ക്യാഷ് ആന്‍ഡ് ക്യാരി സ്‌റ്റോര്‍: ഫ്യൂച്ചര്‍ ഗ്രൂപ്പും ബുക്കറും കൈകോര്‍ക്കുന്നു

ക്യാഷ് ആന്‍ഡ് ക്യാരി സ്‌റ്റോര്‍: ഫ്യൂച്ചര്‍ ഗ്രൂപ്പും ബുക്കറും കൈകോര്‍ക്കുന്നു

മുംബൈ: കാഷ് ആന്‍ഡ് ക്യാരി സ്‌റ്റോറുകള്‍ തുടങ്ങുന്നതിന് രാജ്യത്തെ പ്രമുഖ റീട്ടെയ്ല്‍ കമ്പനി ഫ്യൂച്ചര്‍ ഗ്രൂപ്പ് ബ്രിട്ടീഷ് ഹോള്‍സെയ്‌ലറായ ബുക്കര്‍ ഗ്രൂപ്പുമായി സഹകരിക്കുന്നു. വാള്‍മാര്‍ട്ട് ഇന്ത്യ, മെട്രോ കാഷ് ആന്‍ഡ് ക്യാരി എന്നിവയുമായി നേരിട്ടുള്ള മത്സരത്തിന് ഈ കൂട്ടുകെട്ടിന് സാധിക്കും.

ഇരു കമ്പനികള്‍ക്കും തുല്യ അവകാശമുള്ള സംയുക്ത സംരംഭത്തിലൂടെ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 60 മുതല്‍ 70 സ്റ്റോറുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്. ബുക്കര്‍ ഇന്ത്യ തങ്ങളുടെ ഇന്ത്യയിലെ കാഷ് ആന്‍ഡ് ക്യാരി ശൃംഖലയിലൂടെ ചെലവു കുറഞ്ഞ വിതരണ സംവിധാനങ്ങള്‍ ഇന്ത്യയില്‍ വികസിപ്പിച്ചിട്ടുണ്ട്-ഫ്യൂച്ചര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കിഷോര്‍ ബിയാനി പറഞ്ഞു. ചെറിയ, ആഭ്യന്തര റീട്ടെയ്‌ലറുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി ഞങ്ങളുടെ എഫ്എംസിജി ബ്രാന്‍ഡുകളും ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കളിലെത്തിക്കുന്നതിനും ശ്രമിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2012 ആകുമ്പോഴേക്കും ബ്രാന്‍ഡുകളില്‍ നിന്ന് 20,000 കോടി രൂപയുടെ വില്‍പ്പന സ്വന്തമാക്കുകയെന്ന ബിയാനിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് സംയുക്ത സംരംഭം. കൂടാതെ, തങ്ങള്‍ക്കു കീഴിലെ 800 സ്റ്റോറുകള്‍ക്ക് പുറത്ത് ഈ ഉല്‍പ്പന്നങ്ങളെത്തിക്കുന്നതിനും കമ്പനി പദ്ധതിയിടുന്നു. 13 മില്ല്യണ്‍ ചതുരശ്ര അടി റീട്ടെയ്ല്‍ സ്‌പേസ് ഫ്യൂച്ചര്‍ ഗ്രൂപ്പിനുണ്ട്. പ്രതിവര്‍ഷം 259 മില്ല്യണ്‍ ഉപഭോക്താക്കളാണ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. കൂടാതെ, ടാറ്റ സ്റ്റാര്‍ബസാര്‍, മെട്രോ, സ്പാര്‍ എന്നിവയ്ക്കും ഫ്യൂച്ചര്‍ ഗ്രൂപ്പ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു.
2009ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച ബുക്കര്‍, സാന്നിധ്യം വലിയ തോതില്‍ വ്യാപിപ്പിച്ചിട്ടില്ല. മഹാരാഷ്ട്രയിലും ഗുജറാത്തിലും ആറ് വീതം സ്റ്റോറുകളാണ് ബുക്കര്‍ ഗ്രൂപ്പിനുള്ളത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ എഫ്എംസിജി വിഭാഗമായ എഫ്‌സിഎല്‍ ഫെയര്‍പ്രൈസ്, ബിഗ് ആപ്പിള്‍, ആധാര്‍ ആന്‍ഡ് നീലഗിരീസ് തുടങ്ങിയ റീട്ടെയ്ല്‍ ശൃംഖലകള്‍ക്കും അവര്‍ മേല്‍നോട്ടം വഹിച്ചുവരുന്നു. ഒപ്പം കര്‍ണാടകയിലെ തുംകൂറില്‍ ഭക്ഷ്യ സംസ്‌കരണ പ്ലാന്റും പ്രവര്‍ത്തിപ്പിക്കുന്നു. ബുക്കറും ഫ്യൂച്ചര്‍ ഗ്രൂപ്പും ഒന്നിക്കുക വഴിബിസിനസ് വര്‍ധിപ്പിക്കാനും കൂടുതല്‍ ചെറുകിട വില്‍പ്പനക്കാരിലേക്കും ഉപഭോക്താക്കളിലേക്കും എത്തിച്ചേരാനും സാധിക്കും-ബുക്കര്‍ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ചാള്‍സ് വില്‍സന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Comments

comments

Categories: Branding