ഭട്ടിന്‍ഡയില്‍ ഏഴ് റെയില്‍വേ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

ഭട്ടിന്‍ഡയില്‍ ഏഴ് റെയില്‍വേ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

 

ഭട്ടിന്‍ഡ: ഭട്ടിന്‍ഡയില്‍ ഏഴ് റെയില്‍വേ പദ്ധതികള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു തുടക്കം കുറിച്ചു. ഭട്ടിന്‍ഡ-രാജ്പുര 172 കിമീ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയുടെ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചാണ് മന്ത്രിപുതുയ പദ്ധതികളുടെ പ്രവര്‍ത്തനം കുറിച്ചത്. 1,720 കോടി രൂപയാണ് പദ്ധതികള്‍ക്കായ വകയിരുത്തിയിട്ടുള്ളത്. മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയ്ന്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു. തേജസ്, ഹംസഫര്‍ എന്നീ രണ്ട് അതിവേഗ ട്രെയിനുകളാണ് പഞ്ചാബിലൂടെ ഡെല്‍ഹി വരെ സര്‍വീസ് നടത്തുക. നിലവിലുള്ള വിവിധ റൂട്ടുകള്‍ വഴി ഈ സര്‍വീസുകള്‍ പഞ്ചാബിലെത്തുമെന്നും മന്ത്രി അറിയിച്ചു.

ഇതിനു പുറമെ രാജ്യത്തെ പിന്നേക്കാവസ്ഥയിലുള്ള സംസ്ഥാനങ്ങളെ പരിഗണിച്ചുകൊണ്ടുള്ള അന്ത്യോദയ, ഉദയ് എന്നീ ട്രെയിനുകള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നും സുരേഷ് പ്രഭു അറിയിച്ചിട്ടുണ്ട്. നിശ്ചയിച്ച റൂട്ടില്‍ നിന്നും രാത്രി യാത്ര തിരിക്കുന്ന ഈ ട്രെയിനുകള്‍ പുലര്‍ച്ചെയോടെയായിരിക്കും അവസാന സ്‌റ്റേഷനില്‍ എത്തിച്ചേരുക. പഞ്ചാബില്‍ നിന്നും പാറ്റ്‌ന സാഹിബിലേക്കുള്ള പ്രത്യേക സര്‍വീസും മന്ത്രി പ്രഖ്യാപിച്ചു. പത്താമത് സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗിന്റെ 350ാം ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് പ്രത്യേക സര്‍വീസ് ആരംഭിക്കുന്നത്.
വിവിധ പദ്ധതികളുടെ നടത്തിപ്പിന് റെയില്‍വേക്കും സംസ്ഥാന സര്‍ക്കാരുനും തുല്യ പങ്കാളിത്തമുള്ള കമ്പനിരൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ (എസ്പിവി) സംവിധാനത്തിലൂടെ സ്വകാര്യ മേഖലയെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി പൂര്‍ത്തീകരിക്കുക. ഇത്തരത്തില്‍ എസ്പിവി ആവിഷ്‌കരിക്കുന്നതിന് ഇതിനോടകം തന്നെ രാജ്യത്തെ 11 സംസ്ഥാനങ്ങള്‍ സമ്മതമറിയിച്ചതായും എട്ട് സംസ്ഥാനങ്ങളുമായി ധാരണാപത്രം ഒപ്പുവച്ചതായും മന്ത്രി പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബജറ്റിനത്തില്‍ പഞ്ചാബ് റെയില്‍വേ ഗതാഗത വികസനത്തിനു 224 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 700 കോടി രൂപയിലെത്തിയതായും കൂടുതല്‍ നിക്ഷേപം സംസ്ഥാനത്തെ റെയില്‍വേ വികസനത്തിനു വേണ്ടി അനുവദിക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം പത്ത് മോല്‍പ്പാലങ്ങളും 78 റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമൃത്‌സറിലും ജലന്തറിലും ലോകോത്തര നിലവാരത്തിലുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രഭു കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding