വനിതാ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം: ഐഐഎം ബാംഗ്ലൂരും ഗോള്‍ഡ്മാന്‍ സാച്ചസും സഹകരിക്കുന്നു

വനിതാ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം:  ഐഐഎം ബാംഗ്ലൂരും ഗോള്‍ഡ്മാന്‍ സാച്ചസും സഹകരിക്കുന്നു

മുംബൈ: രാജ്യത്ത് വനിതാ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഐഐഎം ബാംഗ്ലൂരും ഗോള്‍ഡ്മാന്‍ സാച്ചസും സംയുക്തമായി സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം ആരംഭിക്കുന്നു. വനിതകള്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മെന്ററിംഗും ഇന്‍ക്യൂബേഷനും ഇതു വഴി ലഭിക്കും. ഗോള്‍ഡ്മാന്‍ സാച്ചസിന്റെ ഇന്ത്യന്‍ ചെയര്‍മാന്‍ സന്‍ജോയ് ചാറ്റര്‍ജി, ഗോള്‍ഡ്മാന്‍ സാച്ചെസ് സര്‍വീസ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ബന്റി ബോത്ര തുടങ്ങിയ ഇന്‍ഡസ്ട്രിയിലെ പ്രമുഖരുടെ പങ്കാളിത്തം പരിപാടിക്കുണ്ടാകും. ആദ്യം വാള്‍സ്ട്രീറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനത്തിന്റെ സഹകരണത്തോടെ പരീഷണാര്‍ത്ഥം ആരംഭിക്കുന്ന പരിപാടി സൗജന്യമായിരിക്കും. ഐഐഎം ബാംഗ്ലൂരിന്റെ എന്‍എസ് രാഘവന്‍ സെന്റര്‍ ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ലേണിംഗ്(എന്‍എസ്ആര്‍സിഇഎല്‍) കഴിഞ്ഞ ഒരു ദശാബ്ദമായി വനിതാ സംരംഭകര്‍ക്കായി മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

സംരംഭകത്വ, നേതൃത്വ കഴിവുകള്‍ വികസിപ്പിക്കുന്നതിനുതങ്ങുന്ന രീതിയില്‍ മൂന്നു ഘട്ടങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംരംഭകത്വത്തിന്റെ വിവിധ വശങ്ങളെപ്പറ്റി അറിവു നല്‍കുന്ന അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സാണ് (എംഒഒസി) ആദ്യഘട്ടം. ഇതിന് 1,000 വനിതകളെത്തുമെന്നാണ് കരുതുന്നത്. രണ്ടാംഘട്ടത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന 50 പേരെ മൂന്നാഴ്ച്ച ദൈര്‍ഘ്യമുള്ള ക്ലാസ്‌റൂം പഠനത്തിനായി തെരഞ്ഞെടുക്കും. ഇതില്‍ ബിസിനസ് ആശയത്തിന്റെ വികസനം ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ മെന്റര്‍ഷിപ്പ് നല്‍കും.

അവസാനഘട്ടത്തില്‍ തങ്ങളുടെ ബിസിനസ് ആശയങ്ങള്‍ തെരഞ്ഞെടുപ്പ് സമിതിയുടെ മുമ്പാകെ അവതരിപ്പിക്കാന്‍ വനിതാസംരംഭകര്‍ക്ക് അവസരം ലഭിക്കും. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന പത്ത് ആശയങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് 40,000 രൂപയുടെ ഫെലോഷിപ്പും എന്‍എസ്ആര്‍സിഇഎല്ലില്‍ ഇന്‍ക്യുബേഷനുള്ള സൗകര്യവും ലഭിക്കും. 2008ല്‍ ഗോള്‍ഡമാന്‍ സാച്ചെസ് വനിതാ സംരംഭകര്‍ക്കായി 10,000 വുമണ്‍ ഇനിഷ്യേറ്റീവ് എന്ന പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഈ പദ്ധതി വഴി ഇതുവരെ രാജ്യത്തെ 13 നഗരങ്ങളിലായി 1,300 ഓളം വനിതാ സംരംഭകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Women