ചെന്നൈയിന്‍ എഫ്‌സി മികച്ച ടീമെന്ന് മാറ്റെരാസി

ചെന്നൈയിന്‍ എഫ്‌സി മികച്ച ടീമെന്ന് മാറ്റെരാസി

ചെന്നൈ: പ്രതിഭാധനരായ കളിക്കാരുടെ സംഘമാണ് ചെന്നൈയിന്‍ എഫ്‌സി ടീമെന്ന് അവരുടെ ഇറ്റലിയില്‍ നിന്നുള്ള പരിശീലകന്‍ മാര്‍ക്കോ മാറ്റെരാസി. താരങ്ങള്‍ക്ക് കഴിവുണ്ടെന്നതിന് തെളിവാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തിലെ ആദ്യ 15 മിനുറ്റിലെ തങ്ങളുടെ പോരാട്ടമെന്നും മാറ്റെരാസി പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിന്റെ ആദ്യ സമയത്ത് മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നും എതിരാളികളെ ഒരു ക്രോസ് ചെയ്യാന്‍ പോലും തങ്ങള്‍ അനുവദിച്ചിച്ചെന്നും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏതൊരു ടീമിനെയും പരാജയപ്പെടുത്താനുള്ള കരുത്ത് ചെന്നൈയിന്‍ എഫ്‌സിക്കുണ്ടെന്നും മാറ്റെരാസി വ്യക്തമാക്കി.

ബ്ലാസ്റ്റേഴ്‌സിനെതിരെ വഴങ്ങിയ മൂന്ന് ഗോളില്‍ ആദ്യത്തേത് ഫൗളാണെന്നാണ് തങ്ങള്‍ വിചാരിച്ചതെന്നും രണ്ടാമത്തേത് ഗോള്‍ കീപ്പറുടെ പിഴവായിരുന്നുവെന്നും ചെന്നൈയിന്‍ പരിശീലകന്‍ ചൂണ്ടിക്കാട്ടി. മലയാളി താരം സി കെ വിനീത് നേടിയ മൂന്നാം ഗോള്‍ ഒരു കൗണ്ടര്‍ അറ്റാക്ക് മാത്രമായിരുന്നുവെന്നും മാറ്റെരാസി വിശദീകരിച്ചു.

ഫുട്‌ബോളില്‍ ആരാധകരുടെ ഇടപെടലുകള്‍ പ്രധാനമാണെന്ന് അറിയിച്ച മാറ്റെരാസി ചുരുങ്ങിയത് 30,000 കാണികളെങ്കിലും തങ്ങളുടെ മത്സരം കാണുവാന്‍ എത്തിയാല്‍ ഫലത്തില്‍ അത് സഹായകരമാകുമെന്നും പറഞ്ഞു. ലീഗിലെ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ ടീമിനെ നിരാശരാക്കുന്നില്ലെന്നും മികച്ച പ്രകടനത്തിലൂടെ ഉടന്‍ തന്നെ തിരിച്ച് വരുമെന്നും മാറ്റെരാസി വ്യക്തമാക്കി.

Comments

comments

Categories: Sports