ഹെല്‍ത്ത് ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കണം: ഗവര്‍ണര്‍

ഹെല്‍ത്ത് ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കണം: ഗവര്‍ണര്‍

 

തിരുവനന്തപുരം: ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ടൂറിസത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ ആഗോള വിനോദസഞ്ചാരത്തിലേക്കു മാത്രമായി ശ്രദ്ധമാറിപ്പോകരുതെന്നും സംസ്ഥാനത്തെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുകൂടി ആരോഗ്യസേവനങ്ങള്‍ പ്രയോജനപ്പെടണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ആരോഗ്യ-സൗഖ്യ വിനോദസഞ്ചാര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള സര്‍ക്കാരിന്റെ നവകേരള മിഷനില്‍ ആരോഗ്യമേഖലയ്ക്ക് വളരെയേറെ പ്രാമുഖ്യം നല്‍കുന്നുണ്ട്. പ്രസ്തുത മിഷന്റെ പ്രവര്‍ത്തനവുമായി ഹെല്‍ത്ത് ടൂറിസം മേഖലയിലുള്ള സ്ഥാപനങ്ങളും സംഘടനകളും സഹകരിക്കുന്നത് സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് നവോന്മേഷം പകരുമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യവിനോദസഞ്ചാരം ലാഭകരമായ ഒന്നായി മാറുമ്പോള്‍ ആ ലാഭത്തിന്റെ ഒരു വിഹിതം സമൂഹത്തിലെ ദരിദ്രരും ചികിത്സാ സഹായം ആവശ്യമുള്ളവരുമായ ജനവിഭാഗത്തിനു പ്രയോജനകരമാക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിനോദസഞ്ചാരരംഗത്തെ പുതുമ തേടിയുള്ള അന്വേഷണമാണ് ഹെല്‍ത്ത് ടൂറിസമെന്ന ആശയത്തില്‍ എത്തിച്ചേരാനുള്ള കാരണം. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞ ശിശുമരണനിരക്കും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് ഈ രംഗത്തേക്കുള്ള ചുവടുവയ്പ് കൂടുതല്‍ എളുപ്പമാണ്. മറ്റു പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ഷത്തില്‍ ഏതുസമയത്തും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിനുള്ളത്. സുഖവും സമാധാനവും തേടി കേരളത്തില്‍ വിനോദസഞ്ചാരത്തിനെത്തുന്നവരിലേക്ക് ആരോഗ്യരംഗത്തെ കേരളത്തിന്റെ മുന്നേറ്റംകൂടി ചൂണ്ടിക്കാട്ടാനായാല്‍ ഈ രംഗത്ത് സംസ്ഥാനത്തിന് ഏറെ മുന്നേറാനാകുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റിംഗിനൊപ്പം തന്നെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ശ്രദ്ധ നല്‍കണം. കേരളത്തില്‍ നിലവിലുള്ള വിവിധ ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് ഒരേ പ്രാധാന്യം നല്‍കണമെന്നും ഗവര്‍ണര്‍ആവശ്യപ്പെട്ടു.

ആരോഗ്യ വിനോദസഞ്ചാര മേഖലയിലെ മികച്ച രീതികളും പരിചയസമ്പന്നതയും പങ്കിടുന്നതിനും വെല്ലുവിളികളും സാധ്യതകളും ഭാവി കാഴ്ചപ്പാടുകളും മാറ്റങ്ങളും ചര്‍ച്ച ചെയ്യുന്നതിനുമാണ് സമ്മേളനം സംഘടിപ്പിച്ചത്. അബുദാബി, മാലിദ്വീപ് എന്നിവടങ്ങളില്‍ നിന്നുമുള്ള പത്യേക പ്രതിനിധി സംഘങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ടൂറിസം വകുപ്പിന്റെയും കെഎസ്‌ഐഡിസിയുടെയും സഹകരണത്തോടെയാണ് സിഐഐ ആദ്യത്തെ ആരോഗ്യ വിനോദസഞ്ചാര സമ്മേളനം സംഘടിപ്പിച്ചത്.

Comments

comments

Categories: Slider, Top Stories