പിച്ചൊരുക്കിയതില്‍ അതൃപ്തി അറിയിച്ച് കോഹ്‌ലി

പിച്ചൊരുക്കിയതില്‍ അതൃപ്തി അറിയിച്ച് കോഹ്‌ലി

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ പിരിയേണ്ടി വന്നതില്‍ അതൃപ്തി അറിയിച്ച് ടീം ഇന്ത്യ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ടീം ഇന്ത്യയ്ക്ക് അനുകൂലമല്ലാത്ത പിച്ചൊരുക്കിയതില്‍ ക്യുറേറ്ററോടാണ് കോഹ്‌ലി അതൃപ്തി പ്രകടിപ്പിച്ചത്.

ഇതിനെ തുടര്‍ന്ന് അഞ്ച് ദിവസവും ബാറ്റ് ചെയ്യാവുന്ന തരത്തിലുള്ള പിച്ചിന് പകരമായി കളിയുടെ തുടക്കം മുതല്‍ പന്ത് കുത്തിത്തിരിയുന്ന തരത്തിലുള്ള പിച്ചാകും നാളെ നടക്കാനിരിക്കുന്ന മത്സരത്തിനായി ഒരുക്കുകയെന്നാണ് അറിവ്.

നാളെ മുതലുള്ള മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമായ പിച്ചൊരുക്കാനായിരിക്കും ക്യുറേറ്റര്‍മാരുടെ ശ്രമം. പരമ്പരയിലെ രാജ്‌കോട്ടില്‍ നടന്ന ഒന്നാം കളിയുടെ ആദ്യ രണ്ട് ദിവസവും പൂര്‍ണമായും ബാറ്റിംഗിന് അനുകൂലമായിരുന്നുവെന്ന് കോഹ്‌ലി പറഞ്ഞു.

മൂന്ന്, നാല് ദിവസങ്ങളില്‍ പിച്ച് സ്ലോ ആയെങ്കിലും ബാറ്റിംഗിന് കുഴപ്പമൊന്നുമില്ലായിരുന്നുവെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. അഞ്ചാം ദിവസം ടീം ഇന്ത്യയുടെ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ബാറ്റിംഗ് ദുഷ്‌കരമായിരുന്നില്ലെന്നാണ് ടീം ഇന്ത്യ ക്യാപ്റ്റന്റെ വിലയിരുത്തല്‍.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ എതിരാളികളായ ഇംഗ്ലണ്ട് രണ്ട് ഇന്നിംഗ്‌സുകളിലുമായി വന്‍ സ്‌കോറാണ് ഉയര്‍ത്തിയത്. ഒന്ന്, രണ്ട് ഇന്നിംഗ്‌സുകളിലായി യഥാക്രമം 537, 260 റണ്‍സ് വീതമാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. നാല് ഇംഗ്ലീഷ് ബാറ്റസ്മാന്മാര്‍ സെഞ്ച്വറി നേടുകയും ചെയ്തു.

അതേസമയം, അടുത്തിടെ ഇന്ത്യയില്‍ നടന്ന ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആതിഥേയര്‍ക്ക് അനുകൂലമായ പിച്ചായിരുന്നു ഒരുക്കിയത്. മത്സരത്തില്‍ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: Sports