സഹകരണ ബാങ്കുകളെ തകര്‍ക്കുന്നത് എന്തിന്?

സഹകരണ ബാങ്കുകളെ തകര്‍ക്കുന്നത് എന്തിന്?

 

കൊച്ചി: സാധരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പണം വേഗത്തില്‍ ലഭിക്കാന്‍ ഏറ്റവും പ്രാപ്യമായ ഇടങ്ങളാണ് സഹകരണ സംഘങ്ങള്‍. നടന്നോ മിനിമം ബസ് ചാര്‍ജ് ദൂരത്തിലോ പോകാവുന്ന ദൂരത്തില്‍ ഫോര്‍മാലിറ്റികളുടെ നൂലാമാലകളും മാനേജര്‍മാരുടെ ദയാവായ്പും ഇല്ലാതെ പണം ലഭിക്കുന്ന ഇടം. സഹകാരികളുടെ അവകാശമായാണ് സഹകരണ സംഘങ്ങളില്‍ വായ്പ പരിഗണിക്കപ്പെടുന്നത്. ഒരു തുണ്ട് ഭൂമയോ ഒരു ഗ്രാം കമ്മലോ ഒക്കെ പണയം വെച്ച് തങ്ങളുടെ ചെറിയ അത്യാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഗ്രാമീണ ജനതയെ ഏറെ സഹായിച്ചിരുന്ന സഹകരണ മേഖലയില്‍ നോട്ട് അസാധുവാക്കി കൊണ്ടുള്ള തീരുമാനം വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് അനുമതിയില്ലെന്ന റിസര്‍വ് ബാങ്കിന്റെ ഉത്തരവു കൂടി വന്നപ്പോള്‍ സഹകരണ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പഴയ നോട്ടുകള്‍ ഇനി സ്വീകരിക്കാനും പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ഇതു പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വിലയിരുത്തല്‍. ജനങ്ങള്‍ക്ക് എല്ലാ കാലത്തും ആശ്രയിക്കാവുന്ന സഹകരണ മേഖലയെ പിന്തള്ളുകയെന്നാല്‍ അത് സാധാരണക്കരാന് നല്‍കുന്ന പ്രഹരമാണെന്നാണ് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്റെ പ്രതികരണം.

500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിലൂടെ നേരിടുന്ന പ്രതിസന്ധികള്‍ക്കു പുറമെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും നവംബര്‍ 10 മുതല്‍ 14 വരെ കാര്യങ്ങള്‍ വലിയ പ്രശ്‌നമില്ലാതെ തള്ളിനീക്കാന്‍ സാധിച്ചിരുന്നതായും പുരുഷോത്തമന്‍ വ്യക്തമാക്കി. എന്തിനും ഏതിനും സാധാരണക്കാരന്‍ എപ്പോഴും ആശ്രയിക്കുന്ന സഹകരണ മേഖലയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ കാര്യങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് അപ്പുറമാകുമെന്ന കാര്യത്തില്‍ സംശയമില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്തുശതമാനം പലിശക്ക് മുഖ്യധാരാ ബാങ്കുകള്‍ വായ്പ കൊടുക്കുമ്പോള്‍ പതിനഞ്ചോ പതിനാറോ ശതമാനം പലിശ നിരക്കിലാണ് സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. എങ്കിലും എന്തുകൊണ്ടാണ് ഇത്രയധികം സാമാന്യമനുഷ്യര്‍ സഹകരണബാങ്കുകളെ ആശ്രയിക്കുന്നത് പ്രാപ്യത (Accessibiltiy) എന്ന കാരണത്താലാണ്.

മറ്റു സംസ്ഥാനങ്ങളെക്കാളും സഹകരണ മേഖലയില്‍ മികച്ചതും സുതാര്യവുമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യം നേരിടുന്ന ഈ സാമ്പത്തിക പ്രതിസന്ധില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടും അവര്‍ ഒഴിവാക്കപ്പെടുകയാണ്. ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ല എന്നു പറയുന്നതിലെ ഔചിത്യം ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ലെന്നും എം പുരുഷോത്തമന്‍ പറഞ്ഞു. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിക്കപ്പെടുന്നു എന്നു പറയുന്നതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്. അവ അന്വേഷിക്കേണ്ടതും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതും അത്യാവശ്യം തന്നെ. എന്നു കരുതി സഹകരണമേഖലയിലെ എല്ലാ ബാങ്കുകളേയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരിച്ചറിയല്‍ രേഖകളോടെ തന്നെയാണ് സഹകരണ സംഘങ്ങള്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്.

സഹകരണമേഖലയോടുള്ള ഈ അവഗണന കണക്കിലെടുത്താണ് സഹകരണ പ്രസ്ഥാനങ്ങള്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്ല്യാണം പോലുള്ള ആവശ്യങ്ങള്‍ക്കു വേണ്ടി ജനം ഓടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് കീഴത്തടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് (കിസ്‌കോ) അധ്യക്ഷന്‍ ജോര്‍ജ് സി കാപ്പന്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പണ പ്രതിസന്ധി പരിഹരിക്കുന്നതിന് സഹകരണ ബാങ്കുകളെ പ്രയോജനപ്പെടുത്തുന്നതിനു പകരം സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത് അപകടകരമാണെന്നും ഭൂരിഭാഗം വരുന്ന ജനവിഭാഗത്തിന്റെ ആശ്രയ കേന്ദ്രമായ സഹകരണ സംഘങ്ങള്‍ക്കെതിരെയുള്ള നീക്കത്തില്‍ ഖേദമുണ്ടെന്നും ജോര്‍ജ് സി കാപ്പന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് പണം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ കാരണം പ്രതികൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*