കല്‍ക്കരി ലേലം: പ്രതീക്ഷിച്ചതിനെക്കാള്‍ നേട്ടം കൊയ്ത് കോള്‍ ഇന്ത്യ

കല്‍ക്കരി ലേലം: പ്രതീക്ഷിച്ചതിനെക്കാള്‍  നേട്ടം കൊയ്ത് കോള്‍ ഇന്ത്യ

കൊല്‍ക്കത്ത: പൊതു മേഖലാ ഖനന കമ്പനിയായ കോള്‍ ഇന്ത്യ(സിഐഎല്‍) സംഘടിപ്പിച്ച ഇ-ലേലത്തില്‍ അടിസ്ഥാന വിലയെക്കാള്‍ 20 ശതമാനം അധിക തുകയ്ക്ക് ഊര്‍ജ്ജേതര കമ്പനികള്‍ കല്‍ക്കരി വാങ്ങി. ഏഴു മില്ല്യണ്‍ ടണ്‍ കല്‍ക്കരി (ലേലത്തില്‍ വച്ചതിന്റെ 35 ശതമാനം)യാണ് വിറ്റുപോയത്. കോള്‍ ഇന്ത്യയുടെ വിതരണ ചുമതലയുള്ളതും ഇല്ലാത്തതുമായ വ്യാപാരികളെയും ഊര്‍ജ്ജ ഉല്‍പ്പാദകരെയും ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നു.
കൂടുതല്‍ കല്‍ക്കരിയും അടിസ്ഥാന വിലയ്ക്കാണ് വിറ്റത്. ഇതുവരെ ഏഴു മില്ല്യണ്‍ ടണ്‍ വില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇ- ലേലം ഇപ്പോഴും തുടരുന്നു. ആകെയുള്ള 20 മില്ല്യണ്‍ ടണ്ണും എത്രയും വേഗം വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്- കോള്‍ ഇന്ത്യയുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ ഏഴുമാസത്തില്‍ തത്സമയ ഇ-ലേലത്തിലൂടെയും അല്ലാതെയും കോള്‍ ഇന്ത്യ ഏകദേശം 70 മില്ല്യണ്‍ ടണ്‍ കല്‍ക്കരി വിറ്റഴിച്ചുകഴിഞ്ഞു. അഞ്ചു മാസത്തിനുള്ളില്‍ 50 മില്ല്യണ്‍ ടണ്‍ കൂടി വില്‍ക്കാനാണ് കമ്പനിയുടെ പദ്ധതി.
കമ്പനിയുമായി വിതരണ കരാറുള്ള ഊര്‍ജ്ജ ഉല്‍പ്പാദകരെയാണ് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുക. അതിനുശേഷം മാത്രമേ കല്‍ക്കരി ലേലം നടത്തുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി.
കോള്‍ ഇന്ത്യയുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും ഇ-ലേലത്തിലൂടെ ലഭിക്കുന്നതാണ്. ഊര്‍ജ്ജ- ഊര്‍ജ്ജേതര ഉപഭോക്താക്കള്‍ക്കായി നിശ്ചയിച്ചതിനേക്കാള്‍ അധിക വില ഇതിലൂടെ നേടിയെടുക്കാനാവുമെന്നതാണ് പ്രത്യേകത.

2015-16 കാലയളവില്‍ കമ്പനി 538.75 മില്ല്യണ്‍ ടണ്‍ കല്‍ക്കരിയാണ് ഉല്‍പ്പാദിപ്പിച്ചത്.
ആഗോള കല്‍ക്കരി വിലയില്‍ ഇടിവുണ്ടായതിനാല്‍ ഇ-ലേലത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇ-ലേലത്തിലെ ശരാശരി വരുമാനം ടണ്ണിന് 28 ശതമാനം താഴ്ന്ന് 1,570 രൂപയിലെത്തുകയുണ്ടായി. മുന്‍വര്‍ഷം ഇതേ പാദത്തിലിത് 2,184 രൂപയായിരുന്നു. അധികം കല്‍ക്കരി വിറ്റുപോയിട്ടും ഇക്കുറി ലേലത്തില്‍ നിന്നുള്ള വരുമാനമുയര്‍ന്നില്ല. എന്നാല്‍ രണ്ടാം പാദത്തില്‍ അന്താരാഷ്ട്ര തലത്തിലെ കല്‍ക്കരി വില മെച്ചപ്പെട്ടുകഴിഞ്ഞു. ലേലത്തിലൂടെ മികച്ച നേട്ടമുണ്ടാക്കാന്‍ കോള്‍ ഇന്ത്യയെ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം, ആവശ്യത്തിന് കല്‍ക്കരി ശേഖരമുള്ളത് ഇ-ലേലത്തിലെ വില കുറയ്ക്കാന്‍ പ്രേരിപ്പിച്ചേക്കുമെന്നും കണക്കുകൂട്ടപ്പെടുന്നു.

Comments

comments

Categories: Branding, Slider