‘പ്രൊജക്റ്റ് ഷൈന്‍’: നൂറ് ആദിവാസി കുട്ടികള്‍ക്ക് പരീക്ഷാ പരിശീലനം

‘പ്രൊജക്റ്റ് ഷൈന്‍’: നൂറ് ആദിവാസി കുട്ടികള്‍ക്ക് പരീക്ഷാ പരിശീലനം

അട്ടപ്പാടി: വിവിധ സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിന് ആദിവാസി കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. കഴക്കൂട്ടം സൈനിക് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് പരീക്ഷയ്ക്ക് ആത്മവിശ്വാസം പകരുന്നതിനായി പഠന പദ്ധതി ആവിഷ്‌കരിച്ചത്. 1991 ബാച്ച് വിദ്യാര്‍ത്ഥികളാണ് ‘പ്രൊജക്റ്റ് ഷൈന്‍’ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. പത്തുമാസം ദൈര്‍ഘ്യമുള്ള പരിപാടിയില്‍ 100 ഓളം ആദിവാസി കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ആണ്‍കുട്ടികള്‍ അടുത്ത വര്‍ഷത്തെ സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷയ്ക്കും പെണ്‍കുട്ടികള്‍ ജവഹര്‍ നവോദയ വിദ്യാലയങ്ങളിലെ പരീക്ഷകള്‍ക്കുമാണ് തയാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം അട്ടപ്പാടി ആദിവാസി കുടുംബങ്ങളില്‍ നിന്നുള്ള ആറ് കുട്ടികള്‍ക്ക് കഴക്കൂട്ടത്തുള്ള സൈനിക സ്‌കൂളില്‍ പ്രവേശനം ലഭിച്ചിരുന്നു. അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയിലും ഇന്റര്‍വ്യുവിലും കഴിവ് തെളിയിച്ച ശേഷമാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം 24 വിദ്യാര്‍ത്ഥികള്‍ക്ക് ആറുമാസത്തെ പരിശീലനം നല്‍കിയിരുന്നു. ഇതില്‍ 15 പേര്‍ പ്രവേശന പരീക്ഷ പാസായെന്നും ആറുപേര്‍ ഇന്റര്‍വ്യുവില്‍ വിജയിച്ചിരുന്നുവെന്നും സൈനിക് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിയായ ബാബു മാത്യു പറഞ്ഞു. തങ്ങളുടെ സഹപാഠിയായ അന്തരിച്ച പി ബേബിയുടെ ഓര്‍മ്മക്കായാണ് എല്ലാ വര്‍ഷവും പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ഭരണപരമായ പിന്തുണയും പ്രൊജക്റ്റിന് ഉറപ്പു നല്‍കിയിട്ടുണ്ട്. ആകെ ചെലവു വരുന്ന തുകയില്‍ മൂന്നിലൊന്നു ഭാഗം പട്ടികവര്‍ഗ വകുപ്പാണ് നല്‍കുന്നത്. ബാക്കി തുക സൈനിക് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥകളും കുടുംബാംഗങ്ങളുമാണ് സ്വരൂപിക്കുന്നത്.

Comments

comments

Categories: Education