പ്രൊമോട്ടര്‍മാരും സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും തമ്മിലുള്ള ലാഭം പങ്കിടല്‍ കരാറുകള്‍ക്കെതിരെ സെബി

പ്രൊമോട്ടര്‍മാരും സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും തമ്മിലുള്ള ലാഭം പങ്കിടല്‍ കരാറുകള്‍ക്കെതിരെ സെബി

ന്യൂഡെല്‍ഹി : പ്രൊമോട്ടര്‍മാരും സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളും തമ്മിലുള്ള ലാഭം പങ്കിടല്‍ കരാറുകള്‍ സംബന്ധിച്ച കോര്‍പ്പറേറ്റ് ഭരണ നിയമങ്ങള്‍ കര്‍ക്കശമാക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഒരുങ്ങുന്നു.

ഏയ്ഞ്ചല്‍ ഫണ്ടുകളുടെ മിനിമം നിക്ഷേപ പരിധി വെട്ടിക്കുറയ്ക്കല്‍, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് ലിസ്റ്റ് ചെയ്യാത്ത നോണ്‍കണ്‍വെര്‍ട്ടിബിള്‍ കടപ്പത്രങ്ങളും സെക്യൂരിറ്റൈസ്ഡ് ഡെറ്റ് ഇന്‍സ്ട്രുമെന്റ്‌സും വാങ്ങുന്നതിന് അനുമതി നല്‍കല്‍ തുടങ്ങിയ കാര്യങ്ങളും ഈ മാസം 23 ന് യോഗം ചേരുന്ന സെബി യോഗം ചര്‍ച്ച ചെയ്യും. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളുമായി തങ്ങളുടെ നിയമങ്ങള്‍ ഒത്തുപോകുന്നതിനാണ് സെബി ശ്രമിക്കുന്നത്.

കമ്പനി ബോര്‍ഡില്‍നിന്നും ഓഹരി ഉടമകളില്‍നിന്നും അനുമതി ലഭിച്ചെങ്കില്‍ മാത്രമേ ഇനി മുതല്‍ കമ്പനി പ്രൊമോട്ടര്‍മാര്‍ക്ക് പ്രത്യേക ലാഭം പങ്കിടല്‍ കരാറുകളിലേര്‍പ്പെടാന്‍ കഴിയൂ. ചില ലിസ്റ്റഡ് കമ്പനികള്‍ നടത്തിയ ഇത്തരം കരാറുകളെ സെബി അംഗീകരിക്കില്ലെന്നാണ് സൂചന.

സ്വകാര്യ ഇക്വിറ്റി കമ്പനികള്‍ ലിസ്റ്റഡ് കമ്പനികളിലെ പ്രധാന ഉദ്യോഗസ്ഥരുമായി ധാരണകള്‍ ഉണ്ടാക്കിയതായി കഴിഞ്ഞ മാസം സെബിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സ്വകാര്യ ഇക്വിറ്റി കമ്പനികള്‍ ഓഹരി വില്‍പ്പനയില്‍നിന്നുള്ള നേട്ടത്തിന്റെ ഒരു പങ്ക് സീനിയര്‍ മാനേജ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു.

ഓഹരി ഉടമകളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരും ലിസ്റ്റഡ് കമ്പനിയുടെ പ്രൊമോട്ടറും തമ്മില്‍ ഇത്തരം കരാറുകള്‍ ഒപ്പുവെക്കുന്നത് വിപണിയില്‍ ആശങ്കകള്‍ക്കും മറ്റും ഇടയാക്കുമെന്നാണ് സെബി നിരീക്ഷിക്കുന്നത്.

Comments

comments

Categories: Slider, Top Stories

Related Articles