യന്ത്രനെയ്ത്ത് മേഖലയെ തുണയ്ക്കാന്‍ കേന്ദ്രം

യന്ത്രനെയ്ത്ത് മേഖലയെ തുണയ്ക്കാന്‍ കേന്ദ്രം

ന്യൂഡെല്‍ഹി: യന്ത്രനെയ്ത്ത് ശാലകളുടെ നിലവാരം ഉയര്‍ത്തുക ലക്ഷ്യമിട്ട് നികുതി ഇളവുകളും വിപണി പിന്തുണയും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സാമൂഹ്യ ക്ഷേമ പദ്ധതികള്‍, ഇന്‍ഷുറന്‍സ്, യന്ത്രത്തറികളുടെ ക്ലസ്റ്റര്‍ വികസനം തുടങ്ങിയ നടപടികള്‍ പാക്കേജിലുണ്ട്. താഴ്ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രയിലേയും ഗുജറാത്തിലേയും യന്ത്രത്തറികള്‍ക്കാണ് പാക്കേജില്‍ മുന്തിയ പരിഗണന.

ടെക്‌സ്റ്റൈല്‍ അനുബന്ധ മേഖലയ്ക്ക് നല്‍കുന്ന രണ്ടാമത്തെ ആനുകൂല്യമാണിത്. ജൂണില്‍ ടെക്‌സ്റ്റൈല്‍ വ്യവസായത്തിന് 6,500 കോടി രൂപയുടെ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 25 ലക്ഷത്തോളമുള്ള യന്ത്രത്തറികളില്‍ 2 ലക്ഷത്തില്‍ താഴെ മാത്രമെ സാങ്കേതികമായി നവീകരിച്ചിട്ടുള്ളു.
ആനുകൂല്യങ്ങളിലൂടെയും സാമൂഹിക സുരക്ഷാ പദ്ധതികളിലൂടെയും യന്ത്രത്തറി നെയ്ത്തുകാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വേണ്ടത്ര പ്രവര്‍ത്തന മൂലധനമില്ലാത്തത്തിനാല്‍ യന്ത്രനെയ്ത്തുകാര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങളും വായ്പയും ആവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞു.
രാജ്യത്തെ യന്ത്രനെയ്ത്ത് മേഖലയില്‍ ഏകദേശം 65 ലക്ഷം തൊഴിലാളികളുണ്ട്. യന്ത്രനെയ്ത്തിന്റെ ചെലവ് വളരെ കൂടുതലായതിനാല്‍ നികുതി ഇളവുകളും വിപണി പിന്തുണയും ആവശ്യമാണ്.
പുതിയ ഷട്ടില്‍ലെസ് ലൂമ്‌സുകള്‍ (നവീന നെയ്ത്തുയന്ത്രങ്ങള്‍) സ്ഥാപിക്കുന്നതിനുവേണ്ടി യൂണിറ്റുകള്‍ക്ക് മൂലധന ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ യന്ത്രത്തറികളുടെ നവീകരണത്തിന് ഒരു യൂണിറ്റിന് 15,000 രൂപ എന്ന കണക്കില്‍ സബ്‌സിഡിയും നല്‍കുന്നു. ഇതുകൂടാതെ മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി (മുദ്ര)യിലൂടെ വായ്പയും അനുവദിച്ചേക്കും.
ടെക്‌സ്റ്റൈല്‍ വ്യവസായത്തിലെ ജോലികളില്‍ 70 ശതമാനവും യന്ത്രനെയ്ത്തുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ ഈ മേഖല സാമ്പത്തിക പിന്തുണ അര്‍ഹിക്കുന്നുണ്ട്. ഗാര്‍മെന്റ് രംഗത്തും സമാന സഹായ പദ്ധതി കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കും- വ്യവസായ പ്രതിനിധികള്‍ അറിയിച്ചു.

Comments

comments

Categories: Business & Economy