സ്വീഡന്റെ സഹായത്തോടെ ഇലക്ട്രിക് ഹൈവേ നിര്‍മിക്കും: നിതിന്‍ ഗഡ്കരി

സ്വീഡന്റെ സഹായത്തോടെ ഇലക്ട്രിക് ഹൈവേ നിര്‍മിക്കും: നിതിന്‍ ഗഡ്കരി

 

ന്യൂഡെല്‍ഹി: സ്വീഡന്റെ സഹായത്തോടെ ഇന്ത്യയില്‍ ഇലക്ട്രിക് ഹൈവേ നിര്‍മിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അടുത്തിടെ സ്വീഡനില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ച ഇലക്ട്രിക് ഹൈവേയുടെ മാതൃകയിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ട്രക്ക് പോലുള്ള വലിയ വാഹനങ്ങള്‍ ഓപ്പണ്‍ ട്രാഫിക്കില്‍ ഇറക്കുന്നത് സാധ്യമാക്കുന്ന തരത്തിലുള്ള ഇലക്ട്രിക് ഹൈവേയുടെ നിര്‍മാണത്തിനുള്ള നിര്‍ദേശം സ്വീഡന്‍ സമര്‍പ്പിച്ചുകഴിഞ്ഞതായി ഗഡ്കകരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്വീഡന്‍ എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നൊവേഷന്‍ വകുപ്പ് മന്ത്രി മൈക്കേല്‍ ഡാംബെര്‍ഗിന്റെ അധ്യക്ഷതയില്‍ സ്വീഡിഷ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതായും മന്ത്രി അറിയിച്ചു.

സ്വീഡിഷ് സര്‍ക്കാരും സ്വകാര്യ മേഖലയും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന സഹകരണത്തിന്റെ ഫലമായാണ് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന വൈദ്യുതീകരിച്ച പാത നിര്‍മിച്ചത്. വൈദ്യുതീകരിച്ച പാതകളില്‍ ഇലക്ട്രിക് വാഹനമെന്ന നിലയിലും അല്ലാത്ത റോഡുകളില്‍ സാധാരണ വാഹനമായും സഞ്ചരിക്കുന്ന ഇലക്ട്രിക് ട്രക്കുകളെ അവതരിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കിയത്. ഇന്ത്യയില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കാനിയ തയാറാക്കുന്ന ട്രക്കുകള്‍ നിര്‍മിക്കുന്ന ഹൈബ്രിഡ് ആയും ഉപയോഗിക്കാന്‍ ആകുന്നവയായിരിക്കണമെന്നും യുറോ 6 അംഗീകാരമുണ്ടായിരിക്കണമെന്നും ഗതാഗതമന്ത്രി സ്വീഡീഷ് പ്രതിനിധി സംഘത്തെ ധരിപ്പിച്ചിട്ടുണ്ട്.

ഇലക്ട്രിക് മാതൃകയിലുള്ള ട്രക്കുകളുടെ പ്രവര്‍ത്തന രീതിയെ കുറിച്ച് പ്രതിനിധി സംഘം മന്ത്രിക്ക് വിശദീകരണം നല്‍കി. മലിനീകരണം തടയുന്നതിനും കുറഞ്ഞനിരക്കില്‍ ഗതാഗത സൗകര്യമൊരുക്കുന്നതിനുമായി ജൈവ ഇന്ധനത്തിലോടുന്ന വാഹനങ്ങളെയും ഇലക്ട്രോണിക് കാറുകളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഗഡ്കരി പറഞ്ഞു.

Comments

comments

Categories: Business & Economy