പഴയ നോട്ട് സ്വീകരിക്കാന്‍ അനുമതി തേടി എന്‍ബിഎഫ്‌സികള്‍

പഴയ നോട്ട് സ്വീകരിക്കാന്‍  അനുമതി  തേടി എന്‍ബിഎഫ്‌സികള്‍

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിന്റെ പരിണിത ഫലങ്ങളെ നേരിടാന്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങ(നൊണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനി, എന്‍ബിഎഫ്‌സി)ളുടെ അക്ഷീണ പരിശ്രമം. അതിന്റെ ഭാഗമായി പഴയ 500, 1000 നോട്ടുകള്‍ ഡിസംബര്‍ 30വരെ സ്വീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അവര്‍ ആര്‍ബിഐക്ക് നിവേദനം നല്‍കി. പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കാന്‍ ബാങ്കുകളെ ആര്‍ബിഐ അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ബിഎഫ്‌സികളും ഇളവ് ആവശ്യപ്പെടുന്നത്.
നോട്ട് നിരോധനം വായ്പാ തിരിച്ചടവുകളെ ബാധിക്കുമെന്നാണ് എന്‍ബിഎഫ്‌സികളുടെ ഭയം. വായ്പാ കുടിശ്ശിക വന്നാല്‍ ആസ്തി മൂല്യത്തില്‍ സമ്മര്‍ദ്ദമുണ്ടാവുമെന്നും അവര്‍ വിലയിരുത്തുന്നു.
വായ്പയെടുത്തവരുടെ തൊഴിലുകളുടെയും തിരിച്ചടവിന്റെയും സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ ലഭിക്കുന്ന നോട്ടുകള്‍ സ്വീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രശ്‌നം സങ്കീര്‍ണമാകും. വായ്പാ കുടിശ്ശികകള്‍ തീര്‍ക്കാന്‍ ഇടപാടുകാര്‍ പിന്നീട് ഏറെ ബുദ്ധിമുട്ടും അനുഭവിക്കും- എന്‍ബിഎഫ്‌സികള്‍ നിവേദനത്തില്‍ വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ ഇടപാടുകാര്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കുമിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും അതു പരിഹരിക്കണമെന്നും നിവേദനത്തില്‍ അവര്‍ അഭ്യര്‍ത്ഥിച്ചു.
ഭൂരിഭാഗം എന്‍ബിഎഫ്‌സികളും ഉപ നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. വാഹന ഉടമകള്‍, കര്‍ഷകര്‍, ഉപകരണങ്ങള്‍ വാടകയ്‌ക്കെടുക്കുന്നവര്‍, ചെറുകിട, ഇടത്തരം വ്യവസായികള്‍, ചെറുകിട വ്യാപാരികള്‍ എന്നിവര്‍ എന്‍ബിഎഫ്‌സികളുടെ പ്രധാന ഇടപാടുകാരില്‍പ്പെടുന്നു. ദിവസേന നോട്ടുകളുടെ രൂപത്തിലാണ് അവര്‍ ലോണ്‍ തിരിച്ചടയ്ക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പണം കളക്റ്റ് ചെയ്യുന്നതിന് എന്‍ബിഎഫ്‌സികള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ് അടുത്തകാലത്തായി വന്‍ അഭിവൃദ്ധിയിലേക്ക് നീങ്ങിയിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷം അവ 15.5 ശതമാനം വായ്പാ വളര്‍ച്ച രേഖപ്പെടുത്തി. ലോണ്‍ ബുക്കിന്റെ വളര്‍ച്ചയുടെ (10 ശതമാനം) കാര്യത്തില്‍ ബാങ്കുകളെ എന്‍ബിഎഫ്‌സികള്‍ കടത്തിവെട്ടുകയും ചെയ്തു. ഇത്തമൊരു അനുകൂല പരിതസ്ഥിതികള്‍ക്കിടയിലാണ് എന്‍ബിഎഫ്‌സികളെ പിന്നോട്ടടിച്ച് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നത്.

Comments

comments

Categories: Slider, Top Stories

Related Articles