സ്വതന്ത്ര വ്യാപാരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് എപെക് ഉച്ചകോടി

സ്വതന്ത്ര വ്യാപാരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് എപെക് ഉച്ചകോടി

 

ലിമ: ഏഷ്യ-പസഫിക് രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹകരണ കൂട്ടായ്മയുടെ (എപെക്) ലീഡേഴ്‌സ് വീക്ക് ആരംഭിച്ചു. അമേരിക്കന്‍ പിന്തുണയില്ലെങ്കിലും സ്വതന്ത്ര വ്യാപാര നയവുമായി മുന്നോട്ടുപോകുമെന്ന് കൂട്ടായ്മയ്ക്കുകീഴിലെ ബിസിനസ് ഉപദേശക സമിതി യോഗം പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വതന്ത്രവ്യാപാര നയത്തില്‍ തിരുത്തലുകള്‍ വരുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

ട്രംപിന്റെ നയപരിപാടികളില്‍ ആശങ്കയുണ്ടെങ്കിലും വ്യാപാര ഉദാരീകരണവും സ്വതന്ത്ര വ്യാപാര കരാറുമായി മുന്നോട്ടുപോകുമെന്ന് ബിസിനസ് ഉപദേശക സമിതി ചെയര്‍മാന്‍ യുവാന്‍ ഫ്രാന്‍സിസ്‌കോ റാഫോ വ്യക്തമാക്കി. താല്‍പ്പര്യമില്ലാത്തവര്‍ക്ക് കൂട്ടായ്മയില്‍നിന്ന് പുറത്തുപോകാമെന്നും അദ്ദേഹം പറഞ്ഞു.

ട്രാന്‍സ്-പസഫിക് കരാറില്‍നിന്നോ മറ്റേതെങ്കിലും കരാറില്‍നിന്നോ അമേരിക്ക പിന്‍മാറുകയാണെങ്കിലും സ്വതന്ത്ര വ്യാപാര കരാറുകളുമായി മറ്റുരാജ്യങ്ങള്‍ സഹകരിച്ച് മുന്നോട്ടുപോകുമെന്നും റാഫോ വ്യക്തമാക്കി. വ്യാപാര ഉദാരീകരണ കരാറുകള്‍ അംഗീകരിക്കാനുള്ള ചൈനയുടെ തീരുമാനത്തെ അഭിനന്ദിച്ച അദ്ദേഹം ഇത് നല്ല വാര്‍ത്തയാണെന്നും അഭിപ്രായപ്പെട്ടു.

പെറു തലസ്ഥാനമായ ലിമയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബിസിനസ് യോഗങ്ങള്‍, വിദഗ്ധരും മന്ത്രിമാരുമായും ചര്‍ച്ചകള്‍, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗുമായി സംഭാഷണം എന്നിവയാണ് തീരുമാനിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയായ എപെക്കില്‍ പസഫിക് സമുദ്രവുമായി അതിര്‍ത്തി പങ്കിടുന്ന 21 അംഗങ്ങളാണുള്ളത്.

Comments

comments

Categories: Slider, Top Stories