മെസ്സി ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സൂചന

മെസ്സി ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സൂചന

 

ബാഴ്‌സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍ താരമായ ലയണല്‍ മെസ്സി സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കാനിടയില്ലെന്ന് റിപ്പോര്‍ട്ട്. സ്‌പെയിനിലെ പ്രമുഖ സ്‌പോര്‍ട്‌സ് ദിനപത്രമായ മാഴ്‌സയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

സ്‌പെയിനില്‍ മെസ്സിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെയും നിലനില്‍ക്കുന്ന നികുതി സംബന്ധമായ കേസിനെ തുടര്‍ന്നാണ് താരം ബാഴ്‌സലോണയില്‍ നിന്നും മാറാനൊരുങ്ങുന്നതെന്നാണ് വാര്‍ത്തയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മെസ്സിക്ക് ബാഴ്‌സലോണ ക്ലബിന്റെ ഭാഗത്തുനിന്നും പിന്തുണ ഉണ്ടായില്ലെന്നതാണ് ഇപ്പോഴത്തെ ടീമില്‍ നിന്നും പിന്തിരിയാന്‍ സൂപ്പര്‍ താരത്തെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

തന്റെ തീരുമാനവുമായി ബന്ധപ്പെട്ട് ക്ലബ് അധികൃതരുമായി ലയണല്‍ മെസ്സി ചര്‍ച്ച നടത്തിയെന്നാണറിവ്. അര്‍ജന്റൈന്‍ സൂപ്പര്‍ താരത്തിന് നിലവില്‍ 2018 വരെയാണ് ബാഴ്‌സലോണ ക്ലബുമായി കരാറുള്ളത്.

അതേസമയം, ലയണല്‍ മെസ്സി ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് ബാഴ്‌സലോണ ടീം അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മെസ്സി ടീമില്‍ തുടരുമെന്നാണ് മുമ്പ് ക്ലബ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.

നികുതി വെട്ടിപ്പ് കേസില്‍ മെസ്സിക്കും അദ്ദേഹത്തിന്റെ പിതാവിനും 21 മാസത്തെ തടവ് ശിക്ഷ ബാഴ്‌സലോണ കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു സൂപ്പര്‍ താരം ബാഴ്‌സലോണ വിടുന്നു എന്ന വാര്‍ത്ത വന്ന് തുടങ്ങിയത്.

എന്നാല്‍, ലയണല്‍ മെസ്സി തന്നെ ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ച് മുമ്പ് രംഗത്തെത്തിയിരുന്നു. കരിയര്‍ അവസാനിക്കുന്നത് വരെ ബാഴ്‌സലോണ ക്ലബില്‍ തുടരാനാണ് ആഗ്രഹമെന്നാണ് അന്ന് സൂപ്പര്‍ താരം പറഞ്ഞിരുന്നത്.

17-ാം വയസിലാണ് ലയണല്‍ മെസ്സി ബാഴ്‌സലോണ ക്ലബിലെത്തിയത്. ബാഴ്‌സയ്ക്ക് വേണ്ടി ആദ്യമായി ബൂട്ടണിഞ്ഞത് 2004-05 സീസണിലും. ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയ മെസ്സി ബാഴ്‌സലോണയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി.

ബാഴ്‌സലോണയ്ക്ക് വേണ്ടി 357 മത്സരങ്ങള്‍ക്കിറങ്ങിയ മെസ്സി 320 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. എട്ട് ലാലിഗ കിരീടങ്ങളും നാല് യുവേഫ ചാമ്പ്യന്‍ഷിപ്പും ബാഴ്‌സയ്‌ക്കൊപ്പം നേടുകയും ചെയ്തു. അഞ്ച് തവണ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ഡിയോര്‍ പുരസ്‌കാരവും സ്വന്തമാക്കി.

Comments

comments

Categories: Sports