കര്‍ണാടകയില്‍ വനിതാ പാര്‍ക്കുകള്‍ രൂപീകരിക്കുന്നു

കര്‍ണാടകയില്‍ വനിതാ പാര്‍ക്കുകള്‍ രൂപീകരിക്കുന്നു

 

ബെംഗളൂരു: വനിതാ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ 30 ജില്ലകളിലും വനിതാ പാര്‍ക്ക് ആരംഭിക്കാന്‍ പദ്ധതിയിടുന്നു. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ വനിതാ സംരംഭകര്‍ക്ക് അവസരം നല്‍കുകയാണെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞ്ഞു. ഇതുവഴി അവര്‍ക്ക് സ്വന്തമായി സംരംഭങ്ങളില്‍ അടിത്തറയുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവില്‍ ‘തിങ്ക്ബിഗ് 2016’ എന്ന ദ്വിദിന വനിതാ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ പുതിയ സ്റ്റാര്‍ട്ടപ്പ് നയത്തില്‍ വനിതാ സംരംഭകര്‍ക്ക് വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ആദ്യത്തെ വനിതാ പാര്‍ക്ക് ബെംഗലൂരുവിനടുത്ത് ഹരോഹല്ലിയില്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കര്‍ണാടക സര്‍ക്കാരും ഏഷ്യയിലെ ഏറ്റവും വലിയ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോമായ വികണക്റ്റ് ഇന്റര്‍നാഷണലും ചേര്‍ന്ന് സംഘടിപ്പിച്ച ഉച്ചകോടിയില്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുമുള്ള 2,000 റോളം പ്രതിനിധികലും 300 ഇന്‍ഡസ്ട്രി ലീഡര്‍മാരും 400 റോളം സംഘടനകളും പങ്കെടുത്തു. വനിതാ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുകയും അവരുടെ ബിസിനസുകളെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുകയു ചെയ്യുന്ന ആഗോള നെറ്റ്‌വര്‍ക്കാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വികണക്റ്റ്. എംഎസ്എംഇയുടെ നാലാമത് സെന്‍സസ് അനുസരിച്ച് കര്‍ണാടക, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് രാജ്യത്തെ വനിതാ സംരംഭകത്വ ബിസിനസിന്റെ 51.9 ശതമാനവും ഉള്ളത്.

Comments

comments

Categories: Women