ലോകകപ്പ് യോഗ്യത: ബെല്‍ജിയം, ഹോളണ്ട്, പോര്‍ചുഗല്‍ ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം

ലോകകപ്പ് യോഗ്യത:  ബെല്‍ജിയം, ഹോളണ്ട്, പോര്‍ചുഗല്‍ ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം

 

ഫാരോ: യൂറോപ്യന്‍ മേഖലാ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ഹോളണ്ട്, പോര്‍ചുഗല്‍, ബെല്‍ജിയം, ഹംഗറി, സ്വിറ്റ്‌സര്‍ലാന്‍ഡ്, സൈപ്രസ്, ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം.

ഗ്രൂപ്പ് എയില്‍ ലക്‌സംബര്‍ഗിനെയാണ് ഹോളണ്ട് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഹോളണ്ടിന്റെ ജയം. 36-ാം മിനുറ്റില്‍ ആര്യന്‍ റോബനിലൂടെ ഹോളണ്ട് മുന്നിലെത്തി. എന്നാല്‍ 44-ാം മിനുറ്റില്‍ മാക്‌സിംഗ് ഷാനോട്ട് പെനാല്‍റ്റിയിലൂടെ ലക്‌സംബര്‍ഗിനെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് 58, 84 മിനുറ്റുകളില്‍ എംഫിസ് ഡെപെ ഇരട്ട ഗോളുകള്‍ സ്വന്തമാക്കി ഹോളണ്ടിന് വിജയം സമ്മാനിക്കുകയായിരുന്നു.

ഗ്രൂപ്പ് എയില്‍ ഹോളണ്ട് രണ്ടാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ നിന്നും ഏഴ് പോയിന്റാണ് ഹോളണ്ടിന്റെ സമ്പാദ്യം. പത്ത് പോയിന്റുള്ള ഫ്രാന്‍സാണ് ഗ്രൂപ്പില്‍ ഒന്നാമത്. നാല് കളികളില്‍ നിന്നും ഒരു പോയിന്റ് മാത്രമുള്ള ലക്‌സംബര്‍ഗ് അവസാന സ്ഥാനത്താണ്. ഐവ്‌ലിന്‍ പൊപോവായുടെ ഏകഗോളിലൂടെ ബെലറൂസിനെ പരാജയപ്പെടുത്തിയ ബള്‍ഗേറിയയാണ് ഗ്രൂപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാമത്.

ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്ക് എസ്‌റ്റോണിയക്കെതിരെയായിരുന്നു ബെല്‍ജിയത്തിന്റെ ജയം. മെര്‍ട്ടന്‍സ്, ലുക്കാക്കു എന്നിവര്‍ ഡബിളും തോമസ് മ്യൂനിയര്‍, ഈഡന്‍ ഹസാര്‍ഡ്, യാനിക് കാരാസ്‌കോ എന്നീ താരങ്ങള്‍ ഓരോ ഗോള്‍ വീതവും ബെല്‍ജിയത്തിനായി നേടി. ഒരെണ്ണം എസ്‌റ്റോണിയയുടെ ക്ലാവനില്‍ നിന്നുണ്ടായ സെല്‍ഫ് ഗോളായിരുന്നു.

ഹെന്റി അനിയറാണ് എസ്‌റ്റോണിയയുടെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ ബെല്‍ജിയം ഗ്രൂപ്പില്‍ ഒന്നാമതെത്തി. നാല് മത്സരങ്ങളില്‍ നിന്നും 12 പോയിന്റാണ് ബെല്‍ജിയത്തിനുള്ളത്. സെല്‍ഫ് ഗോള്‍ വഴങ്ങി ബോസ്‌നിയയോട് 1-1ന്റെ സമനില പാലിച്ച ഗ്രീസാണ് ഗ്രൂപ്പില്‍ രണ്ടാമത്. 33-ാം മിനുറ്റില്‍ കാര്‍നെസിലൂടെ സെല്‍ഫ് ഗോള്‍ വന്നെങ്കിലും ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനുറ്റില്‍ സാവെല്ലസ് ഗ്രീസിനെ രക്ഷപ്പെടുത്തി.

ഗ്രൂപ്പ് ബിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലാറ്റ്‌വിയയെയാണ് തകര്‍ത്തത്. 28, 85 മിനുറ്റുകളിലായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോളുകള്‍. 85-ാം മിനുറ്റില്‍ നേടിയ ഗോള്‍ പെനാല്‍റ്റിയിലൂടെയാണ്. 70, 92 മിനുറ്റുകളില്‍ യഥാക്രമം വില്യം, ആല്‍വസ് എന്നിവരും പോര്‍ചുഗലിനായി വലകുലുക്കി.

അറുപത്തേഴാം മിനുറ്റില്‍ ആര്‍തുര്‍സ് യുസിന്‍സാണ് ലാറ്റ്‌വിയയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. നാല് മത്സരങ്ങളില്‍ നിന്നും ഒന്‍പത് പോയിന്റുള്ള പോര്‍ചുഗല്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്താണ്. ഫെറോ ദ്വീപുകളെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മറികടന്ന സ്വിറ്റ്‌സര്‍ലാന്‍ഡാണ് ഒന്നാമത്. 12 പോയിന്റാണ് പോര്‍ചുഗലിനുള്ളത്.

ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ അന്‍ഡോറയെയാണ് ഹംഗറി മറികടന്നത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഹംഗറിയുടെ ജയം. 33, 43, 73, 88 മിനുറ്റുകളില്‍ യഥാക്രമം ഗെര, ആദം ലാംഗ്, ആഡം ഗ്യുര്‍സ്‌കോ, ആദം സലായ് എന്നിവരാണ് ഹംഗറിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. നാല് കളികളില്‍ നിന്നും ഏഴ് പോയിന്റുമായി ഹംഗറി ഗ്രൂപ്പില്‍ മൂന്നാമതാണ്. നാല് കളിയും തോറ്റ അന്‍ഡോറ അവസാന സ്ഥാനത്തും.

Comments

comments

Categories: Sports