ദുബായിലേക്ക് ചുവടുവെക്കാനൊരുങ്ങി ഫെഡറല്‍ ബാങ്ക്

ദുബായിലേക്ക് ചുവടുവെക്കാനൊരുങ്ങി ഫെഡറല്‍ ബാങ്ക്

 

കൊച്ചി: പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറല്‍ ബാങ്കിന് ദുബായില്‍ ശാഖ ആരംഭിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇന്ത്യയ്ക്ക് പുറത്തുള്ള ബാങ്കിന്റെ ആദ്യത്തെ ശാഖയായിരിക്കുമിത്. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലാണ് ബാങ്കിന്റെ പുതിയ ശാഖ വരുന്നത്. ഇതിനായി ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസ് അതോറിറ്റിയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

പുതിയ ശാഖ പ്രവാസികള്‍ക്കായിരിക്കും കൂടുതല്‍ പ്രയോജനപ്പെടുകയെന്ന് ബാങ്ക് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. അബുദാബിയിലുള്ള ബാങ്കിന്റെ റെപ്രസെന്റേറ്റീവ് ഓഫീസ് യുഎഇയിലെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കു സേവനം നല്‍കുന്ന പ്രധാന കേന്ദ്രമാണ്. ഗുജറാത്ത് ഇന്റര്‍നാഷണല്‍ ടെക്-സിറ്റിയില്‍(ഗിഫ്റ്റ് സിറ്റി) ഐഎഫ്എസ്‌സി ബാങ്കിംഗ് യൂണിറ്റും ഫെഡറല്‍ ബാങ്കിനുണ്ട്. ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക 1945 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ബാങ്കിന് രാജ്യത്താകമാനം 1,252 ശാഖകളും 1,524 എടിഎമ്മുകളുമുണ്ട്. കഴിഞ്ഞ മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് 1.37 ലക്ഷം കോടി രൂപയായിരുന്നു വിവിധ ബിസിനസുകളില്‍ നിന്നുള്ള ബാങ്കിന്റെ വരുമാനം.

Comments

comments

Categories: Banking