പണം കൈയ്യില്‍ ഇല്ലാതെയും ഇനി ഫോണ്‍ വാങ്ങാം

പണം കൈയ്യില്‍ ഇല്ലാതെയും ഇനി ഫോണ്‍ വാങ്ങാം

ബെംഗളൂരു: 500, 1000 നോട്ടുകള്‍ പെട്ടെന്ന് പിന്‍വലിച്ച സാഹചര്യത്തില്‍ മൊബീല്‍ഫോണ്‍ ചില്ലറവില്‍പനക്കാര്‍ ഉപഭോക്താക്കള്‍ക്ക് സീറോ ഡൗണ്‍ പെയ്‌മെന്റ് സൗകര്യവുമായി രംഗത്തെത്തി. മൂല്യം കൂടുതലുള്ള നോട്ടgകള്‍ പിന്‍വലിച്ചതോടെ അത്യാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോലും പൊതുജനങ്ങളുടെ കയ്യില്‍ പണമില്ലാതായത് ഫോണ്‍ വിപണിയെ സാരമായി ബാധിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് തുക ഒന്നും നല്‍കാതെ തന്നെ ഫോണുകള്‍ വാങ്ങുകയും 12 മാസം കൊണ്ട് തവണകളായി പണം അടച്ചു തീര്‍ക്കാന്‍ സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ടെന്ന് ദക്ഷിണേന്ത്യയില്‍ 300 ഓളം മൊബീല്‍ വിതരണ കടകളുള്ള ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഗീത മൊബീല്‍സിന്റെ മാനേജിംങ് ഡയറക്ടര്‍ സുഭാഷ് ചന്ദ്ര അറിയിച്ചു.

തുകയുടെ ഒരു ഭാഗം മാത്രം ആദ്യം നല്‍കി ബാക്കി തുക ചെറിയ പലിശ നിരക്കോടെ തവണകളായി അടയ്ക്കുവാനുള്ള സൗകര്യം മൊബൈല്‍ വില്‍പനക്കാര്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള വില്‍പനയും നടക്കുന്നുണ്ട്. എന്നാല്‍ നോട്ടുകള്‍ പിന്‍വലിച്ചതോടെ വില്‍പ്പന സാരമായി കുറഞ്ഞിരുന്നെന്നും സീറോ ഡൗണ്‍പേയ്‌മെന്റ് തുടങ്ങിയതോടെയാണ് ഈ പ്രതിസന്ധിക്ക് ചെറിയ മാറ്റം വന്നതെന്നും ചന്ദ്ര പറഞ്ഞു. ഗവണ്‍െമെന്റ് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ഉപഭോക്താക്കള്‍ വലിയ ഉപകരണങ്ങളും ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങുന്നതിനോട് പൊതുവെ വിമുഖത കാണിക്കുന്നുണ്ട്. ഇത് ഇലക്ട്രിക് സാധനങ്ങളുടെ വിപണിയെ സാരമായി ബാധിച്ചു. ഈ അവസ്ഥ കുറച്ച് ആഴ്ചകള്‍ കൂടി നീളാനാണ് സാധ്യത. പ്രതിസന്ധി അതിജീവിക്കാന്‍ നിരവധി ആനുകൂല്യങ്ങളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ് ഇലക്ട്രോണിക് വിപണി.

Comments

comments

Categories: Business & Economy