റോട്ടറി ഫൗണ്ടേഷന്‍ ശതാബ്ദി ആഘോഷങ്ങള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

റോട്ടറി ഫൗണ്ടേഷന്‍ ശതാബ്ദി ആഘോഷങ്ങള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

 

കൊച്ചി: ഭിന്നശേഷിക്കാരായ യുവാക്കള്‍ക്ക് ഐടി മേഖലയില്‍ ലളിതമായ ജോലികള്‍ ചെയ്യാന്‍ സഹായകമാകുന്ന വിധത്തില്‍ അവരെ ഡിജിറ്റല്‍ രംഗത്ത് ശാക്തീകരിക്കാന്‍ റോട്ടറി ക്ലബ് പദ്ധതി ആവിഷ്‌കരിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. നൂറു വര്‍ഷം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസേവന സംഘടനയായ ദി റോട്ടറി ഫൗണ്ടേഷന്റെ ശതാബ്ദി ആഘോഷങ്ങള്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐടി മേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് അവസരം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു പദ്ധതി ഏറെ ഉപകാരപ്രദമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആഗോളതലത്തില്‍ പോളിയോ നിര്‍മാര്‍ജനം ഉള്‍പ്പെടെ മാനവികതയ്ക്ക് റോട്ടറി പ്രസ്ഥാനം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ഇത് ഏതൊരു സര്‍ക്കാരിനും ചെയ്യാവുന്നതിലുമപ്പുറമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

കോയമ്പത്തൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി എന്നീ അഞ്ച് റവന്യൂ ജില്ലകളുള്‍പ്പെട്ട റോട്ടറി ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്റ്റ് 3201 ആണ് ശതപ്രഭ എന്ന് നാമകരണം ചെയ്തിരിക്കുന്ന ശതാബ്ദി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ശതാബ്ദിവര്‍ഷത്തിന്റെ ഭാഗമായി ഡിസ്ട്രിക്റ്റ് 3201 നടപ്പാക്കുന്ന 17 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്തനാര്‍ബുദം കണ്ടെത്തുന്നതിനായുള്ള അത്യാധുനിക ഡിജിറ്റല്‍ മാമോഗ്രാം കാരവന്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ 100 കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയകള്‍, എറണാകുളം ജനറല്‍ ആശുപത്രിയിലേക്കുള്ള അത്യന്താധുനിക 16 സ്ലൈസ് സിടി സ്‌കാനര്‍ എന്നീ ശതാബ്ദിവര്‍ഷ സേവനപദ്ധതികള്‍ പി സദാശിവം ചടങ്ങില്‍ അവതരിപ്പിച്ചു.

എറണാകുളം കലൂരിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ദി റോട്ടറി ഫൗണ്ടേഷന്‍ ട്രസ്റ്റി ചെയര്‍ കല്യാണ്‍ ബാനര്‍ജി മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ഫൗണ്ടേഷന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡിസ്ട്രിക്റ്റ് 3201 നടപ്പാക്കുന്ന സേവനപദ്ധതികളില്‍ പങ്കാളികളായ കൊച്ചിയിലെ അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കോയമ്പത്തൂരിലെ ശങ്കരാ നേത്രാലയം, എറണാകുളം ജനറല്‍ ആശുപത്രി, കാന്‍ കെയര്‍ എന്നിവയുമായുള്ള ധാരണാപത്രം കല്യാണ്‍ ബാനര്‍ജി ചടങ്ങില്‍ കൈമാറി.

പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ റോട്ടറി ഫൗണ്ടേഷന്റെ പരമോന്നത ബഹുമതിയായ ആര്‍ച്ച് ക്ലംഫ് സൊസൈറ്റി അംഗത്വം നല്‍കി ആദരിച്ചു. റോട്ടറി ഇന്റര്‍നാഷണല്‍ നിയുക്ത ഡയറക്റ്റര്‍ സി ഭാസ്‌കര്‍, റീജിയണല്‍ റോട്ടറി ഫൗണ്ടേഷന്‍ ചെയര്‍ രാജ ശ്രീനിവാസന്‍, അസിസ്റ്റന്റ് റീജിയണല്‍ ഫൗണ്ടേഷന്‍ ചെയര്‍ ബേബി ജോസഫ്, ഡിസ്ട്രിക്റ്റ് ഫൗണ്ടേഷന്‍ ചെയര്‍ ആര്‍ ജയശങ്കര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ച ചടങ്ങില്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ആയിരത്തി അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

Comments

comments

Categories: Branding