക്ക് ഏറ്റവും അവസാന പരിഗണനയാണെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നാനോ പദ്ധതി നിര്‍ത്തിവെക്കാനുള്ള തീരുമാനം വിപണിയുമായി ബന്ധപ്പെട്ട ഘടകങ്ങളെ ആശ്രയിച്ചായിരിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, നാനോ പരിഷ്‌കരിച്ച് രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി വിപണിയിലെത്തിക്കാനും കമ്പനി ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മള്‍ട്ടി യൂട്ടിലിറ്റി വാഹനമായ ആര്യ വിപണിയില്‍ ക്ലച്ച് പിടിക്കാതിരുന്നെങ്കിലും ഹെക്‌സയിലൂടെ നഷ്ടം നികത്താന്‍ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്ന പദ്ധതി നാനോയിലും കണ്ടേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

വീണ്ടും സ്റ്റാര്‍ട്ടാക്കുന്നു
മിസ്ട്രി ചെയര്‍മാന്‍ പദവയിലിരിക്കുന്ന സമയത്തടക്കം നാനോ വിജയതീരമണിയിക്കാന്‍ നിരവധി തവണ ടാറ്റ മോട്ടോഴ്‌സ് ശ്രമം നടത്തിയിട്ടുണ്ട്. ഫ്രഞ്ച് കമ്പനി മോട്ടോര്‍ ഡെവലപ്‌മെന്റ് ഇന്റര്‍നാഷണലുമായി പങ്കാളിത്തത്തില്‍ നാനോ നിര്‍മിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ് 2007ല്‍ കരാറിലെത്തിയിരുന്നു. വായു മര്‍ദം ഉപയോഗിച്ച് ഓടിക്കാവുന്ന രീതിയില്‍ നാനോ നിര്‍മിക്കാനായിരുന്നു പദ്ധതി. ഇതോടൊപ്പം ഇലക്ട്രിക്ക് പതിപ്പിനും പ്ലാനുണ്ടായിരുന്നെങ്കിലും രണ്ടും പ്രാവര്‍ത്തികമായില്ല.
കാറിന് ഒരു ലിറ്റര്‍ എന്‍ജിന്‍ ഘടിപ്പിക്കാനുള്ള നാനോ പെലിക്കന്‍ പദ്ധതിയാണ് മിസ്ട്രി ചുമതലയേറ്റിരുന്ന സമയത്തുണ്ടായിരുന്നത്. 2016-2017 വര്‍ഷത്തേക്കാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നതെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ഒരു ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് പെലിക്കയ്ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം പുതിയ ഡാഷ്‌ബോര്‍ഡ്, പുറം ഡിസൈനിംഗില്‍ മാറ്റം എന്നിവയും ഈ പദ്ധതിയിലുണ്ടായിരുന്നു. എന്നാല്‍, ഭാവിയില്‍ വലിയ കാറുകള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ സാധ്യത എന്ന കണക്കുകൂട്ടലില്‍ കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് ഈ പദ്ധതി സാവധാനത്തില്‍ മതിയെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.
ഈ പദ്ധതിക്കായി നിയോഗിച്ചവരെ കമ്പനിയുടെ മറ്റു പദ്ധതികളിലേക്ക് പിന്നീട് മാറ്റി. മികച്ച സിറ്റി കാര്‍ എന്ന വിശേഷണത്തോടെ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിന് പക്ഷെ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന വിശേഷണമാണ് തിരിച്ചടിയാകുന്നെതെന്നും വിലയിരുത്തലുകളുണ്ട്.

nanനാനോ; കമ്പനിക്ക് പിഴച്ചതെവിടെ?
ചീപ്പെസ്റ്റ് കാര്‍: നാനോ വിപണിയില്‍ ഏറ്റവും തിരിച്ചടി നേരിടാനുള്ള മുഖ്യ കാരണം അതിന്റെ മാര്‍ക്കറ്റംഗായിരുന്നു. വാഹന വിപണിയില്‍ വലിയ ഒരു മാറ്റത്തിന് സാധ്യതയുണ്ടായിരുന്നെങ്കിലും കമ്പനിക്ക് വിപണനത്തില്‍ വന്ന പാളിച്ചയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. യൂട്ടിലിറ്റേറിയന്‍ രൂപത്തില്‍ നിര്‍മിച്ചുവെങ്കിലും ‘ചീപ്പ്’ എന്ന ടാഗോടെയാണ് നാനോ വിപണിയിലെത്തിയത്. കാര്‍ വാങ്ങുന്നത് സ്റ്റാറ്റസ് സിംബലായി കാണുന്ന ഇന്ത്യന്‍ വിപണിയില്‍ ചീപ്പ് എന്ന ടാഗ് നാനോയ്ക്ക് കനത്ത മുറിവുണ്ടാക്കി.

ഒരുലക്ഷം രൂപയല്ല: വിപണിയില്‍ അവതരിപ്പിച്ച രണ്ട് വേരിയന്റുകള്‍ക്കും 1.2, 1.5 ലക്ഷം രൂപയായിരുന്നു വില. ഒരു ലക്ഷം രൂപയ്ക്ക് കാര്‍ എന്ന വിശേഷണവുമായി എത്തി പറഞ്ഞ വിലയേക്കാള്‍ 24 ശതമാനത്തോളം കൂടുതലായതും നാനോയ്ക്ക് തിരിച്ചടിയായി. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ എന്നത് ലോവര്‍ മിഡില്‍ ക്ലാസിന് കൂടുതലും അപ്പര്‍ മിഡില്‍ ക്ലാസിന് വളരെ കുറവുമാണ്. എന്‍ജിന്റെ പ്രവര്‍ത്തനം ഹൈവേകളിലും ദീര്‍ഘ ദൂരത്തിനുമുള്ള യാത്രകള്‍ക്ക് അനുസരിച്ചാകാതിരുന്നതും നാനോ ഉപഭോക്താക്കളില്‍ നിന്നും അകറ്റി.

നിര്‍മാണത്തിലുള്ള വൈകല്‍: രാഷ്ട്രീയപരമായുള്ള കാരണങ്ങള്‍ ഉടലെടുത്തതോടെ ടാറ്റയ്ക്ക് നാനോ നിര്‍മാണ പ്ലാന്റ് ബംഗാളില്‍ നിന്നും ഗുജറാത്തിലേക്ക് മാറ്റേണ്ടി വന്നു. ഇതോടെ നിര്‍മാണം വൈകി. നിര്‍മാണത്തിനുള്ള മൊത്തം ഉപകരണങ്ങള്‍ മാറ്റേണ്ടി വന്നതോടെ നാനോയുടെ നിര്‍മാണ ചെലവ് വീണ്ടും കൂടി. അതേസമയം തന്നെ വിതരണത്തിനെടുത്ത കാലതാമസം ഉപഭോക്താക്കളുടെ പ്രീതി നഷ്ടപ്പെടുത്തുന്നതിനും വഴി വെച്ചു. വലിയൊരു സാധ്യതയാണ് ഇതിലൂടെ ടാറ്റയ്ക്ക് മുന്നില്‍ കൊട്ടിയടക്കപ്പെട്ടത്.

പോരായ്മ: സാധാരണ യാത്രകള്‍ക്ക് ബൈക്കുകള്‍ ഉപയോഗിക്കുന്ന മിഡില്‍ ക്ലാസായിരുന്നു നാനോയുടെ മുഖ്യ ലക്ഷ്യം. എന്നാല്‍ നമ്മുടെ റോഡിന്റെ അവസ്ഥയ്ക്ക് അനുസരിച്ചുള്ള ഗ്രൗണ്ട് ക്ലിയറന്‍സ് ഇല്ലാത്തതും വില്‍പ്പന ആരംഭിച്ചതോടെ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയും നാനോയില്‍ നിന്ന് ഉപഭോക്താക്കള്‍ അകലം പാലിക്കാന്‍ തുടങ്ങി. ഇത് ടാറ്റ എന്ന ബ്രാന്‍ഡിന് വരെ തിരിച്ചടിയുണ്ടാക്കി.

തെറ്റായ പിആര്‍ നടപടികള്‍: ഓടിക്കൊണ്ടിരുന്ന നാനോയ്ക്ക് തീ പിടിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് നാനോയുടെ പബ്ലിക്ക് റിലേഷന്‍ കൈകാര്യം ചെയ്യുന്നവരുടെ പോരായ്മ മനസിലായത്. തീ പിടിച്ചതിനെ സാധൂകരിക്കുന്ന രീതിയിലുള്ള കാംപയിനുകള്‍ നടത്തിയതിലൂടെ നാനോ ലക്ഷ്യമിട്ടിരുന്ന ഫസ്റ്റ് ടൈം ബയേഴ്‌സ് നാനോയില്‍ നിന്ന് അകലം പാലിച്ചു.

ആറ്റിറ്റിയൂഡ് പ്രശ്‌നം: ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, എസ്‌യുവികള്‍ എന്നിവ നിര്‍മിക്കുന്നതിലാണ് ടാറ്റ ഇന്ന് ഏറ്റവും പ്രശസ്തമായതും കമ്പനിയുടെ ആറ്റിറ്റിയൂഡും. കുറഞ്ഞ വോള്യത്തില്‍ നിര്‍മിച്ച് കൂടുതല്‍ മാര്‍ജിന്‍ എന്നതാണ് കമ്പനി പുലര്‍ത്തിപ്പോരുന്ന സ്ട്രാറ്റജി. എന്നാല്‍ നാനോയിലൂടെ കമ്പനിയുടെ ഈ സ്ട്രാറ്റജി നേരെ തിരിഞ്ഞു.

Comments

comments

Categories: Branding, Slider